Archive for ജനുവരി 2011

പറയേണ്ടവർ മറന്നവ !

ജനുവരി 22, 2011

എൻഡോസൾഫാന്റെ ദോഷങ്ങളെകുറിച്ച് കേരളത്തിലെ ജനങ്ങൾ കക്ഷിരാഷ്ട്രീയ ഭേദമന്യെ ബോധവാന്മാരാണ്. ഈ “വിഷം” അധവാ കീടനാശിനി അത് ഉപയോഗിച്ചിടത്തോക്കെ “ജനിതക മാറ്റം” വരുത്തിയ മനുഷ്യരെ (കുഞ്ഞുങ്ങളെ) സൃഷ്ടിച്ചു. വിരൂപരും, അർബുദം പോലുള്ള ഭയാനക രോഗങ്ങളും തിരുശേഷിപ്പായി.എണ്ണിയാൽ ഒടുങ്ങാത്ത യാതനകൾപേറുന്ന ഒരു കൂട്ടം മനുഷ്യരെ വാർത്തെടുത്തു. കുറേകാലം മുൻപ് ഇത് വാർത്തയാവുകയും പിന്നീട് പത്രത്താളുകളിൽ നിന്നും മാഞ്ഞുപോകുകയും ചെയ്ത അത്ഭുതപ്രതിഭാസം നാം കണ്ടു. വീണ്ടും മാധ്യമവിചാരണ നേരിടുകയാണ് ഈ “മരുന്ന്”. ഈ മരുന്ന് തളിച്ച് ജീവൻ വച്ച കശുമാവിൻ തോപ്പിലെ കശുവണ്ടിപ്പരിപ്പിന്റെ ഒരു തരി പോലും ഈ ഇരകൾ ഭക്ഷിച്ചിട്ടില്ല. അതിൽ നിന്നും ലഭിച്ച ഡോളർ കെട്ടുകൾ അങ്ങ് ഡെൽഹിയിലെ കൊട്ടാരവളപ്പുകൾക്കുള്ളിലെ സാമ്പത്തിക ശാസ്ത്രമികവുകളുടെ പിടിയിലായിരുന്നു. ഇന്നും ആ വീതപലിശയിൽ ഒരംശംപോലും ഇവർക്ക് മരുന്നിനായ് നൽകാൻ വിദ്യാസമ്പന്നരായ നമ്മുടെ ഉദ്ദ്യോഗസ്ഥ പ്രഭുക്കന്മാർ തയ്യാറല്ല രാഷ്ട്രീയ കുബേരന്മാരും.

വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് ഞാൻ ഇത് എഴുതുന്നത്. അതുകൊണ്ടുതന്നെ ഇതിലെ കണക്കുകൾ ഏകദേശകണക്കുകൾ മാത്രമാണ്. ഏറ്റവും കുറഞ്ഞത് ഒരു വർഷം എങ്കിലും പഠിച്ചതിന് ശേഷം തയ്യാറാക്കേണ്ട കുറിപ്പ്, അത് എന്റെ കണ്ണിൻ മുന്നിൽ വന്നുപെട്ട ചില കാഴ്ച്ചയിലൂടെ പറയാൻ ശ്രമിക്കുന്നു.

കുട്ടനാട്ടിലെ ഒരു വിളവെടുപ്പ് കാലം

കുട്ടനാട്ടിലെ ഒരു ഉൾനാടാൻ ഗ്രാമത്തിലാണ് എന്റെ വീട്. കർഷക തൊഴിലാളികളും, കർഷകരും, മറ്റ് ഇതര ജോലിക്കാരും ഉള്ള ഒരു ഗ്രാമം.ഉദ്ദേശം ഇരുപത് വർഷം മുൻപ് ഞങ്ങളുടെ അയല്പക്കത്ത് ഒരു അത്ഭുതബാലൻ ജനിച്ചു. ഏകദേശം ഈ ലിങ്കിൽ കാണുന്ന രൂപ ഭാവങ്ങൾ ഒക്കെയായിരുന്നു ആ കുട്ടിക്ക്, ഞങ്ങൾക്ക് എല്ലാം അവൻ ഒരു അത്ഭുതബാലനായിരുന്നു. അവന്റെ ഉടലിന്റെ ആനുപാതികമായിട്ടായിരുന്നില്ല തലയുടെ വളർച്ച ഞാൻ ഒന്നുരണ്ടാവർത്തി ആ കുട്ടിയെ കണ്ടിട്ടുണ്ട്. അവന്റെ  മാതാപിതാക്കൾ ദൈവകോപമായിട്ടോ, വിധി ആയിട്ടോ ഒക്കെ സമാധാനിച്ചു.തന്റേതല്ലാത്ത തെറ്റിന്റെ ഭലം അനുഭവിക്കേണ്ടിവരുന്ന സാധാരണക്കാരൻ അതിനെതിരെ സംസാരിക്കാതെ സ്വന്തം വിധി എന്ന നിലയ്ക്ക് അതിനെ അനുഭവിക്കുന്നു, അല്ലെങ്കിൽ ഇന്ത്യൻ ജനാധിപത്യത്തിൽ അത് അങ്ങനെയാണ്. ഇന്ന് ആകുട്ടി ജീവിച്ചിരിപ്പില്ല. ശോഷിച്ച ഉടലും വലിയ തലയുമായി അവൻ കാലയവനിയിൽ മറഞ്ഞു.

അത് ഒരു തുടക്കം മാത്രമായിരുന്നു, പിന്നെയും അത്തരം സംഭവങ്ങൾ കുട്ടനാട്ടിൽ പലയിടത്തും ആവർത്തിച്ചു. മാസം തികയാതുള്ള പ്രസവങ്ങൾ, ജനിക്കും മുൻപേ മരിക്കേണ്ടിവന്നവ അങ്ങനെ പലരൂപത്തിൽ “വിധി” കൾ ആവർത്തിച്ചു. ഒരിക്കൽ പോലും നമ്മുടെ മെഡിക്കൽ ഓഫീസർ മാർ ഇത്തരത്തിലുള്ള അസ്വാഭാവികതകളെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന്ഞാൻ വിശ്വസിക്കുന്നു. ഈ കഴിഞ്ഞ വർഷം എനിക്കും ഒരു പ്രിമച്വർ കുഞ്ഞ് ഉണ്ടായി അതിന് മുൻപ് എന്റെ  അയൽക്കാരനും, മറ്റൊരു ബന്ധുവിനും മാസം തികയാത്ത കുട്ടികൾ പിറന്നു. അതിൽ ഒരു കുട്ടിയുടെ തല അല്പം വലുതാണ്. ഇപ്പോൾ മാസം തികയാതെ ഉണ്ടാകുന്ന കുട്ടികൾ കുട്ടനാട്ടിൽ ഒരു സാധാരണ സംഭവമായിരിക്കുന്നു.

എൻഡോസൾഫാൻ വിവാദവും ഇന്നുവരെ വിവാദമായിട്ടില്ലാത്ത കുട്ടനാട്ടിലെ ജനങ്ങളുടെ ജീവിതത്തിനും സമാന സ്വഭവം ഉണ്ട്. കുട്ടനാട്ടിലും വില്ലൻ “മരുന്ന്” തന്നെ! ഏകദേശം 59375 ഹെക്ടർ പാടശേഖരം ഉണ്ട് കുട്ടനാട്ടിൽ,ഒരു ഹെക്ടർ മുതൽ മുകളിലോട്ട് ചെറുതും വലുതുമായ് നിരവധി പാടശേഖരങ്ങൾ. പി.എം തോമസിന്റെ പഠന റിപ്പോർട്ടിൽ പറയുന്നപോലെ “ദൈവം ഭൂമി സൃഷ്ടിച്ചു മനുഷ്യൻ കുട്ടനാടിനേയും“. രാസവള-കീടനാശിനി പ്രയോഗത്തിലൂടെ കുട്ടനാടിന്റെ എക്കോസിസ്റ്റത്തെ തകർത്തു എന്ന് അദ്ദേഹം പറയുന്നുണ്ട്. ആ തകർച്ചയുടെ ആഴം മനസ്സിലാക്കണമെങ്കിൽ അവിടുത്തെ സാധാരണക്കാരനോട് ചോദിക്കണം. കുട്ടനാട് റീജൺ 82 വില്ലേജ്കൾ ചേർന്നതാണ് ഇവ ആലപ്പുഴ, പത്തനം തിട്ട, കോട്ടയം എന്നീ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്നു. അപ്പർകുട്ടനാട്, ലോവർ കുട്ടനാട്, നോർത്ത് കുട്ടനാട് എന്നിങ്ങനെ കുട്ടനാടിനെ വിഭജിച്ചിരിക്കുന്നു. ഇതിൽ ലോവർ കുട്ടനാടാണ് പരിസ്ഥിതിപ്രശ്നങ്ങളുടെ പ്രത്യാഖാതങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. ലോവർകുട്ടനാട്ടിലെ പ്രധാനപ്പെട്ട ചില ഗ്രാ‍മങ്ങൾ ആണ് ഇവിടെ ഇരകൾ .വെളിയനാട്, വേഴപ്രാ, കിടങ്ങറ, രാമങ്കരി, കുന്നംകരി, കുമരംകരി, മാമ്പുഴക്കരി, ചങ്ങങ്കരി, ചേന്നംകരി, പുതുക്കരി, മിത്രക്കരി, തായങ്കരി, കുട്ടമംഗലം, എടത്വാ, തലവടി, നീലമ്പേരൂർ, കൈനടി, കാവാലം, പുളിങ്കുന്ന് ചമ്പക്കുളം, നെടുമുടി, മൂന്നാറ്റുമുഖം, വേണാട്ടുകാ‍ട്, കായൽപ്പുറം, മോങ്കൊമ്പ്, മണലാടി, കൊടുപ്പുന്ന, പുല്ലങ്കടി എന്നിവ ഇതിൽ പ്പെടും.ഈ ഗ്രാമങ്ങളിലൊക്കെ വിശധമായ ഒരു പഠനം നടത്തിയാൽ ഞാൻ പറയുന്ന കാര്യം ശരിയാണ് എന്ന് ബോധ്യപ്പെടും.

കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേഗത ഈ ഭൂപ്രദേശം സമുദ്രനിരപ്പിനും താഴെ ആണ് എന്നുള്ളതാണ്. ഇതിന്റെ 59375 ഹെക്ടർ നെൽ‌പ്പാടവും സമുദ്രജലനിരപ്പിനും താഴെയാണ് എന്ന് ചുരുക്കം. ഈ പാടങ്ങളിൽ കൃഷി ഇറക്കുന്നതിന് ഇതിലെ ജലം പമ്പ്ചെയ്ത് വറ്റിക്കണം. ഈ ജലം പമ്പ് ചെയ്യപ്പെടുന്നത് കേരളത്തിലെ നാല് പ്രധാന നദികളുടെ കൈവഴികളിലേയ്ക്കായിരിക്കും. പമ്പ, മീനച്ചിലാർ, അച്ചൻ‌കോവിലാർ, മണിമലയാർ എന്നിവയാണ് ആ നദികൾ. കുട്ടനാട്ടിലെ ആളുകൾ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് ഈ നാല് നദികളിലെ ജലമാണ്. ലോകത്തിലേയ്ക്കും ഏറ്റവും പ്രതിരോധശേഷിയുള്ള മനുഷ്യർ ആരെന്ന് ചോദിച്ചാൽ നമുക്ക് കണ്ണൂമടച്ച് പറയാം അത് കുട്ടനാട്ട്കാർ ആണ് എന്ന്. ഇനീ ഈ നദികളിലേയും കുട്ടനാട്ടിലെ മറ്റ് കനാലുകളുടേയും ശുദ്ധിയെപറ്റി നോക്കാം. 59375 ഹെക്ടർ കൃഷിഭൂമിയിൽ കീടങ്ങളിൽ നിന്നും നെൽച്ചെടിയെ സംരക്ഷിക്കാൻ കീടനാശിനികൾ ആവശ്യമാണ് ഒരു ഏക്കറിന് 100മില്ലിലിറ്റർ മുതൽ 250 മില്ലിലിറ്റർവരെ പ്രയോഗിക്കേണ്ട കീടനാശിനികൾ വരെ ഇക്കൂട്ടത്തിൽ പെടും. ഒരുപൂവ്കൃഷിയിൽ (ഒരു പൂവ് എന്നാൽ വിളവിറക്കൽ മുതൽ വിളവെടുപ്പുവരെ ഉള്ള കാലം 110-120 ദവസം. മുപ്പൂവരെ അല്ലെങ്കിൽ മൂന്ന് കൃഷിചെയ്യുന്ന പാടശേഖരങ്ങളും ഉണ്ട്.) മൂന്നും നാലും ആവർത്തി വിവിധ തരത്തിലുള്ള മരുന്നുകൾ തളിക്കുന്നു. ഒരു ഹെക്ടറിന് 300-500 മില്ലി ലിറ്റർ എന്ന കണക്കിൽ ശരാശരി മൂന്ന് തവണ, 900 മുതൽ ഒന്നര ലിറ്റർ “വിഷം” . 59375 * 1.5 ലിറ്റർ എന്നാൽ 89062.5 ലിറ്റർ ! ഈ വിഷങ്ങൾ ഒക്കെ 100 മില്ലിലിറ്റർ വെള്ളം കലർത്താതെ മനുഷ്യന്റെ ഉള്ളിൽ ചെന്നാൽ മരണം ഉറപ്പാണ്.

കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൊണ്ട്, കൃഷിയിടങ്ങളിൽ തളിച്ച ഈ വിഷം വീര്യം ഭാഗികമായി നശിച്ചോ അല്ലാതയോ പാടശേഖരങ്ങളിൽ നിന്നും കനാലുകളിലേയ്ക്ക്, അല്ലെങ്കിൽ, കുട്ടനാട്ടിലെ പ്രധാന ജലസ്രോതസ്സുകളിലേയ്ക്ക് പമ്പ് ചെയ്യപ്പെടുന്നു. ഈ വിഷാംശം കലർന്ന “ശുദ്ധ”ജലമാണ് കുട്ടനാട്ടിലെ ജനങ്ങൾ ഉപയോഗിക്കുന്നത് കുളിക്കാനും, നനയ്ക്കാനും, ജീവൻ നിലനിർത്താനും. ഒരു കൃഷിക്ക് ഉപയോഗിക്കുന്നത് 89062.5 ലിറ്റർ അപ്പോൾ ഒരു വർഷത്തിൽ 2ഉം 3ന്നും കൃഷിയിൽ നിന്നും വരുന്ന വിഷാംശം കലർന്ന ജലം കുട്ടനാട്ടിലെ ജലസ്രോതസ്സുകളെ എത്രത്തോളം വിഷലിപ്ത്മാക്കിയിട്ടുണ്ട് എന്ന് ചിന്തിക്കുമ്പോൾ തന്നെ പേടിയാവും. ജീവിതത്തിൽ കൃത്യമായി കണക്കുകൾ സൂക്ഷിക്കാത്ത സാധാരണക്കാരൻ ഇതൊന്നും ഗൌനിക്കാറില്ല. ഈ ജലത്തിന്റെ നിരന്തരമായ ഉപയോഗസംസർഗ്ഗം കൊണ്ടാവണം ഞാൻ മുകളിൽ പറഞ്ഞ ആരോഗ്യപ്രശ്നങ്ങൾക്ക് കുട്ടനാട്ടുകാർ ഇരയാകുന്നത്. ഈ അരോപണം ശാസ്ത്രീയമായി തെളിച്ചിട്ടൊന്നുമില്ല, “മരുന്ന്” പ്രയോഗം കുട്ടനാട്ടിലെ ജലത്തെ വിഷമയമാക്കുന്നില്ല എന്ന് ഒരു റിപ്പോർട്ടും ഇതുവരെ വന്നിട്ടുമില്ല , അതുകൊണ്ട് കുട്ടനാട്ടിലെ ജനങ്ങൾക്ക് ജനിതക വൈകല്ല്യം ഉണ്ടാവില്ല എന്ന തീർപ്പാക്കത്ത കാലം വരേയ്ക്കും ഈ ആരോപണത്തിൽ നിന്നും പിൻ‌വാങ്ങുകയും ചെയ്യില്ല.

ഒരു 2ജി വിളവെടുപ്പ് (രണ്ടാം ജനറേഷൻ വിളവെടുപ്പ് പകുതി യന്ത്ര വൽകൃതം, ഇപ്പോൾ 3ജിയും ആയി)

കഴിഞ്ഞ കുറേ കാലം മുൻപ് വരെ കുട്ടനാട്ടിലെ നെല്ലിൽ നിന്നും ഉദ്പാദിപ്പിക്കുന്ന അരിയിൽ നിന്നുമുള്ള ആഹാരങ്ങൾ ആയിരുന്നു ഇവിടുത്തെ ജനങ്ങൾ ഭക്ഷിച്ചിരുന്നത്. ഇപ്പോൾ അതിന് കുറേഒക്കെ മാറ്റംവന്നു, കൊയ്ത്ത് എന്ത്രം അതിന് ഒരു കാരണമാണ്. (കൊയ്ത്ത് എന്ത്രത്തിന്റ് രാഷ്ട്രീയം തൽക്കാലം ഇവിടെ പറയുന്നില്ല). സ്ഥിരമായ് ഈ ഭക്ഷണം ഉപയോഗിക്കവഴി ആ രീതിയിലും വിഷാംശം ആളുകളുടെ ഉള്ളിൽ ചെന്നിരിക്കാം. ക്യാൻസർ പോലുള്ള മാരക രോഗങ്ങളും മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കുട്ടനാട്ടിൽ കൂടുതൽ ആണ്.

കുട്ടനാടിന്റെ രക്ത ധമനികൾ ആയ നദികളും കനാലുകളും ഇന്ന് പലകാരണങ്ങൾ കൊണ്ട് മരിച്ചുകൊണ്ടിരിക്കുന്നു അതിൽ ഒരു പ്രധാന കാരണമാണ് ഞാൻ മുകളിൽ സൂചിപ്പിച്ച നെൽകൃഷി മൂലമുള്ള മലിനീകരണം. ഇതിന് പ്രതിവിധി നെൽകൃഷി ഇല്ലാതാക്കുക അല്ലെങ്കിൽ അവസാനിപ്പിക്കുക എന്നതല്ല.(നെല്ലിന് പകരം തെങ്ങ് വച്ചാൽ അത് വിളയല്ലെ, വെട്ടിനിരത്തലുമായി ബന്ധപ്പെട്ട് കുഞ്ഞൂഞ്ഞ് ചോദിച്ചത് ഓർക്കുന്നു). കർഷകരിൽ ശാസ്ത്രീയമായ കൃഷിരീതികളെ കുറിച്ച് അവബോധമുണ്ടാക്കുകയും, പുതിയ കൃഷി രീതികൾ അവലംബിക്കുക (ഗ്രൂപ്പ് ഫാമിംഗ്, ജൈവകൃഷിരീതി തുടങ്ങിയവ ) എന്നീ പ്രത്യാശകൾ നമുക്ക് മുന്നിലുണ്ട്. നമ്മുടെ കാർഷിക ഗവേഷണകേന്ദ്രങ്ങളിൽ മങ്കൊമ്പ് കാർഷിക ഗവേഷണ കേന്ദ്രം ഒഴികെ ഉള്ളത് നിത്യ നിദ്രയിൽ ആണെന്ന് പറയാം, അത്യുല്പാദന ശേഷിയുള്ളതും ഒപ്പം രോഗപ്രതിരോധ ശേഷിയുള്ളാതുമായ നെൽ‌വിത്തുകളുടെ ഉല്പാദനം അല്ലെങ്കിൽ അതിനുള്ള ഗവേഷണങ്ങൾ നമ്മൾ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നത് ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. കുട്ടനാട്ടിൽ പരക്കെ ഉപയോഗിച്ചിരുന്ന 1285 എന്ന നെൽച്ചെടി കഴിഞ്ഞ രണ്ട് മൂന്ന് കൃഷിയിൽ വളരെ താഴ്ന്ന രോഗപ്രതിരോധ ശേഷിയും കുറഞ്ഞ ഉത്പാതന ക്ഷമതയും കാട്ടി. പ്ക്ഷേ ഇതിന്റെ അരിയുടെ ഗുണ നിലവാരം കൊണ്ട് കുറേ കർഷകർ ഈ വിത്തുതന്നെ പരീക്ഷിച്ചു. ഭലമോ മറ്റ് നെൽച്ചെടികളേക്കാൾ കീടനാശിനി പ്രയോഗം ഈ വിത്തിനത്തിന് വേണ്ടി വന്നു ഒപ്പം രാസവള പ്രയോഗവും കുട്ടനാട്ടിൽ വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു വിത്താണ് ഡി-1. ഇതിന്റെ ഉത്പാതന കാര്യക്ഷമത ഉയർന്നതാണ്, രോഗപ്രതിരോധ ശേഷിയും. കുട്ടനാട്ടിലെ കൃഷിയിടങ്ങൾ എത്ര ഹെകടർ ഉണ്ട്  എന്ന് ചോദിച്ചാൽ അതിനെ കുറിച്ച് അറിയേണ്ടവർക്ക് അറിയില്ല എന്നത് ഒരു നഗ്നസത്യമാണ്. മുക്കിന്മുക്കിന് കൃഷിഭവനുകൾ ഉണ്ട് കുട്ടനാട്ടിൽ ഇതിലെ എത്ര കൃഷി ഓഫീസർമാർ നൽകൃഷിനടക്കുന്ന പാടശേഖരങ്ങൾ സന്ദർശിക്കുകയും അവിടുത്തെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യുന്നുണ്ട് ?? അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും വിളനിലങ്ങൾ ആണ് നമ്മുടെ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾ അവർക്ക് ആകെ പ്രദിപത്യത ശമ്പളക്കമ്മീഷനിലും അത് പ്രാവർത്തികമാക്കാൻ വേണ്ടിയുള്ള സമ്മർദ്ദതന്ത്രങ്ങളിലുമാണ്.

—————————തുടരും—————————————22.01.2011—————–

Advertisements

നാല് മന്ത്രിമാരും കുറേ പ്രതീക്ഷകളും

ജനുവരി 20, 2011

ങ്ങനെ നമ്മുടെ പ്രശ്നങ്ങൾ എല്ലാം മാറാൻ പോകുന്നു. കേരളത്തെ ഇത്രയും കാര്യമായ് ഗൌനിച്ച മറ്റൊരു (കോൺഗ്രസ്സ് ) കേന്ദ്രസർക്കാർ ഇതിന് മുൻപ് ഉണ്ടായിട്ടില്ല എന്ന് പറയാം.പ്രമോഷൻ കിട്ടിയ മൂന്ന് മന്ത്രിമാരും സഹനായി കെ.സി. വേണുഗോപാൽ എന്ന പുതുമുഖവും.  ശശിയണ്ണന്റെ ക്രിക്കറ്റ് “പ്രേമം” കസേര തെറിപ്പിച്ചെങ്കിലും ആശ്വാസമാകുകയാണ് കെ.സിയുടെ നിയമനം.

രവിച്ചേട്ടൻ പ്രവാസികൾക്കായി വളരെ ഉദാരവും കാര്യക്ഷമവുമായ പ്രവർത്തനം കാഴ്ച്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. വെള്ളാനകളുടെ മേച്ചിൽ‌പ്പുറമായ എയർ ഇന്ത്യ ഇനീ നന്നാവും എന്ന് കരുതാം. വൈപ്പൌട്ട് ചെയ്യേണ്ട കുറേ രീതിശാസ്ത്രം ഉണ്ട് വടക്കേ ഇന്ത്യൻ ലോബികളുടെ കൈയ്യിലായിരുന്ന  എയർ ഇന്ത്യയിൽ. കേരളീയരായ പ്രവാസികളോട് എന്നും അവഗണന മാത്രമേ വ്യോമയാന വകുപ്പും എയർ ഇത്യയും കാട്ടിയിട്ടുള്ളു. തലേൽ കെട്ടുള്ളതോ പേരിന്റെ വാലായി സിംഗ് അല്ലെങ്കിൽ മറ്റേതെങ്കിലും അലങ്കാര വാൽ ഉണ്ടെങ്കിലെ  ഈ വകുപ്പോ എയർ ഇന്ത്യയിലെ സാറന്മാരോ ഗൌനിക്കയുള്ളു. എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തിക്കൊണ്ടാണ് ഗൾഫ് സെക്ടറിലെ എയർ ഇന്ത്യയുടെ വിമാന സർവ്വീസുകൾ റദ്ദാക്കുന്നത്. ഈ കൊടും ചതികൾ മിക്കപ്പോഴും യു.എ.ഇ ലെ  വിമാനത്താവളങ്ങളെ മിഠായി തെരുവാക്കാറുണ്ട്. ഉയർന്ന എയർ ഫെയർ നൽകേണ്ടി വരുന്നതിനാൽ ഭൂരിഭാഗം വരുന്ന അടിസ്ഥാന വർഗ്ഗത്തിൽ പെട്ട പ്രവാസികൾ തങ്ങളുടെ  വെക്കേഷൻ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ആക്കാറുണ്ട്. ഇതിനൊക്കെ ഒരു അയവ് വരും എന്നാണ് എല്ലാ പ്രവാസികളുടേയും പ്രതീക്ഷ.

ഉപഭോക്തൃസംസ്ഥാനമായ കേരളം .കെ.വി.തോമസ്സിന്റെ സ്ഥാനക്കയറ്റം ആശ്വാസത്തോടെ ആണ് കാണുന്നത്.  ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യവകുപ്പുകളുടെ സ്വതന്ത്ര ചുമതലയാണ് അദ്ദേഹത്തിന് ലഭിച്ചത്. പൊതുവിതരണ മേഖലയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉത്തമ ബോധ്യമുള്ള വ്യക്തിയാണ് ശ്രീ കേ.വി.തോമസ് അതുകൊണ്ടുതന്നെ അതിനായ് അദ്ദേഹം ശ്രമിക്കും എന്ന് വിശ്വസിക്കാം. കെ.സി.വേണുഗോപാലിന്റെ ഊർജ്ജ സഹമന്ത്രി സ്ഥാനവും നമുക്ക് ഗുണം ചെയ്യുമാരിയിക്കും. കേരളത്തിലെ കേന്ദ്രമന്ത്രിമാർ കേരളത്തിനായ് ഒന്നും ചെയ്യാറില്ല എന്നതിന് ഇവർ അപവാദമായിക്കട്ടെ.

എന്തരോ എന്തോ…….