Archive for August 2009

നളിനിമാർ ഇടപെടുമ്പോൾ

August 20, 2009

എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ് ലഗേജുമായി ഞാനും,ശ്രീമതിയും , മകനുമായി പുറത്ത് വരുമ്പോൾ ഞങ്ങളെ കാത്ത് അച്ഛനും, അമ്മയും, മറ്റ് ബന്ധുക്കളും ഉണ്ടയിരുന്നു. ഭാര്യയും മകനും ഇനീ നാട്ടിൽ തന്നെ, അതുകൊണ്ട് ഞങ്ങളുടെ ലഗേജ് അല്പം ഭാരിച്ചതായിരുന്നു, ടാക്സിയിലേയ്ക്ക് സാധനങ്ങൾ ഞങ്ങൾ വേഗം കയറ്റി കാരണം ഇനീ നൂറ്റി അൻപത് കിലോമീറ്റർ താണ്ടിയാലെ വീടെത്തു, സമയം അപ്പോൾ രാത്രി ഒൻപതുമണി, വീട്ടിൽ എത്തുമ്പോൾ ഒരു മണി ആകും എന്ന് ഉറപ്പാണ്, മോനെ ഒരു ടിക്കറ്റ് എടുക്കാമോ? ശബ്ദം കേട്ടഭാഗത്തേയ്ക്ക് ഞാൻ നോക്കി അവിടെ മെല്ലിച്ച ഒരാൾ രൂപം അവർ അല്പം ദൂരെ ആണ് നിന്നിരുന്നത്, ഞാൻ അവർക്ക് അടുത്തേയ്ക്ക് നടന്നു ഇരുട്ടായിരുന്നതിനാൽ അവരുടെ മുഖം വ്യക്തമല്ലായിരുന്നു. കേരള സർക്കാരിന്റെ ഭാഗ്യക്കുറിയുമായി നിൽക്കുന്ന ഒരു സ്ത്രി… ഞാൻ അവരെ അമ്മ എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നു, ഒരു ടിക്കറ്റ് ചിലവാകും എന്ന പ്രതീക്ഷ ആ അമ്മയുടെ കണ്ണിൽ ഞാൻ കണ്ടു, മങ്ങിയ നിലാവെളിച്ചത്തിൽ ആ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു ഏകദേശം അറുപത് വയസ്സ് വരുന്ന അവർ എന്റെ നെരേ ടിക്കറ്റ് നീട്ടി, ഞാൻ അതിൽ നിന്നും രണ്ട് ടിക്കറ്റ് എടുത്തു (അമ്പതുരൂപ അണോ അതോ നൂറ് രൂപയുടെ ടിക്കറ്റ് ആണോ എന്ന് ഞാൻ ഓർക്കുന്നില്ല) അവർക്ക് പണം നൽകി. നന്ദി എന്നവണ്ണം ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് അവർ നടന്നകന്നു

ഞങ്ങൾ വീട്ടിലേയ്ക്കും ഇത് നാല് മാസം മുൻപ് നെടുംബാശ്ശേരി വിമാനത്താവളത്തിൽ നടന്ന ഒരു സാധാരണ സംഭവം. ആരായിരുന്നു ആ സ്ത്രി എന്ന് എനിക്കറിയില്ല, പക്ഷെ ഒന്നെനിക്കറിയാമായിരുന്നു, അവർ ഒരു അഭിമാനി ആണെന്ന്, വീട്ടിലെ ദാരിദ്രംആവാം അവരെ തെരുവിൽ എത്തിച്ചത്, അതുമല്ലെങ്കിൽ അനാഥത്വമാവാം, ഉദ്യോഗസ്ഥരായ മക്കളുടെ സമയക്കുറവാകാം, അതുമല്ലെങ്കിൽ പ്രാണനാഥന്റെ ജീവൻ രക്ഷാ മരുന്നിനുള്ള പണം കണ്ടെത്താനാവാം.അതുമല്ലെങ്കിൽ ഭിക്ഷ എടുക്കാതെ ജീവിക്കണം എന്ന അഭിമാന ബോധമാവാം. ലോട്ടറി എന്നതിന്റെ നിർവചനം ചൂതാട്ടം ആണെങ്കിലും അതിന്റെ പിന്നിൽ ഭാഗ്യം വിൽക്കുന്നവന്റെ കണ്ണീർ കാണാം, അതിജീവനത്തിന്റെ നൊമ്പരങ്ങൾ കണാം, ഞാൻ കണ്ട അമ്മയെ പോലെ നിരവധി അമ്മമാർ വാർദ്ധക്യത്തിന്റെ നോവും പേറി, ചുട്ടുപൊള്ളുന്ന വെയിലത്ത് ഭാഗ്യം വിൽക്കുന്ന നിർഭാഗ്യരായവർ ഉണ്ട് നമുക്ക് ചുറ്റും! രണ്ടുകയ്യുമില്ലാത്ത മുഹമ്മദ്‌മാരും കാലുകൾ ശോഷിച്ച രാഘവന്മാരും, അന്നം തേടുന്നത് കേരള സർക്കാരിന്റെ ഭാഗ്യക്കുറി വിറ്റാണ്.

ഭിക്ഷാടനം വ്യാപാരമാക്കിയ മാന്യന്മാർ, ഈ പട്ടണിപാവങ്ങളുടെ കണ്ണുനീർ പണമാക്കാൻ ആധുനിക സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചപ്പോൾ അതിന് ഒത്താശചെയ്യാൻ ഉദ്ദ്യോഗസ്ഥപ്രഭുക്കന്മാരും, രാഷ്ട്രീയ ദല്ലാളന്മാരും യാതൊരു ഉളുപ്പുംകാട്ടിയില്ല, ലോട്ടറി നിരോധനത്തിലൂടെ മുപ്പതോളം നിസഹായർ ആണ് ജീവനൊടുക്കിയത്, അന്യസംസ്ഥാന ലോട്ടറികൾ തട്ടിപ്പിന്റെ നൂതന മാർഗ്ഗവുമായാണ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ എത്തിയത്, ലോട്ടറി രാജാക്കന്മാരുടെ ഗോഡൌണുകളിൽ സാധാരണക്കാരന്റെ പോക്കറ്റടിക്കാനുള്ള മഷിപുരണ്ട വഞ്ചന വിശ്രമിക്കുന്നു തന്റെ ഇരയെ കാത്ത്. പ്ലേവിൻ പോലുള്ള ഓൺലൈൻ തട്ടിപ്പുകൾ പ്രമോട്ട് ചെയ്യാൻ മുഖ്യധാരാ മാധ്യമങ്ങൾ മത്സരിച്ചു. ജനാധിപത്യത്തിന്റെ കാവൽക്കാരായ ജുഡീഷ്യറി കണ്ണുകൾ കെട്ടി ത്രാസിലെ ഭാരം നോക്കി വിധിപറഞ്ഞു. ഗ്രാമങ്ങളിലെ വീട്ടമ്മമാർ പോലും ഒറ്റയക്ക ലോട്ടറിയുടെ ആരാധകരും, കളിക്കാരുമായി.ഈ പേപ്പർ ലോട്ടറികൾ, പല ദരിദ്രകുടുംബത്തിലും പലപ്പോഴും വില്ലനായി ? ആഗ്രഹങ്ങൾ അത്യാർത്തിയായി രൂപം പ്രാപിച്ചപ്പോൾ കേരളത്തിൽ നിന്നും കോടികൾ ആണ് അന്യ സംസ്ഥാനത്തേയ്ക്ക് ഒഴുകിയത്.നൂറ്റിഅൻപത് കോടി രൂപയുടെ വരുമാനം കേരള സർക്കാരിന്റെ ഖ്ജനാവിന് മുതൽ കൂട്ടുന്ന കേരള സർക്കാർ ലോട്ടറി ഒഴികെ മറ്റെല്ലാ ലോട്ടറികളും കേരളത്തിൽ നിർത്തലാക്കേണ്ടതാണ്. എന്തുകൊണ്ട് കേരള സംസ്ഥാന ഭാഗ്യക്കുറി നിലനിൽക്കണം എന്ന് ഞാൻ മുകളിൽ പറഞ്ഞിരുന്നു, പ്രഫഷണൽ കൊള്ളക്കാരായ ഓണലൈൻ ലോട്ടറിക്കരുടെ സംരക്ഷകരായി കത്തിവേഷം കെട്ടുന്നത് ജനങ്ങളെ സംരക്ഷിക്കേണ്ട മന്ത്രിയുടെ പത്നി ആയത് ജനാധിപത്യത്തിന്റെ വൈരുദ്ധ്യമാവാം

“ സത്യം മാത്രമേ ഞാൻ ബോധിപ്പിക്കു,സത്യമല്ലാതെ മറ്റൊന്നും ഞാൻ പറയുകയില്ല”

ആർക്കുവേണ്ടി ? പറയു നളിനി!!

Advertisements

ഒരു മരണവും, നാല് പത്രങ്ങളും

August 17, 2009

ഇന്നത്തെ പത്ര വാർത്ത ആണ് ഈ പോസ്റ്റിന് ആധാരം. അത്ര പ്രാധാന്യമുള്ള വാർത്ത അല്ല ഇതെങ്കിലും ഇവിടെ മരണം എന്ന സത്യം മാത്രമാണ് ഏകസ്വഭാവമായി ഈ വാർത്തയിൽ കാണുന്നത്. മറ്റു വാർത്തകളും വായനക്കാരനിൽ എത്തുന്നത് ഇങ്ങനെ തന്നെ ആയിരിക്കും നമ്മുടെ മുഖ്യധാര പത്ര പ്രവർത്തനം ഏത് രീതിയിൽ എന്നു നോക്കാം ഇന്നത്തെ പത്രത്തിൽ വന്ന ഈ വാർത്ത നോക്കുക

17-08-2009 കേരളകൌമുദി

“തൊടുപുഴ: നഴ്സിനെ ഡ്യൂട്ടി റൂമില്‍ മയക്ക് മരുന്ന് കുത്തിവച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ എട്ടോടെ ഇടുക്കി ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററിന് സമീപമുള്ള ഡ്യൂട്ടി റൂമില്‍ ഇടുക്കി മണിയാറന്കു ടി ഒറ്റപ്ളാക്കല്‍ വിജയന്റെ മകള്‍ വിനീത(22)യെയാണ് മരിച്ച നിലയില്‍ കണ്ടത്. വിനീതയുടെ കൈയില്‍ ഡ്രിപ്പ് ഘടിപ്പിച്ചിരുന്നു. മയക്കുമരുന്ന് ഇതുവഴി കുത്തിവച്ച് ജിവനൊടുക്കിയതാകാമെന്നാണ് സംശയം.“

17-08-2009 മാതൃഭൂമി

“തൊടുപുഴ: ഇടുക്കി ജില്ലാ ആസ്പത്രിയിലെ ഓപ്പറേഷന്‍ തിയ്യറ്ററില്‍ നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓപ്പറേഷന്‍ തിയ്യറ്ററില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് വിനീതയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇന്ക്വ സ്റ്റ് തയ്യാറാക്കി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.“

17-08-2009 ദീപിക

ചെറുതോണി: ഇടുക്കി ജില്ല ആശുപത്രിയിൽ സ്റ്റഫ് നഴ്സ് ഓപ്പറേഷൻ തീയറ്ററിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. നൈറ്റ് ഡ്യൂട്ടിയിലായിരുന്ന നഴ്സ് വിതിത പ്രതീഷ് (23) ആണ് മരിച്ചത്. ഇടുക്കി പോലീസ് സംഭവസ്ഥലത്തെത്തി. ജില്ല ആശുപത്രിയിലെ പ്രവർത്തനങ്ങൾ സ്തംഹിച്ചിരിക്കുകയാണ് “

17-08-2009 മംഗളം

“ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റില്‍ നഴ്‌സിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡ്യൂട്ടി നഴ്‌സ് വിനീത ആണ്‌ മരിച്ചത്‌.“

കാലം കൈവിട്ട കർണ്ണൻ

August 8, 2009

murali

മലയാളത്തിന്റെ മഹാ നടൻ കാല യവനികയിൽ മറഞ്ഞു, ആ ചരണങ്ങളിൽ മലയാളം ആശ്രുപുഷ്പ്പങ്ങൾ അർപ്പിക്കുന്നു. അക്ഷരങ്ങളേയും, കലയേയും മനുഷ്യനേയും സ്നേഹിച്ച, വാക്കുകളിൽ തളച്ചിടാനാവാത്ത വ്യക്തിത്വമായിരുന്നു മുരളി എന്ന മനുഷ്യൻ.ഒരു നടനെന്ന നിലയിൽ മുരളി സംതൃപ്ത്നായിരുന്നില്ല. അങ്ങനെ പകർന്നാട്ടത്തിൽ ബാക്കിയാക്കിവച്ച ഒരു കഥാപാത്രമാണ് കർണ്ണൻ. “മൃത്യുംഞ്ജയൻ” എന്ന നാടകത്തിലെ കർണ്ണവേഷം കെട്ടാനുള്ളനുള്ള തയ്യാറെടുപ്പിലായിരുന്നു മുരളി എന്ന മഹാനടൻ. വർഷങ്ങൾക്ക് മുൻപ് ലങ്കാലക്ഷ്മിയിലൂടെ രാവണനെ അവതരിപ്പിച്ച മുരളിയെ കലാകേരളം ഇനിയും മറന്നിട്ടില്ല.

അദ്ദേഹത്തിന്റെ ഏറ്റവുംവലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു കർണ്ണൻ ആയി വേഷമിടുക എന്നത് അതിന്റെ പണിപ്പുരയിൽ ആയിരുന്നു അദ്ദേഹം. മലയാള സിനിമ മുരളി എന്ന അതുല്ല്യനടനെ വേണ്ടവിധം ഉപയോഗിച്ചിരുന്നോ എന്ന് സംശയമാണ്. നെയിത്തുകാരനിലെ അപ്പ മേസ്തിരിയും, അമരത്തിലെ കൊച്ചുരാമനും, വെങ്കലവും, ചമയവും, ആധാരവും പുലിജന്മവും ഒക്കെ, ആ അതുല്ല്യനടന്റെ കഴിവ് തളിയിച്ച ചിത്രങ്ങൾ ആയിരുന്നു, അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട് വാണിജ്യവൽക്കരണത്തിന്റെ കൈകൾ പൊത്തിയത് ഒരു മഹാമാധ്യമത്തിന്റെ കണ്ണുകളെആണെന്ന്, അത് വിളിച്ചുപറയാൻ ഒരിക്കലും മുരളി മടികാണിച്ചിട്ടുമില്ല. നാടകത്തോടുള്ള ഒടുങ്ങാത്തെ പ്രണയമായിരുന്നു മുരളിക്ക്, വിദേശപര്യടനത്തിന് പോകുമ്പോൾ ഒക്കെ അദ്ദേഹം സമയം കണ്ടെത്തി നാടകം കാണുമായിരുന്നു, മുരളിയുടെ നാടകാസ്വാദനത്തിന് പടിഞ്ഞാറെന്നോ കിഴക്കെന്നോ വ്യത്യാസമില്ലായിരുന്നു. കുഞ്ഞുന്നാളിലെ കേട്ടറിഞ്ഞ കർണ്ണനെ വ്യത്യസ്ഥ ആംഗ്ഗിളുകളിൽ കാണുകയായിരുന്നു മൃത്യുംഞ്ജയൻ എന്ന നാടകത്തിലൂടെ, അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാര്യത്തിലും മുരളി ധാരണയിലെത്തിയിരുന്നു, കെ.പി.എ.സി. ലളിത,പ്രഫസർ അലിയാർ,സുനിൽകുടവട്ടൂർ തുടങ്ങിയവർ തങ്ങളുടെ സമ്മതം അറിയിച്ചിരുന്നതുമാണ്, മുരളിയുടെ ദേഹവിയോഗം മലയാളസഹൃദയർക്ക് നഷ്ടമാക്കിയത് പകർന്നാട്ടത്തിന്റെ മറ്റൊരു ധന്യ മുഹൂർത്തമായിരുന്നു കലയെ സ്നേഹിച്ച് അതിനായി ഭൌതിക നേട്ടങ്ങൾ ഉപേക്ഷിച്ച അപൂർവ്വം ചിലരിൽ ഒരാളായിരുന്നു മുരളി ആ മഹാത്മാവിന് മുന്നിൽ ഒരിക്കൽ കൂടെ ശിരസ് നമിക്കട്ടെ.