Archive for January 2009

ദൈവം നമ്മുടെ പ്രാണ നാഥൻ, ഞാൻ വായിച്ചപ്പോൾ തോന്നിയത്

January 27, 2009

യ്യനാട്ടുകാരനായ ഡോ.ആർ. ഗോപീമണി കേരള കൌമുദിയിൽ എഴുതിയ ലേഖനം വായിക്കാൻ ഇടയായി അത് വ്യക്തിപരമായി എന്നിൽ ഉളവാക്കിയ ചിന്തകൾ ആണ് ഈ പോസ്റ്റിൽ എഴുതുന്നത്. അദ്ദേഹം ഒരു യുക്തിവാദി ആയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ലേഖനത്തിൽ നിന്നും മനസ്സിലാക്കൻ കഴിഞ്ഞത്. മിക്കവാറും യുക്തിവാദികൾ ജീവിതത്തിന്റെ ഒരു പരിധി കഴിയുമ്പോൾ ദൈവം എന്ന വിചാരത്തിലേയ്ക്ക് തിരിയുന്നതായി കാണുന്നു അതിനുദാഹരണമാണ് ഡോ ആർ. ഗോപീമണിയുടെ ഈ ലേഖനം.
ഒരു മഹാ സ്ഫോടനത്തിലൂടെ (big bang) നക്ഷത്രകോടികളും അവയുടെ ഗ്രഹങ്ങളും അടങ്ങുന്ന ഈ പ്രപഞ്ചം ഉണ്ടായി എന്നാണ് ശാസ്ത്രം പരിണാമം എന്നത് അതിന്റെ തുടർച്ചയും. അദ്ദേഹത്തിന്റെ ലേഖനത്തിൽ അതിന്റെ കാതലായ ഭാഗം, അദ്ദേഹം ഉൾപ്പെടുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ “ മനുഷ്യനും പ്രപഞ്ചവും “ എന്ന വിഷയത്തിൽ ശാസ്ത്ര സദസ്സുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നു, അതിൽ ഒരു സദസ്സിൽ വച്ച് സാധാരണക്കാരനായ ഒരാൾ ഒരു ചോദ്യം ചോദിച്ചു ആ ചോദ്യം ഞങ്ങളെ അമ്പരപ്പിച്ചു അത് ഇങ്ങനെ ആയിരുന്നു “ നക്ഷത്രങ്ങളും സൂര്യനും, ചന്ദ്രനും, ഭൂമിയും അതിലെ സസ്യജന്തുജാലങ്ങളും അടങ്ങുന്ന ഈ വസ്തു സഞ്ചയം മുഴുവൻ ആര് എവിടെ സൂക്ഷിച്ചിരിക്കുകയായിരുന്നു ?!“
അന്ന് ശസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രസിഡന്റ് ഡോ. എം.പി. പരമേശ്വരൻ ആയിരുന്നു. അദ്ദേഹമായിരുന്നു ഞങ്ങൾക്ക് കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാനുള്ള “വിദ്യകളും “ പഠിപ്പിച്ച് തന്നത്. അദ്ദേഹം ഈ അടിസ്ഥാന ചോദ്യത്തിന് നൽകിയ മറുപടി ഇങ്ങനെ എന്നും ലേഖകൻ പറയുന്നു “ ഇത്തരം ചോദ്യങ്ങൾ അയുക്തികമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം, കാരണം വസ്ഥുക്കളോടൊപ്പം സ്ഥലവും കാലവും ഉണ്ടായത് മഹാ സ്ഫോടനത്തോടൊപ്പമാണ്. അതുകൊണ്ട് അതിന് മുൻപ് എന്ന ചോദ്യമേ ഉദിക്കുന്നില്ല. “കാലം” തുടങ്ങിയ ശേഷം മാത്രമേ ഭൂതവും ഭാവിയും ഉണ്ടാകുന്നുള്ളു. മുയലിന് എത്ര കൊമ്പുണ്ട് എന്ന് ചോദിക്കും പോലെയാണത്!….. ഇവിടെ നിന്നും ആണ് ഡോ. ആർ. ഗോപിമണി നിരീശ്വര വാദിയിൽ അധവ അവിശ്വാസിയിൽ നിന്നും വിശ്വാസിയിലേയ്ക്കുള്ള മടക്കയാത്ര ആരംഭിക്കുന്നത്.
ഇവിടെ ഈ ചോദ്യം ഞാൻ ഒരു വിശ്വാസി എന്ന നിലയിലും അവിശ്വാസി എന്ന നിലയിലും ചോദിച്ച ചോദ്യമാണ്. മേൽ ചോദിച്ച് ചോദ്യത്തിലെ ചെറിയ ഭേദഗതി വരുത്തി എന്നു മാത്രം. അദ്യം ഉണ്ടായ ആ വൻ സ്ഫോടനത്തിന്റെ പരിണിത ഫലമാണ് ഇന്നീ കാണുന്ന പ്രപഞ്ചം എന്ന ശാസ്ത്രപക്ഷം. അതിലെ വസ്തുസഞ്ചയങ്ങളെല്ലാം “നക്ഷത്രങ്ങളും സൂര്യനും, ചന്ദ്രനും, ഭൂമിയും അതിലെ സസ്യജന്തുജാലങ്ങളും അടങ്ങുന്ന“ ആര് എവിടെ ഒളിപ്പിച്ചുവച്ചിരുന്നു.? ഇതിൽ അശാസ്ത്രിയമായി തോന്നിയത് “നക്ഷത്രങ്ങളും സൂര്യനും, ചന്ദ്രനും, ഭൂമിയും അതിലെ സസ്യജന്തുജാലങ്ങളും“ എന്ന ഈ വരികളാണ്. ഇതൊന്നും എവിടെയും ആരും ഒളിപ്പിച്ചിരുന്നില്ല അല്ലങ്കിൽ സൂക്ഷിച്ച് വച്ചിരുന്നില്ല എന്നതാണ് സത്യം, ഈ തോന്നൽ ശക്തമായ ഈ ശ്വരവിശ്വാസിയുടെ ആണ് കാരണം ഒരു മാജിക്കുകാരൻ ഉൾക്കൈയ്യിൽ ഒളിപ്പിച്ച വസ്തുക്കൾ പെട്ടന്ന് പുറത്തെടുത്തപ്പോൾ തോന്നുന്ന ആ ഒരു തോന്നലെ ഈ ചോദ്യത്തിനൊള്ളു.
ഇവിടെ എം .പി. പരമേശ്വരനെ പോലും വിഷമിപ്പിച്ച ചോദ്യം ഈ സ്ഫോടനത്തിന് മുൻപ് എന്തായിരുന്നു എന്നതാണ്. ഇവിടെ പരമേശരൻ സാറ് പറഞ്ഞതുതന്നെ അല്ലെ മതങ്ങളും പറയുന്നത്. ആദിയിൽ വചനമുണ്ടായി അത് ദൈവത്തോടൊപ്പമായിരുന്നു.( ബൈബിൾ) ആദ്യം ഓം എന്ന ശബ്ദം ഉണ്ടായി അത് പരമേശ്വരനൊപ്പമായിരുന്നു ( മഹാശിവ പുരാണം) ഖുറാനും ബൈബിൾ പറയുന്നത് തന്നെ പറയുന്നു. അതിന് മുൻപ് എന്ത് ?.. പ്രപഞ്ചത്തിന് അതിരുണ്ടോ ? സ്ഫോടനത്തിന് മുൻപ് എന്തായിരുന്നു ? മതങ്ങൾ ഉല്പത്തിക്ക് (ഇന്നുകാണുന്ന പ്രപഞ്ചത്തിന്റെ) മുൻപുള്ള കാര്യത്തെ പറ്റി സംസാരിക്കാറില്ല അത് അനുവദിക്കുന്നുമില്ല. ശാസ്ത്രമാകട്ടെ ശ്രീ എം .പി. പരമേശ്വരൻ പറഞ്ഞതുതന്നെ പറയുന്നു. ശാസ്ത്രം പറയുന്നത് ആദിമ സ്ഫോടനത്തിന്റെ അത്യാഘാതത്തിൽ പ്രപഞ്ചം ഇപ്പോഴും അതി ശീഘ്രം ( സെക്കൻഡിൽ 1500കി.മി. വേഗത്തിൽ) വികസിച്ചുകൊണ്ടിരിക്കുകയാണത്രെ!
ഐൻസ്റ്റന് സമശീർഷനെന്ന് ഇന്ന് ലോകം അംഗീകരിച്ച സ്റ്റീഫൻ ഹോക്കിംഗ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഇതിനെ കുറിച്ച് ( A Brief History of Time ) എന്ന തന്റെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. “ അത് എവിടേയും ഉണ്ടാകെണ്ട കാര്യമില്ല. കാരണം നാമിന്ന് ജീവിക്കുന്ന ഈ പ്രപഞ്ചത്തിന്റെ അറ്റ ഊർജ്ജം (Net energy) പൂജ്യമാണ് . വസ്തുക്കൾ അത്യന്തികമായി ഊർജ്ജമാണ് ( ഐൻസ്റ്റന്റെ ഏറെ പ്രസ്സിദ്ധമായ E=mc2 എന്ന സമീകരണം ഓർക്കുക) അങ്ങനെ എങ്കിൽ ഈ പ്രപഞ്ചത്തിൽ ആകെ രണ്ടുതരം ഊർജ്ജങ്ങളെ ഉള്ളു ഒന്ന് നാം കൂടെ ഉൾപ്പെടുന്ന പ്രപഞ്ച വസ്തുക്കളുടെ ധനാത്മകമായ ഊർജ്ജം ( Positive Energy) മറ്റേത് ആ വസ്തുക്കളെ മൊത്തം താങ്ങി നിർത്തുന്ന ഋണാത്മകമായ ഗുരുത്വാകർഷണ ഊർജ്ജം(Gravitational Energy) ഇവ രണ്ടിന്റേയും കൂടിയുള്ള ആകെ തുക പൂജ്യം എന്നല്ലേ വരാൻ പറ്റു. അങ്ങനെ വരുമ്പോൾ പൂജ്യം അളവിലുള്ള വസ്ഥുവിന് ഇരിക്കാൻ ഇടം വേണ്ടല്ലോ, ഉത്ഭവിക്കാനും പ്രയാസമില്ല. ലേഖകൻ തുടർന്നു പറയുന്നത് നാം നമ്മുടെ നിത്യ ജീവിതത്തിൽ സ്ഥൂലമായ അർത്ഥംകൊണ്ട് നിർവചിക്കും പോലെ ഒരു വസ്ഥുസഞ്ചയം ഇവിടെ ഇല്ലന്നതാണ് സത്യം ഉണ്ടെന്ന് തോന്നുന്നത് ഇനിയും അറിയാൻ കഴിഞ്ഞിട്ടില്ലാത്ത ഏതോ ഒന്നിന്റെ പ്രതിഫലനം മാത്രമാകണം. ഇതാണ് സത്യമെങ്കിൽ പ്രപഞ്ചത്തിന് ഉണ്ടാകാനും, ഇല്ലാതാകാനും നിഷ്പ്രയാസം കഴിയും, കഴിയണം ! കാരണം അതൊരു സ്വപ്നം പോലെ അയാഥാർത്ഥമായ ഒരു യാഥാർത്ഥ്യം മാത്രമാണ് ! ഭാരതീയൻ ഈ സത്യം അയ്യായിരം വർഷം മുൻപെ പറഞ്ഞു വച്ചിരുന്നു “ ബ്രഹ്മസത്യം, ജഗ്ത്മിധ്യ.”
സ്റ്റീഫൻ ഹോക്കിംഗ്സ് പറയുന്നത് പൂർണ്ണമായും ദഹിക്കുന്നില്ല. ഒരു പക്ഷെ എന്റെ അജ്ഞത ആവാം. ഞാൻ കണ്ടതും കേട്ടതും, അനുഭവിച്ചറിഞ്ഞതും ഒന്നും യാഥാർത്ഥ്യമല്ല എന്ന് പറഞ്ഞാൽ, വേറും തോന്നലാണ് എന്ന് പറഞ്ഞാൽ… ഉൾക്കൊള്ളാനാവുന്നില്ല. പക്ഷെ കണക്കുകൾ എല്ലാം തന്നെ കൃത്യം. മഹാ സ്ഫോടനം (big bang) നടക്കുന്നതിന് തൊട്ട് മുൻപുള്ള സെക്കന്റിൽ അല്ലെങ്കിൽ മൈക്രോ സെക്കന്റിൽ അപ്പോഴത്തെ അവസ്ഥ എന്തായിരുന്നിരിക്കും, അതൊരു മഹാശൂന്യത ആയിരുന്നോ ? അല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അടച്ചുവയ്ക്കപ്പെട്ട ഊർജ്ജത്തിന്റെ പുറത്തേയ്ക്കുള്ള തള്ളൽ ആണല്ലോ പൊട്ടിത്തെറി എന്ന് പറയുന്നത്, ഈ പുറം ചട്ടയുടെ ധൃഡതയുടെ അടിസ്ഥാനത്തിൽ ആയിരിക്കും സ്ഫോടനത്തിന്റെ ശക്തി. പ്രപഞ്ചത്തിൽ രണ്ടുതരം ഊർജ്ജമേ ഉള്ളു എന്ന് ശാസ്ത്രം പറയുന്നു. അങ്ങനെ എങ്കിൽ ഈ പൊട്ടിത്തെറിയിൽ രണ്ട് ഊർജ്ജവും ഉണ്ടായിരുന്നോ ? ഈ രണ്ട് ഊർജ്ജവും ചേർന്നാൽ പൂജ്യമാണ് ഉത്തരമെങ്കിൽ അവിടെ ഊർജ്ജത്തിന്റെ ഒരുതള്ളൽ എങ്ങനെ ഉണ്ടായി ? ഒരു സ്ഫോടനം നടക്കണമെങ്കിൽ, ഏതെങ്കിലും വസ്തുക്കളുടെ രാസമാറ്റത്തിലൂടെ ഒരു എനർജ്ജി അവിടെ രൂപം കൊണ്ടിരിക്കും, ഈ എനർജ്ജിയുടെ പുറത്തേയ്ക്കുള്ള പ്രവാഹമാണ് പൊട്ടിത്തെറിയായി തീരുന്നത്. അതുകൊണ്ടുതന്നെ ഈ മഹാസ്ഫോടനത്തിന് മുൻപ് തന്നെ ഖര, ദ്രാവക,വാതക രൂപത്തിലുള്ള വസ്ഥുക്കൾ ഉണ്ടായിരുന്നിരിക്കണം, ഇവ ഒരുപക്ഷേ ഒരു രൂപത്തിൽ (ഭൂമി പോലെ അല്ലങ്കിൽ അതുപോലെ ഉള്ള ഒരവസ്ഥ) അല്ലങ്കിൽ ഒന്നിൽ കൂടുതൽ അത് രണ്ടാവാം അല്ലങ്കിൽ +E ആവാം . ശൂന്യതയിൽ ഒരു സ്ഫോടനത്തിനുള്ള സാധ്യത പൂജ്യമാണ്. ഇമാജിൻ ചെയ്യാൻ പോലുമാവാത്ത അവസ്ഥ. കാരണം ഇങ്ങനെ ഒരവസ്ഥ ഭൌതിക ജീവിതത്തിൽ വന്നിട്ടില്ല എന്നതുതന്നെ. നമുക്ക് ഒരുകാര്യം വിശദീകരിക്കാൻ ആപേക്ഷികമായെ കഴിയു. അനന്തത എന്ന ചാട്ടുളി ഉപയോഗിക്കുകയെ നിവൃത്തിയുള്ളു. ഭൂമി അടക്കമുള്ള ഈ പ്രപഞ്ചത്തിന് ( നമ്മൾ വിശ്വസിക്കുന്ന) മുൻപെ പ്രപഞ്ചം എന്ന അവസ്ഥ ഉണ്ടായിരുന്നിരിക്കാം. ഇത് എങ്ങനെ ഉണ്ടായി എന്ന് പറയുക അസാധ്യം തന്നെ. ഈ മഹാ സ്ഫോടനത്തിന്റെ ശക്തിയിൽ പ്രപഞ്ചം വികസിച്ചത് ഗോളാകൃതിയിൽ ( ഒരു ബലൂണിൽ കാറ്റ് നിറയ്ക്കുമ്പോൾ ഉണ്ടാകുന്ന തള്ളൽ, അത് ഒരു കേന്ദ്രത്തിൽ നിന്നും തുടങ്ങുന്നു എന്ന് സങ്കല്പിക്കുക) ആയിരുന്നോ ? ഒരു പക്ഷേ അങ്ങനെ ആയിരുന്നിരിക്കണം. പക്ഷെ അവിടെയും ഒരു സംശയം ഉണ്ടാകുന്നു. ഈ പൊട്ടിത്തെറി ഉണ്ടായത് പ്രപഞ്ചം (മഹാ സ്ഫോടനത്തിന് (big bang) മുൻപ് ഉള്ള അവസ്ഥഎന്ന ആ അവസ്ഥയുടെ കേന്ദ്രത്തിൽ ആയിരുന്നോ അതോ ഏതെങ്കിലും ഒരു കോണിൽ ആയിരുന്നോ ?……. ഒന്നിനും കൃത്യമായ ഒരു നിർവചനം തരാൻ സാദിക്കുന്നില്ല. (ശാസ്ത്രം ഇങ്ങനെ പോകുന്നു)
അദ്ദേഹത്തിന്റെ ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം, നമ്മുടെ അസ്ഥിത്വം (ക്ഷീര പഥവും അനേകലക്ഷം ഗാലക്സികളും) തിരഞ്ഞാൽ അത് നമ്മെ ആശ്ചര്യപ്പെടുത്തുകയും, അതേസമയം ഇതിനെല്ലാം കാരണമായി ഒരു ആദി പിതാവിനെ (ഗുരു) സങ്കല്പിക്കാനും ആ മഹാ ശക്തിസ്വരൂപനെ ആദരവോടെ വണങ്ങാനും നമ്മെ നിർബന്തിതരാക്കുകയും ചെയ്യുന്നു. ഈ കണ്ടെത്തലോടെ ഡോ. ആർ ഗോപിമണി എന്ന നിരീശ്വരവാദി ആ ശരീരത്തിൽ നിന്നും പൂർണ്ണമായും പിൻവാങ്ങുന്നു. ഈ ലേഖനം അദ്ദേഹം വളർന്ന് വരുന്ന യുവ തലമുറയ്ക്കായ് സമർപ്പിച്ചിരിക്കുന്നു തന്റെ ജിവിതത്തിന്റെ ഒരു വിശകലനം എന്ന നിലയിൽ.
അദ്ദേഹത്തെ ഈശ്വര വിശ്വാസിയാക്കാൻ നിമിത്തമായ ചോദ്യത്തിന് ഉത്തരം നലകാൻ അദ്ദേഹത്തിനായില്ല എന്നതിലുപരി ഒരു സാധാരണക്കാരന്റെ മനോധർമ്മത്തോടെ, അത് ദൈവത്തിന്റെ കൈകളിൽ ഏൽപ്പിക്കുകയണ് ചെയ്തത്. മതങ്ങൾ വ്യാഖ്യാനിക്കുന്നത് അത് എഴുതിയവന്റെ നിരീക്ഷണ പാടവത്തിനനുസരിച്ചാണ് (എല്ലാ മതങ്ങളും അങ്ങനെ തന്നെ) ആദിയിൽ വചനമുണ്ടായി എന്നും അത് ദൈവത്തോടൊപ്പം ആയിരുന്നു എന്നും ക്രൈസ്തവ മതം പഠിപ്പിക്കുന്നു. ഈ വരിയിൽ ദൈവവും ഉണ്ടായി എന്ന് പറയുന്നു ഉണ്ടാകുക എന്നുപറയുമ്പോൾ അത് നെരത്തെ ഇല്ലായിരുന്നു എന്ന് പറയേണ്ടിവരും. ദൈവം ഉണ്ടായി എന്ന് പറയുമ്പോൾ ആര് ഉണ്ടാക്കി എന്ന് പറയേണ്ടിവരും. അപ്പോൾ ദൈവത്തിന് പിന്നിൽ ഒരു മഹാ ദൈവം ഉണ്ടായിരുന്നു എന്ന് കരുതേണ്ടിവരുന്നു. ഇനി അങ്ങനെ അല്ല ദൈവം സ്വയം ഉണ്ടായതാണ് എന്നാണ് വാദമെങ്കിൽ പരിണാമ സിദ്ധാന്തത്തിൽ പറയുന്ന പോലെ ഏകകോശജീവി ആദ്യം ഉണ്ടായി എന്ന് വിശ്വസിക്കേണ്ടിവരില്ലെ ? മൊത്തത്തിൽ ഒരു കൺഫ്യൂഷൻ. ശാസ്ത്രത്തിന്റെ വിവരണത്തിൽ നിന്നായാലും ദൈവശാസ്ത്രത്തിന്റെ വിവരണത്തിൽ നിന്നായാലും കൃത്യമായ ഉത്തരം ലഭിക്കുന്നില്ല. പിന്നെ എല്ലാം ദൈവത്തിന്റെ കൈകളിൽ ഏൽപ്പിച്ചാൽ അധികം സംസാരിക്കാതെ രക്ഷപെടാം…. .(കമന്റിൽ നിന്നും തുടർ ചിന്തകൾ പ്രതീക്ഷിക്കുന്നു)

Advertisements

പിള്ളയുടെ തമാശകൾ

January 1, 2009

തങ്ങളെ അനുസരിക്കുന്ന മന്ത്രിസഭയെ കേരളത്തിൽ അധികാരത്തിൽ കൊണ്ടുവരും എന്ന് N.S.S. ഡയറക്ടർ ബോർഡ് അംഗവും മുൻ മന്ത്രിയുമായ ആർ . ബാലകൃഷ്ണപിള്ള പറഞ്ഞു. ചങ്ങനാശ്ശേരിയിൽ നിന്നു പറയുന്നത് അനുസരിക്കാൻ നായന്മാർ തീരുമാനിച്ചാൽ അതുമാത്രമേ കേരളത്തിൽ നടപ്പാകുകയുള്ളു.

പിന്നെ പിള്ളയുടെ വിളിപാ‍ടുകൾ അങ്ങനെ നീണ്ടുപോകുന്നു, ചരിത്രബോധമില്ലാത്ത കോമാളി എന്ന് അല്ലതെ ഈ മാന്യദേഹത്തെ എങ്ങനെ അഭിസംബോധനചയ്യും
കേരളം എന്നാൽ നായന്മാരും കത്തോലിക്കാ സഭയും മാത്രം അല്ലന്ന കാര്യം ഈ ചങ്ങനാശ്ശേരി തമ്പ്രാക്കൾ അറിഞ്ഞിരിക്കുന്നത് നല്ലത്. ( നായന്മാർ എന്നാൽ പിള്ളച്ചേട്ടനും പണിക്കർ സാറും പിന്നെ ആ ലെവലിൽ ഉള്ളവർ മാത്രം ചേരുന്നതല്ലല്ലോ ) മറ്റൊരു വിദ്വാൻ പറയുന്നത് വേണ്ടിവന്നാൽ ഞങ്ങൾ മറ്റൊരു വിമോചന സമരത്തിന് മുതിരും എന്നാണ്. കാരണം ഇപ്പോൾ കാറ്റ് തങ്ങൾക്കനുകൂലമാണല്ലോ, കേന്ദ്രം ഭരിക്കുന്നത് , കോൺഗ്രസ്സും കുറേ കുടുംബ പാർട്ടികളും കൂടി ആണല്ലോ അപ്പോൾ പണ്ടിറക്കിയ കാർഡ് ഒരിക്കൽ കൂടെ ഇറക്കാം. മലർപ്പൊടിക്കാരന്റെ സ്വപ്നം, സ്വപ്നത്തിൽ എന്തിനാണ് ഇളമുറതമ്പുരാൻ ആകുന്നത്, വല്ല്യമ്പ്രാൻ തന്നെ ആവരുതോ ?
കേരളത്തിലെ മുസ്ലീമും, ഈഴവനും പിന്നെ താഴോട്ടുള്ള ആളുകളും ആണ് സംവരണ ആനുകൂല്ല്യം തട്ടിയെടുക്കുന്നത് എന്നാണ് N.S.S ന്റെ കണ്ടെത്തൽ, പറ്റിയാൽ ഞങ്ങൾ പാളയിൽ കഞ്ഞി കുടുപ്പിക്കും എന്ന വിമോചന മുദ്രാവാക്യം പൊടിതട്ടി എടുക്കാൻ തയ്യാറാവും എന്ന മുന്നറിയിപ്പും . മുന്നോക്കക്കാർക്കുള്ള 50% സംവരണം മറ്റാർക്കും വിട്ടുകൊടുക്കില്ല എന്ന് തറപ്പിച്ച് പറയുന്നു N.S.S.  ഹിന്ദു എന്ന സംസ്കാരത്തെ തച്ചുടച്ച ജാതി സംബൃദായം പുത്തനുടുപ്പിട്ട് തിരിച്ചുവരുന്ന കഴ്ച്ച അത്ര അസുഖകരമായി തോന്നുന്നില്ല. ഒരുകാലഘട്ടത്തിൽ നായർ പറയുന്നതായിരുന്നു കേരളത്തിലെ നീതിന്യായം അതാവട്ടെ ചാതുർവണ്ണ്യ വ്യവസ്ഥയുടെ അസ്ഥിവാരത്തിൽ നിന്നുകൊണ്ട് പടുത്തുയർത്തിയ തമോവൃത്തം. അറേബ്യൻ രാജ്യങ്ങളിൽ നിലനിന്നിരുന്ന അടിമ വ്യവസ്ഥൈതിയുടെ മറ്റൊരു പതിപ്പ്. അടിയാൻ, ഉടയോൻ സിസ്റ്റം തിരികെ കൊണ്ടുവരാനാണ് N.S.S ആഗ്രഹിക്കുന്നതെങ്കിൽ പിന്നെ ജനാധിപത്യം എന്ന ഉരുക്ക്മുഷ്ടി എന്തിന് ? മുസ്ലീമും, ഈഴവനും, പുലയനും, പറയനും, ഊരാളിയും, കുറവനും ഒന്നും അശക്തരല്ല എന്ന് ഓർക്കുന്നത് നന്നായിരിക്കും. ആ ശക്തി ഒന്നാഞ്ഞടിച്ചാൽ തകർന്നുതരിപ്പണമാകുന്ന പ്രത്യയശാസ്ത്രങ്ങളെ ചങ്ങനാശ്ശേരി തമ്പ്രക്കളുടെ നാലുകെട്ടുകളിൽ കാണു.
പരാന്നഭോജികളായി ജീവിച്ചവർക്ക് വിയർപ്പൊഴുക്കേണ്ടിവന്നപ്പോൾ ഉടുതുണി അഴിഞ്ഞുവീണ പ്രതീതി. സ്വന്തം വിയർപ്പിൽ നിന്നും അപ്പം ഭക്ഷിപ്പാൻ ഉപദേശിക്കപ്പെട്ടവർ പോലും ക്യാപ്പിറ്റൽ ഫീ, ഡോണേഷൻ എന്നീ നൂതന ഭിക്ഷാടനും
നടത്തി ദൈവത്തെ സംരക്ഷിക്കുന്നു. തങ്ങളാണ് കേരളത്തിന്റെ വിധികർത്താക്കൾ എന്ന് വിശ്വസിച്ച് അഹങ്കരിക്കുന്ന ഈ മണ്ഡൂകങ്ങളെ കാലം തീരുത്തിക്കൊള്ളും.