Archive for October 2010

അറിവിന്റെ അനന്ത സാഗരം

October 11, 2010

അറിവിന്റെ  അക്ഷയ നിധിയാണ് ഇന്റർനെറ്റ്, വിജ്ഞാനം വിരൽ തുമ്പിൽ എന്നു പറയുന്നതായിരിക്കും ശരി, പ്രോസസ്സറിന്റെ സ്പീഡ് അനുസരിച്ച് അറിവുകളുടെ കിളിവാതിൽ നിങ്ങൾക്ക് മുന്നിൽ നൊടി‌ഇടയിൽ തുറക്കുന്നു. ഇങ്ങനെ ഇന്റെനെറ്റിന്റെ ഗുണവശങ്ങൾ അനന്തമായി തുടരുമ്പോഴും മരണത്തിന്റെ മണിമുഴക്കവുമായി ചില പേജുകൾ തുറക്കപ്പെടുന്നു. അങ്ങനെ ഒരു വാർത്തയാണ് ഇന്ന് പത്രങ്ങൾ വിളമ്പിയത്. ചവറ സ്വദേശിയായ മനോഹരൻ എന്ന 45 വയസ്സുകാരനും ഏകമകൾ 12 വയസ്സുകാരി മോണിഷയും.

തന്റെ ഭാര്യയുടെ നഗ്നഫോട്ടോ ഇന്റെർ നെറ്റിലൂടെ പ്രചരിക്കുന്നുണ്ട് എന്ന് അറിയുകയും അത് തന്റെ സുഹൃത്തിന്റെ കമ്പ്യൂട്ടറിൽ നിന്നും ബോധ്യപ്പെടുകയും ചെയ്തപ്പോൾ ആ സാധുമനുഷ്യന്റെ വിവേചന ശക്തി മരണത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തത്.(കൂടുതൽ വാർത്ത ലിങ്കിൽ നിന്നും വായിക്കാം) സദാചാരത്തിന്റെ നൂലിഴകളാൽ ബന്ധിതമായ നമ്മുടെ കുടുംബബന്ധങ്ങൾ ഇത്തരം വാർത്തകൾ തകർത്ത് തരിപ്പണമാക്കും എന്ന് ഞാനും നിങ്ങളും അടങ്ങുന്ന ഈ സമൂഹത്തിന് നന്നായി അറിയാം എന്നിട്ടും അടുത്തവന്റെ ഭാര്യയുടെ, മകളുടെ, അമ്മയുടെ ഒക്കെ നഗ്നചിത്രങ്ങൾ കാണാൻ ആസ്വദിക്കാൻ, മറ്റുള്ളവർക്ക് ആസ്വദിക്കാൻ ഒക്കെ നാം അവസരങ്ങൾ തേടിപ്പോകുകയും, അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുകയും ചെയ്യുമ്പോൾ ഭാരതീയനെ, മലയാളിയെ ഗ്രസിക്കുന്ന രോഗാവസ്ഥ എത്രമാത്രം ഭയമുളവാക്കുന്നതാണ് എന്ന സത്യം ഞെട്ടിക്കുന്നതാണ്. രോഗാതുരമായ നമ്മുടെ മനസ്സ് പുതിയ സാങ്കേതികതയുടെ ആഴവും പരപ്പും ഇത്തരം ജീർണ്ണതകൾക്കായി ഉപയോഗിക്കുമ്പോൾ, ആര് അതിനെ നിയന്ത്രിക്കും എന്നത് ഒരു കീറാമുട്ടിയാകുന്നു.

ഇത്തരം ജീർണ്ണതകളെ  ശാശ്വതമായ തുടച്ചു നീക്കേണ്ടത് അനിവാര്യമായ ഒന്നാണ്. ദുർബ്ബലനായ ഒരു മനുഷ്യന്റെ ഭാര്യയെ കുറെ ആളുകൾ ചേർന്ന് പീഠിപ്പിക്കുക അതിന് ശേഷം അവരുടെ നഗ്നഫോട്ടോ ഇന്റെർ നെറ്റിൽ പോസ്റ്റ് ചെയ്യുക. ഇതൊക്കെ ഒരു സാക്ഷര സമൂഹത്തിന് ചേർന്ന താണോ ?? പിന്നെ എന്തിനാണ് ഇവിടെ ഒരു നിയമവും നിയമ വ്യവസ്ഥിതിയും ???, ഈ വാർത്ത കേരളത്തിലെ ആദ്യ സംഭവം ഒന്നുമല്ല. സമാന സ്വഭാവമുള്ള എത്ര സംഭവങ്ങൾ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു സ്വന്തം ഭാര്യയുടെ നഗ്നചിത്രങ്ങൾ ഓർക്കൂട്ടിൽ പോസ്റ്റ് ചെയ്ത പ്രവാസി മലയാളി മുതൽ കുടിവെള്ളം കൊടുത്ത വീട്ടമ്മയെ ചുംബിച്ച് മൊബയിൽ ചിത്രമെടുത്ത് ലൈംഗികമായി പീഠിപ്പിച്ച കൌമാരക്കാരൻ വരെ. ഇതിലെ പ്രതികൾ എത്രപേർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് ??  എന്ത് ശിക്ഷയാണ് നാം നൽകാൻ പ്രാപ്തരായത്.  ശിക്ഷകൾ കുറ്റം ചെയ്തതിന്റെ ശിക്ഷമാത്രമല്ല. അത് സമൂഹത്തിനുള്ള മുന്നറിയിപ്പായിരിക്കണം.ശിക്ഷയുടെ കാഠിന്യം കുറ്റകൃത്യങ്ങൾ ഇല്ലാതിക്കും എന്ന് പറയുന്നില്ല എന്നാൽ അതിന്റെ എണ്ണത്തിൽ കുറവുണ്ടാക്കും.മനുഷ്യാവകാശം അത് അർഹതപ്പെട്ടവനെ നൽകാവു, അല്ലാതെ മനുഷ്യാവകാശദ്വംസകർക്കുള്ളതല്ല.( മകളെ പീഠിപിച്ച പിതാവിന് ഫിലീപ്പിൻസിൽ കിട്ടിയ ശിക്ഷ നോക്കു 14600 വർഷം. ഒരു വർഷം സ്ഥിരമായി മകളെ പീടിപ്പിച്ച അച്ഛന് ഓരോ പീഠനത്തിനും 40 വർഷം വീതം തടവ്) ജീവപര്യന്തം എന്നാൽ 14 വർഷം അല്ല എന്ന് സുപ്രീം കോടതി ഒരിക്കൽ ചൂണ്ടിക്കാണിക്കുകയുണ്ടായി, പക്ഷേ നമ്മുടെ രാഷ്ട്രീയക്കാർ ഇതൊന്നും ശ്രദ്ധിക്കാറില്ല…. അതെ അവർ ഒന്നും ശ്രദ്ധിക്കാറില്ല തങ്ങളുടെ കുടുംബത്തിലുള്ളവർക്ക് വരുമ്പോൾ ഒഴികെ!!!!!!!!!!!!!!!!!

Advertisements