Archive for February 2010

കൊല്ലൻ ശിവരാമന്റെ വിഷമവൃത്തം

February 23, 2010

കുറച്ച് നാളുകളായി ഞാൻ ലീവിലായിരുന്നു പിന്നെ ഒരു സംവാദത്തിന്റെ ക്ഷീണവും. ഇപ്പോൾ ചൂടുള്ള വാർത്തയാണ് നമ്മുടെ മാധ്യമങ്ങൾ നമ്മൾക്ക് മുൻപിലെത്തിക്കുന്നത്, മരണം ബാഗിൽ ചുമക്കുന്ന നമ്മുടെ സ്കൂൾക്കുട്ടികൾ ( മൊഫേൽ ഫോണും നമ്മുടെ പെൺകുട്ടികളും)  മുതൽ തലുങ്കാനക്കായ് ആത്മഹൂദി ചെയ്ത യ്ദയ്യ വരെ. സമയക്കുറവിനാൽ ഒന്നിലും ഒരു പോസ്റ്റിടാൻ കഴിഞ്ഞില്ല, അപ്പോഴാണ് മാത്സ് ബ്ലോഗിലെ ഷംസുദ്ദീൻ മാഷിന്റെ കമന്റ് കാണുന്നത്, സംവാദത്തിൽ കാലിടറി വീണ് പിൻ‌വാങ്ങിയതൊന്നുമല്ല, അല്ലെങ്കിൽ ഉമേഷിനോടോ, കാൽ‌വിനോടോ ഉള്ള വിരോധം കൊണ്ടോ അല്ല അവിടെ ഭാഗഭക്കാവാതിരുന്നത്. ആ സംവാദത്തിൽ ഞാൻ ജയിക്കാനോ തോൽക്കാനോ വേണ്ടി ഒന്നും എഴുതിയിരുന്നില്ല എനിക്ക് എന്റെ ഐഡിയോളജിയിൽ ശരി എന്ന് തോന്നിയത് എഴുതി അത്രമാത്രം അതിലെ തെറ്റ് ചൂണ്ടിക്കാട്ടിയാൽ തീർച്ചയായും അംഗീകരിക്കും. ചില അത്യാവശ്യകാര്യത്തിന് നാട്ടിൽ പോകേണ്ടി വന്നു അതുകഴിഞ്ഞ് ലാൻഡ് ചെയ്തതെ ഉള്ളു, രാമായണത്തിൽ നിന്നും അസ്സീസ് സാർ ഒരു പസ്സിൽ ഇട്ടപ്പോൾ മാഹാഭാരതത്തിൽ നിന്നും ആകട്ടെ ഒരെണ്ണം എന്ന് ഞാനും കരുതി.

പണ്ട് പാണ്ഡവർ ഒളിച്ച് കഴിയുന്ന കാലം ദുര്യോധനന്റെ കിങ്കരന്മാർ ചാരക്കണ്ണുമായി പാണ്ഡവർക്ക് പുറകെ. ഈ കാലത്താണ് ഇന്ദ്രപ്രസ്ഥത്തിൽ അവർ എത്തുന്നത് ഇന്നത്തെ കണാട്പ്ലേസിൽ നിന്നും വടക്ക് കിഴക്കായി ഇരുപത് കിലോമീറ്റർ മാറി പുരാണ ഖില എന്ന ഒരു ചരിത്രാവശിഷ്ടമുണ്ട് അവിടെ പാണ്ഡവർ  ഒളിച്ച് താമസിച്ചിരുന്നു എന്ന് കഥ. (മഹാഭാരതത്തിൽ എവിടെ എന്ന് കാൽ‌വിനോ ഉമേഷോ ചോദിച്ചേക്കാം, വാമൊഴിയിൽ എന്നേ ഉത്തരമുള്ളു  ) ഈ കോട്ടയ്ക്കുള്ളിൽ നിരവധി കിടങ്ങുകളും, ഭൂഗർഭരഹസ്യ പാതകളും ഉണ്ട് ഇവ ഇപ്പോൾ അടച്ചനിലയിലാണ്. ഇവയിൽ ചിലത് യമുനാ നദി വരെ നീളുന്നു എന്നും പറയപ്പെടുന്നു. ഏകദേശ ലൊക്കേഷന് ചിത്രം കാണുക. ഇനീ കണക്കിലേയ്ക്കും കഥയിലേയ്ക്കും കടക്കാം ഒരു എഴുത്തുകാരൻ അല്ലാത്തതിനാൽ എനിക്ക് എത്ര വായനാ സുഖം തരാൻ കഴിയും എന്ന് പറയനാവില്ല എങ്കിലും ശ്രമിക്കാം.

കോട്ടയ്ക്ക് ചുറ്റും വലിയ കാടായിരുന്നു (പുരാണ ഖിലയുടെ) മരങ്ങൾ മുറിച്ചുമാറ്റി തീർത്ത ഒരു മൺപാത മാത്രമായിരുന്നു അവിടെയ്ക്കുള്ള ഏക മാർഗ്ഗം. ഭഗവാൻ ശ്രീകൃഷ്ണന്റെ ഉപദേശപ്രകാരം ആണ് പാണ്ഡവർ അവിടെ കോട്ടകെട്ടിയത്, ദുര്യോധനന്റെ അളുകളാൽ പിടിക്കപ്പെട്ടാൽ വീണ്ടും അജ്ഞാത വാസം അതായിരുന്നല്ലോ ചൂതുകളിയിലെ വ്യവസ്ഥ. വനത്തിനുള്ളിൽ വീണ്ടും ചില രഹസ്യ കോട്ടകൾ കെട്ടാൻ യുധിഷ്ഠിരൻ തീരുമാനിച്ചു അനുജന്മാർ സമ്മതം മൂളി, പണ്ട് അരക്കില്ലത്തിൽ പെട്ടകഥ ഭീമസേനൻ ഓർമ്മിപ്പിക്കുകയും ചെയ്തു. സുരക്ഷിതമായ ഒരു കോട്ട അതായിരുന്നു പാണ്ഡവരുടെ നിലപാട്. ദുര്യോധന ദൃഷ്ടി എത്തും മുൻപ് പലായനം അത് മാത്രമായിരുന്നു പാണ്ഡു പുത്രർക്കും വധുവിനും ചെയ്യാനുണ്ടായിരുന്നത്.

അന്ന് ഒരു വൈകുന്നേരം ഭഗവാന്റെ ദൂതൻ ഒരു രഹസ്യ സന്ദേശവുമായി എത്തി, ഒളിത്താവളം അടുത്ത എതാനും ദിവസങ്ങൾക്കകം മാറ്റണം അല്ലെങ്കിൽ പിടിക്കപ്പെടാം. അർജ്ജുനൻ കോപം കൊണ്ട് തന്റെ ഗാണ്ഡീവത്തിൽ പിടിമുറുക്കി, ഭീമന്റെ ശക്തമായ അടിയേറ്റ് ഒരു കൽത്തൂൺ തകർന്നു വീണു ( അത് ഇപ്പോഴും പുരാണ ഖിലയിൽ കാണാം ഹി ഹി )  യുധിഷ്ഠിരൻ സമചിത്ത വിടാതെ സഹോദരങ്ങളെ സമാധാനിപ്പിച്ചു.  അന്ന് എല്ലാവരും കൂടി ഇരുന്ന് ആലോചിച്ചു തൽക്കാലം പെട്ടന്ന് ഒരു ഒളിസംങ്കേതം ഉണ്ടാക്കുക അത്ര എളുപ്പമല്ല, പിന്നെ ശത്രുവിന്റെ ലക്ഷ്യം തെറ്റിച്ച് കുറച്ചുകൂടെ സമയം കണ്ടെത്തുക എന്നത് മാത്രമാണ് എക പോംവഴി. അവസാനം അവർ ഒരു തീരുമാനത്തിലെത്തി. കോട്ടയ്ക്കുള്ളിലൂടെ തുരങ്കങ്ങൾ ഉണ്ടാക്കുക അതിൽ ഇടയ്ക്ക് കെണി ഒരുക്കി ശത്രുവിനെ വഴിതെറ്റിക്കുക തങ്ങൾക്ക് രക്ഷപെടാനുള്ള തരങ്കം മാത്രം യമുനാ നദി വരെ തീർക്കണം, പാണ്ഡവർ തുരംഗം ഉണ്ടാക്കാൻ തുടങ്ങി സഹായത്തിന് കൃഷ്ണന്റെ രഹസ്യ പരിചാരകരും കല്ലാശാരി മാരും. പ്രധാന ഹാളിൽ നിന്നും വലത്തോട്ട് തിരിയുമ്പോൾ ഒരു ചെറിയ വാതിൽ, അതേ പോലെ ഇടത്തോട്ട് തിരിയുമ്പോഴും ഒരെണ്ണം പക്ഷേ അത് തുറക്കില്ല കാരണം അത് വാതിൽ അല്ല  അതുപോലെ രൂപകല്പന ചെയ്തിരിക്കുന്നു എന്ന് മാത്രം. ആദ്യം കണ്ട വാതിലിലൂടെ അകത്തുകടന്നാൽ ഇടുങ്ങിയ ഒരു ഇടനാഴികാണം അതിന്റെ അവസാനം മൂന്ന് ദിക്കിലേയ്ക്കും ചവിട്ട് പടികൾ താഴേയ്ക്ക് നീളുന്നു അതിൽ നേരെ ഉള്ളതാണ് ശരിക്കുള്ള വഴി. അവിടെ നിന്നും ഗുഹകൾ ആരംഭിക്കുന്നു പല വലുപ്പത്തിലുള്ള വൃത്താകൃതിയിലുള്ളവ  പണി പുരോഗമിച്ച് വന്നപ്പോൾ ഒരു ഗുഹയിൽ മണ്ണിടിച്ചിൽ അത് കല്ലും മണ്ണൂം വീണ് മൂടിപ്പോയി. ഭീമൻ നിരാശനായി ജേഷ്ഠനെ നോക്കി അദ്ദേഹം ഭീമനെ സമാ‍ധാനിപ്പിച്ചു നമുക്ക് ഒരു വഴി കണ്ടെത്താം.

നകുലനും സഹദേവനും കാടിന്റെ പുറത്ത് അടുത്തുള്ള ഗ്രാമത്തിലേയ്ക്ക് നടന്നു വേഷപ്രഛന്നരായ അവരെ കണ്ടുപിടിക്കുക അസാധ്യമായിരുന്നു. അവർ ആ ഗ്രാമത്തിലെ കൊല്ലന്റെ ഇരുമ്പ് പണിശാലയിൽ എത്തി, (കൊല്ലൻ= ഇരുമ്പ്/ഉരുക്ക് കൊണ്ട് ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കുന്ന ആൾക്കാർ) കൊല്ലനോട് ഇരുവരും തങ്ങളുടെ ആവശ്യം പറഞ്ഞു പല വ്യാസത്തിലുള്ളതും എട്ട് അംഗുലം വീതിയുള്ളതുമായ ഇരുമ്പ് വളയങ്ങൾ വേണം ഒരംഗുലം ഘനം ഉണ്ടായിരിക്കണം, വളയത്തിന്റെ വ്യാസങ്ങളുടെ അളവുകൾ കൊല്ലന് കൈമാറി അവർ യാത്രയായി,

കൊല്ലൻ മുറ്റത്ത് കിടന്നിരുന്ന ഇരുമ്പ് തകിടിലേയ്ക്ക് നോക്കിയിരുന്നു. എത്ര നീളം മുറിക്കും ?? ഈ നീളം മതി‌യാകുമോ ?? അദ്ദേഹം പരവശനായി, പണിതില്ലങ്കിൽ ? ഭീമസേനന്റെ ഭീമാകാര രൂപം മനസ്സിൽ കണ്ട കൊല്ലൻ ബോധം നശിച്ച് നിലത്ത് വീണു……..

“അയ്യോ…… എന്റെങ്ങേര് വീണേ…..”

ഉച്ചത്തിലുള്ള കൊല്ലത്തിയുടെ നിലവിളികേട്ടാണ് ഞാൻ അങ്ങോട്ട് ചെന്നത്, മുറ്റത്ത് കിടന്ന ഒരംഗുലം കട്ടിയുള്ള ഇരുമ്പ് തകിടിന്റെ അടുത്ത് ചലനമില്ലാതെ കിടക്കുന്ന കൊല്ലൻ, സംഭവം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.

“ലവന്മാർ വന്ന് പോയപ്പോഴാണ് എന്റെങ്ങേര് വീണത്..”

അടുത്തെങ്ങും ആരെയും കാണാതിരുന്നതുകൊണ്ട് ഞാൻ ചോദിച്ചു

“ഏത് ലവന്മാർ…”

കൊല്ലത്തി എന്നെ സൂക്ഷിച്ചുനോക്കി

“ഒരുപോലിരിക്കുന്ന ലവന്മാർ”

കാര്യം മനസ്സിലായില്ലെങ്കിലും ഞാൻ അവരെ സമാധാനിപ്പിച്ചു,

“ചേച്ചി സമാധാനിക്ക് അണ്ണന് കൊഴപ്പങ്ങൾ ഒന്നും ഇല്ലല്ലോ…. ഇത്തിരി വെള്ളം ഇങ്ങുകൊണ്ടുവ “

കൊല്ലത്തി അകത്തേയ്ക്ക് കയറിപ്പോയി, അല്പം കഴിഞ്ഞ് അവർ വെള്ളവുമായി എത്തി ഞാൻ വെള്ളം മുഖത്ത് തളിച്ചു

“ശിവരാമൻ ചേട്ടാ “

കൊല്ലൻ ശവരാമൻ, ഞങ്ങൾ ശവരാമൻ ചേട്ടൻ എന്ന് വിളിക്കും

“എന്തര് പറ്റി തള്ളെ”

“നീ കുടിക്കാൻ ഇത്തിരി വെള്ളം താ..”

ഒറ്റവലിക്ക് മൊന്തയിലെ വെള്ളം മുഴുവൻ കുടിച്ചു, ചേട്ടനെ ആരോ വെള്ളം കുടിപ്പിച്ചിട്ടുണ്ട് എന്ന് മനസ്സിലായി നീട്ടിപ്പിടിച്ച കുറുപ്പടി ഞാൻ കണ്ടു, വ്യാസം എന്ന് എഴുതിയിട്ട് കുറെ സംഖ്യകൾ എനിക്കൊന്നും മനസ്സിലായില്ല

“എന്താ ഇത്??“

“എന്റെ കാലൻ..”

“ഹ ഹ ഹ ചേട്ടാ ഇത് കാലനല്ല അളവുകൾ ആണ് “

“അതേടാ എന്റെ ശവപ്പെട്ടിക്കുള്ള അളവുകളാ അത്”

“ഏയ് ഇത്ര ചെറിയ പെട്ടി പോരാ “

“പോടാ അവിടുന്ന്..”

ശിവരാമൻ ചേട്ടൻ ചൂടായി, പിന്നെ ചേട്ടൻ എന്നോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു.

“വ്യാസം വച്ചിട്ട് ചുറ്റളവ് എങ്ങനെ കാണും ?? അത് അറിഞ്ഞാലെ തകിട് മുറിക്കാൻ പറ്റു, പിന്നെ അത് വളച്ച് വളയം ആക്കണം…..ഇല്ലെങ്കിൽ ആ തടിയൻ എന്നെ ചവിട്ടിക്കൂട്ടും”

ഇന്നായിരുന്നെങ്കിൽ നമുക്ക് 2പൈ ആർ വച്ച് ശിവരാമൻ ചേട്ടനെ രക്ഷിക്കാമായിരുന്നു പക്ഷേ ഇത് പാണ്ഡവരുടെ കാലം പൈക്കും എത്രയോ ആയിരം ആണ്ടുകൾക്ക് മുൻപ് ? അവസാനം ഞാൻ ആ സൂത്രം ശിവരാമൻ ചേട്ടനോട് പറഞ്ഞുകൊടുത്തു അതുവച്ച് ശവരാമൻ ചേട്ടൻ വളയങ്ങൾ ഉണ്ടാക്കി നൽകിഎല്ലാം കൃത്യം അളവ്, ഇന്നും ആ ഇരുമ്പ് വളയങ്ങൾ പുരാണ ഖിലയുടെ ഗുഹാ മുഖത്ത് കാണാം ( കാണുന്നില്ലെങ്കിൽ ഏതെങ്കിലും ആക്രികടക്കാരൻ അടിച്ചു മാറ്റിയാതായിരിക്കും അമ്മച്ചിയാണെ സത്യം ഞാനൂടെ കൂടിയാ അവിടെ “റിവറ്റ് “ വച്ചത് )

ഞാൻ കണ്ടെത്തിയ സൂത്രവാക്യം എന്തായിരിക്കും??, ഗൂഗിൾ അമ്മച്ചിയിൽ ഞക്കി നോക്കിയിട്ട് അതിന് സമാനമായത് ഒന്നും കണ്ടില്ല,  നിങ്ങൾക്ക് എന്തെങ്കിലും ഐഡിയാ തോന്നുന്നുണ്ടോ……ഹരി സാറിനോട് ഞാൻ ഉത്തരം പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്റെ മെയിലിൽ. എങ്ങനെ ഞാൻ അത് കണ്ടെത്തി എന്ന് സവിസ്തരം അടുത്ത പോസ്റ്റിൽ എഴുതാം. മുകളിൽ പറഞ്ഞ കഥ ഞാൻ സ്വപ്നത്തിൽ കണ്ടതാ അതാ പാണ്ഡവരും ശിവരാമൻ ചേട്ടനും ഞാനും ഒക്കെ ഒരുമിച്ചു വന്നത് എങ്ങനുണ്ട് ????

Advertisements