ശ്രീ പത്മനാഭന്റെ സ്വത്തും അതുവന്ന വഴിയും

ഇതൊക്കെ ആയിരുന്നു, ആണ് കേരളം ഇന്ന് ആഘോഷിക്കുന്നത്, അതെ നാം ശരിക്കും ആഘോഷിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട് “ദൈവ”ത്തിന്റെ പേരിൽ ലോക പ്രശസ്തമാകുന്നു, നാം അഭിമാനത്തോടെ തല ഉയർത്തിനിന്നു സംസാരിക്കുന്നു ശ്രീ പത്മനാഭന്റെ സ്വത്തിനെപ്പറ്റി ലക്ഷം കോടി, ഇനിയും തിട്ടപ്പെടുത്താത്ത കോടികൾ വേറെ.!! ഈ വിഷയവുമായി സംബന്ധിച്ച് എല്ലാ മീഡിയകളിലും TV മുതൽ google Buz വരെ ഗൗരവമുള്ളതും തമാശ നിറഞ്ഞതുമായ ഒത്തിരി സംവാദ വേദികൾ കണ്ടു. കൃഷ്ണയ്യർ മുതൽ എം ജി എസ് നാരായണൻ വരെ. ഇതിൽ നാരായണൻ അവർകളുടെ ലേഖനത്തിൽ അവാച്യമായ ഒരു രാജഭക്തിയും,സ്ഥിതിസമത്വം എന്നതിനെ ഒരുതരം വിരക്തിയോടെ കാണുകയും ചെയ്യും പോലെ തോന്നി, അതാണ് ഈ വാക്കിലൂടെ എനിക്ക് തോന്നിയത് “ഭാഗ്യവശാല്‍ ജയകുമാറിനെപ്പോലെ പ്രഗല്ഭനായ ഒരുദ്യോഗസ്ഥനും ഉമ്മന്‍ചാണ്ടിയെപ്പോലെ പക്വതയും വിവേകവും ഉള്ള ഒരു മുഖ്യമന്ത്രിയും ഉള്ളപ്പോഴാണ് തീരുമാനങ്ങള്‍ ഉണ്ടാവുന്നത്”   ആറുമാസം മുൻപായിരുന്നെങ്കിൽ സ്ഥിതിഗതികൾ മാറിയേനെ,കുറച്ചൂടെ മൃതുവായിപ്പറഞ്ഞാൽ NSS ജനറൽ സെക്രട്ടറി ശ്രീ രാമൻ നായർ പറഞ്ഞതുപോലെ എന്ന് വായന.

പത്മനാഭ സ്വാമിയും, സ്വമിഭക്തന്മാരായ തിരുവിതാംകൂർ രാജക്കന്മാരും ഉരുത്തിരിഞ്ഞ വഴിയൊക്കെ അദ്ദേഹം കാര്യമായി വിശധീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ലേഖനത്തിലെ ഈ വരികൾ വളരെ കാര്യമാത്രപ്രസക്തമായതാണ് “പല നൂറ്റാണ്ടുകളായി ഒരായിരം കൊല്ലത്തോളം രാജാക്കന്മാരുടെയും നാടുവാഴികളുടെയും പ്രഭുക്കന്മാരുടെയും വ്യാപാരികളുടെയും കാണിക്കയായി സ്വർണ്ണവും വെള്ളിയും രത്നങ്ങളും ആഭരണങ്ങളും ആ ക്ഷേത്രത്തിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. പ്രാർത്ഥനയായും പിഴയായും 18ാം നൂറ്റാണ്ടിലെ മാർത്താണ്ഡവർമയെപ്പോലെ മറ്റു ചെറുനാടുകള്‍ വെട്ടിപ്പിടിച്ച രാജാക്കന്മാര്‍ മധ്യകേരളത്തിലെയും തമിഴ്നാട്ടിലെയും ക്ഷേത്രങ്ങളും കോവിലകങ്ങളും നായര്‍ പ്രഭുഗൃഹങ്ങളും കൊള്ളചെയ്തുകൊണ്ടുവന്ന ഉപഹാരങ്ങളായും അളവറ്റ സമ്പത്ത് അവിടെ കുന്നുകൂടുകയുണ്ടായി.”  “ദേവന്റെ കൈവശമായാലും സ്വത്തുണ്ടെങ്കില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും രാഷ്ട്രീയനേതാക്കളുടെയും കണ്ണുകള്‍ അവിടെ ചെല്ലാതിരിക്കില്ലെന്ന് പണ്ടും ഇന്നും ചരിത്രം പഠിപ്പിക്കുന്നു.”

സ്വത്ത് ഏത് വിധം ഉണ്ടായി എന്നതിലുപരി അത് വ്യയം ചയ്തതിലും, കരുതൽ ധനമായി സൂക്ഷിച്ചതിലും തിരുവിതാംകൂർരാജാക്കന്മാരോട് ഓരോ മലയാളിയും, ഇന്ത്യാക്കാരനും കടപ്പെട്ടിരിക്കുന്നു.പക്ഷേ കേരളത്തിലെ ജനങ്ങൾക്ക്, ഈ സ്വത്തിന്റെ, സമ്പത്തിന്റെ പിറകിലെകണ്ണീരിന്റേയും, രക്തത്തിന്റേയും കറ കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രജകളുടെ അംഗോപാംഗം കരം പിരിച്ചിരുന്ന, ജാതിവെറികൊണ്ട് അടിമകളെ സൃഷ്ഠിച്ചെടുത്ത ഒരു രാജഭരണത്തിന്റെ ഒരേഒരു നല്ലവശം മാത്രമാണ് ഈ ക്ഷേത്ര സമ്പാദ്യം. സ്വജനപക്ഷപാദം കൊണ്ടും അഴിമതികൊണ്ടും ദുഷിച്ച് നാറിയ ഇന്നത്തെ വ്യവസ്ഥിതിയെ വെറുക്കുന്ന ജനങ്ങൾക്ക് തിരുവിതാം കൂറിലെ ഈ തമ്പുരാക്കന്മാർ പൊന്നുതമ്പുരാന്മാരാണ്. തിരുവിതാംകൂർ രാജാക്ക്ന്മാരുടെ ദാനമാണ് ഈ സമ്പത്തെന്ന് പറയുന്ന പുത്തൻ തമ്പുരാന്മാർ ഒന്നോർക്കുക. ഭരണാതികാരികൾ രാജ്യത്തിന്റെ കാവൽക്കാർ മാത്രമാണ്.കേരളഖജനാവ്, ഉമ്മൻ ചാണ്ടിയുടേത് ആണ് എന്ന് അദ്ദേഹത്തിന്റെ മകൻ   അവകാശപ്പെടുന്നത്ര ബാലിശം മാത്രമാണ് ഇതും. പ്രജകളുടെ കൈയ്യിൽ നിന്നും കരം പിരിക്കുന്നത് പൊന്നുതമ്പുരാട്ടിക്ക് അരഞ്ഞാണം പണിയാനല്ല എന്ന് ഓർക്കുന്നത് നല്ലത്. ശ്രീ പത്മനാഭന്റെ കാൽക്കൽ സമർപ്പിച്ച കാണിക്ക പൊന്നുതമ്പുരാൻ അധ്വാനിച്ച വകയിലുള്ളതല്ല എന്ന് എം.ജി.എസ്സിന്റെ ലേഖനത്തിൽ തന്നെ പറയുന്നുണ്ട്. തലയ്ക്കും, മുലയ്ക്കും എന്തിന് ചെറ്റപ്പുരയ്ക്ക് പോലും കരം പിരിച്ച മഹാരഥന്മാർ ആണ് തിരുവിതാം കൂർ ഭരിച്ചിരുന്നത്.

അനന്തശയനനായ ശ്രീ പത്മനാഭൻ സാക്ഷാൽ ശ്രീബുദ്ധൻ ആണ് എന്ന് തിരിച്ചറിയുമ്പോൾ ബുദ്ധനെ വിഷ്ണുവാക്കിയ വില്വമംഗലത്തെ ഓർക്കാതിരിക്കുന്നതെങ്ങനെ,അഫ്ഗാനിൽ മാത്രമായിരുന്നില്ല ബുദ്ധനെ പരിവർത്തനം ചെയ്തത് ഇവിടെ നമ്മുടെ മുറ്റത്തും അത് സംഭവിച്ചിരുന്നു ………………………..

എം.ജി.എസ്സിന്റെ ലേഖനത്തിന് ഉള്ള നല്ല ഒരു മറുപടിയാണ് ഡോക്ടർ എം.എസ് ജയപ്രകാശ് തന്റെ ലേഖനത്തിലൂടെ നൽകുന്നത്.തമ്പുരാന്മാർ ചെയ്ത സൽക്കർമ്മങ്ങളിൽ ഒന്നായി വാഴ്ത്തപ്പെടുന്നതാണ് ക്ഷേത്ര പ്രവേശന വിളംബരം.നിഷ്ക്കളങ്കർക്ക് അത് സല്പ്രവർത്തി തന്നെ പക്ഷേ എന്നാണ് ക്ഷേത്രപ്രവേശനം നിഷേധിച്ചത് എന്ന് ഈ നിഷ്ക്കളങ്കർ ഒരാവർത്തിപോലും ചിന്തിച്ചിട്ടില്ല.മാനഭംഗം ചെയ്യപ്പെട്ട പെൺകുട്ടിയെ മാനഭംഗംചെയ്തയാൾ വിവാഹം കഴിക്കുന്നതിലെ മഹാ മനസ്കത, സമയക്കുറവ്മൂലം തൽക്കാലം നിർത്തുന്നു. അധിക വായനയ്ക്ക് ഡോ.എം.എസ് പ്രകാശിന്റെ ലേഖനം വായിക്കാവുന്നതാണ്   മംഗളം ഒൺ ലൈനിൽ നിന്നും അത് ഇവിടെ കോപ്പിചെയ്യുന്നു.

പത്മനാഭസ്വാമി ക്ഷേത്രം: നേരും നുണയും (തിരുവിതാംകൂര്‍ ചരിത്രം; വേറിട്ടൊരു കാഴ്‌ചപ്പാട്‌)

ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുന്ന നിധിശേഖരമുള്ള പത്മനാഭസ്വാമി ക്ഷേത്രം ലോകശ്രദ്ധാകേന്ദ്രമായിരിക്കുകയാണല്ലോ. ഇതുസംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകളിലും മറ്റും അബദ്ധജടിലമായ കാര്യങ്ങളാണ്‌ പലരും പറഞ്ഞുകൊണ്ടിരിക്കുന്നത്‌. തിരുവിതാംകൂര്‍ ചരിത്രമറിയാത്ത ചരിത്രകാരന്മാരും സാംസ്‌കാരിക-സാഹിത്യ നായകരും അടിസ്‌ഥാനരഹിതമായ വാദങ്ങള്‍ നിരത്തുന്നതു വിചിത്രമാണ്‌. മലബാര്‍ചരിത്രം പോലെയാണു തിരുവിതാംകൂറും എന്ന മട്ടിലാണ്‌ ചില പ്രമുഖ ചരിത്രകാരന്മാര്‍പോലും കാര്യങ്ങള്‍ തട്ടിവിടുന്നത്‌.

ശ്രീപത്മനാഭനും രാജാക്കന്മാരും ഇത്രയധികം സ്വത്ത്‌ ജനങ്ങള്‍ക്കുവേണ്ടി സൂക്ഷിച്ചുവച്ചിരുന്നു എന്നും അത്‌ ആലോചിക്കുമ്പോള്‍ കോള്‍മയിര്‍ കൊള്ളുന്നു എന്നും പറയുന്നവരുണ്ട്‌. അന്നു ജനദ്രോഹപരമായി ഭരണം നടത്തിയിരുന്നവരെ വാഴ്‌ത്തുകയും ചെയ്‌തിരിക്കുന്നു. ഇത്രയ്‌ക്കും കരുണാനിധിയായ പത്മനാഭസ്വാമിയുടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ജനങ്ങളെ നൂറ്റാണ്ടുകളോളം അനുവദിക്കാതിരുന്നതും ജനങ്ങള്‍ക്കുവേണ്ടിയായിരിക്കുമോ!

യഥാര്‍ഥത്തില്‍ പഴയ ബുദ്ധവിഹാരമായിരുന്നു ഇന്നത്തെ പത്മനാഭസ്വാമിക്ഷേത്രം. അതുമായി ബന്ധപ്പെട്ട ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെയാണ്‌ അയിത്തം കല്‍പിച്ച്‌ പത്മനാഭദാസന്മാര്‍ മാറ്റിനിര്‍ത്തിയിരുന്നത്‌. ക്ഷേത്രപ്രവേശനം 1936ല്‍ നടന്നു. എന്നാല്‍ എന്നുമുതലാണ്‌ ക്ഷേത്രപ്രവേശനം നിഷേധിച്ചിരുന്നതെന്ന കാര്യം ആരും ചോദിക്കാറോ പറയാറോ ഇല്ല.

ഒമ്പതാം നൂറ്റാണ്ടിനുശേഷം നടന്ന കേരളത്തിലെ ആര്യവല്‍ക്കരണത്തെത്തുടര്‍ന്നാണ്‌ ബുദ്ധവിഹാരങ്ങള്‍ തകര്‍ത്ത്‌ ഹിന്ദുക്ഷേത്രങ്ങളാക്കി മാറ്റിയത്‌. പിന്നാക്ക- ദളിത്‌ വിഭാഗങ്ങള്‍ ഹിന്ദുക്കളായിരുന്നില്ല, ബുദ്ധമതക്കാരായിരുന്നു, അതുകൊണ്ടാണ്‌ അവരെ ക്ഷേത്രത്തില്‍ കയറ്റാതിരുന്നത്‌.

‘തിരുവിതാംകൂര്‍’ (മുമ്പ്‌ തിരുവിതാംകോടായിരുന്നു) എന്ന പദത്തിന്റെ അര്‍ഥംതന്നെ ബുദ്ധനെ സ്‌മരിക്കുന്നതാണ്‌. ഇക്കാര്യം ഇപ്പോള്‍ വിശദീകരിക്കുന്നില്ല. തിരുവിതാംകൂര്‍ ചരിത്രം പറയുന്ന എം.ജി.എസിനെപ്പോലുള്ളവര്‍ അതു പറയട്ടെ. അപ്പോഴറിയാം അദ്ദേഹം പറയുന്ന അബദ്ധങ്ങളുടെയും അസംബന്ധകാര്യങ്ങളുടെയും ആഴം. എം.ജി.എസ്‌. ധര്‍മരാജ്യമായി കാണുന്ന തിരുവിതാംകൂറിനെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമായിട്ടാണു കണ്ടത്‌.

പത്മനാഭസ്വാമിയുടെ നാടിനെപ്പറ്റി 1931ലെ സെന്‍സസ്‌ കമ്മിഷണര്‍ പറയുന്നത്‌ ഇങ്ങനെ: ”ഇന്ത്യയിലെതന്നെ നാട്ടുരാജ്യങ്ങളില്‍ ഏറ്റവുമധികം ജാതിവിവേചനം നിലനില്‍ക്കുന്ന രാജ്യമാണ്‌ തിരുവിതാംകൂര്‍. കേരളമാണ്‌ ഇതിന്റെ പാപഭാരം ഏറ്റെടുത്തിരിക്കുന്നത്‌”. (സെന്‍സസ്‌ റിപ്പോര്‍ട്ട്‌ 1931, പുറം 364)

ഈ അമൂല്യസമ്പത്ത്‌ അന്നത്തെ ഭരണാധികാരികള്‍ നേടിയതു സ്വന്തം പ്രജകളുടെ അവയവങ്ങള്‍ക്കുപോലും നികുതി വാങ്ങിക്കൊണ്ടായിരുന്നു. അവര്‍ണസമുദായങ്ങള്‍ നല്‍കിയ തലക്കരവും മുലക്കരവും ഇതില്‍ ഉള്‍പ്പെടും. പ്രജകളുടെ തലയും മുലയും വളരുന്നതനുസരിച്ച്‌ തങ്ങളുടെ ഖജനാവും വളരുമെന്നാണു ധര്‍മരാജ്യത്തിലെ പ്രജാക്ഷേമതല്‍പരര്‍ കരുതിയിരുന്നത്‌. ട്രഷറി കാലിയാവുന്ന പ്രശ്‌നമുണ്ടാകില്ല. ജനസംഖ്യ കൂടുന്തോറും വരുമാനവും കൂടും. ഇതായിരുന്നു ധര്‍മരാജ്യക്കാരുടെ സാമ്പത്തികശാസ്‌ത്രം.

സ്‌ത്രീകള്‍ക്ക്‌ രണ്ടു മുലകള്‍ ഉണ്ടെങ്കിലും ഒരു നികുതി നല്‍കിയാല്‍ മതിയായിരുന്നു. ചേര്‍ത്തലയില്‍ ഒരു ഈഴവ സ്‌ത്രീ മുലക്കരം വാങ്ങാന്‍വന്ന ഉദ്യോഗസ്‌ഥന്റെ മുന്നില്‍ തന്റെ മുലകള്‍ ഛേദിച്ചുവച്ച ചരിത്രമുണ്ട്‌. ഈഴവരുടെ രക്ഷകനായി അവതരിച്ചിരിക്കുന്ന ചേര്‍ത്തലയിലെ വെള്ളാപ്പള്ളി ഇതൊന്നുമറിയാതെ ക്ഷേത്രസ്വത്ത്‌ തമ്പുരാന്റേതാണെന്നും ഹിന്ദുവിന്റേതാണെന്നും പറയുന്നത്‌ തികച്ചും അപലപനീയമാണ്‌. ഈ സ്‌ത്രീയുടെ സ്‌ഥലം ‘മുലച്ചിപറമ്പ്‌’ എന്നാണ്‌ ഇപ്പോഴും അറിയപ്പെടുന്നത്‌. ഇതു ഫ്രാന്‍സിലോ റഷ്യയിലോ ആയിരുന്നെങ്കില്‍ നമ്മുടെ ചരിത്രകാരന്മാര്‍ പാഠപുസ്‌തകത്തിലാക്കി കുട്ടികളെ പ്രബുദ്ധരാക്കുമായിരുന്നു.

ജനദ്രോഹപരമായ നൂറിലധികം നികുതികള്‍ അക്കാലത്തു കേരളത്തിലുണ്ടായിരുന്നു; പ്രത്യേകിച്ചു തിരുവിതാംകൂറില്‍. രൂപാവരി, ആണ്ടക്കാഴ്‌ച, കുപ്പക്കാഴ്‌ച, മുടിയെടുപ്പ്‌, അലങ്കാരം, കൈക്കൂലി, തങ്കശേരി വേലികെട്ട്‌, മുണ്ടുവച്ചുതൊഴല്‍, ഈഴവാത്തിക്കാശ്‌, മണ്ണാന്‍ മാറ്റുവരി, കച്ചപ്പണം, തിരുക്കല്യാണം തുടങ്ങിയ പേരുകളിലാണു നികുതികള്‍ പിരിച്ചിരുന്നത്‌. തലക്കരം വര്‍ഷത്തിലൊരിക്കലാണു പിരിച്ചിരുന്നത്‌. 16 മുതല്‍ 60 വരെ വയസുള്ള അവര്‍ണരുടെ തലയെണ്ണി വാങ്ങിയിരുന്ന നികുതിയാണിത്‌. നായന്മാരെയും മാപ്പിളമാരെയും കൊങ്കിണികളെയും ഈ നികുതിയില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു. മരിച്ചുപോയവര്‍ക്കും തലക്കരം കൊടുക്കണമായിരുന്നു. സി.എം. ആഗൂര്‍ രചിച്ച ‘ചര്‍ച്ച്‌ ഹിസ്‌റ്ററി ഓഫ്‌ ട്രാവന്‍കൂര്‍’ എന്ന കൃതിയിലും സ്‌റ്റേറ്റ്‌ മാന്വലുകളിലും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. തലവരിയിനത്തില്‍ ഈഴവരില്‍നിന്നും ചാന്നാന്മാരില്‍നിന്നും പ്രതിവര്‍ഷം 88,044 രൂപയും മറ്റ്‌ ഏഴു ജാതികളില്‍നിന്ന്‌ 4,624 രൂപയും പിരിച്ചെടുത്തിരുന്നു. കുടില്‍ ഒന്നിന്‌ രണ്ടു പണം വീതമാണ്‌ മറ്റു ഹീനജാതിക്കാരില്‍നിന്നു പിരിച്ചെടുത്തിരുന്നത്‌. 1861ല്‍ നാലു മണ്ഡപത്തും വാതില്‍ക്കലായി 4089 ഈഴവരുടെയും പറയരുടെയും പേരില്‍ 4492 കാലേ അരയ്‌ക്കാല്‍ പണം പിരിച്ചതായി കണക്കുണ്ട്‌. അനേകം നൂറ്റാണ്ടുകള്‍ ഈ കൊള്ള നീണ്ടുനിന്നു. ഈ നികുതിപ്പണവും ക്ഷേത്രസ്വത്തിലുണ്ട്‌.

”ചേരവംശപാരമ്പര്യവും ആയ്‌വംശ പാരമ്പര്യവും അവകാശപ്പെട്ട വേണാട്ട്‌ നാടുവാഴികള്‍ തിരുവനന്തപുരം തലസ്‌ഥാനമാക്കി തിരുവിതാംകൂര്‍ എന്നു പേരുള്ള രാജ്യം ഭരിച്ചുപോന്നു” എന്ന അഭിപ്രായവും പഠനാര്‍ഹമാണ്‌.

ചേരരാജാക്കന്മാരും ആയ്‌ രാജാക്കന്മാരും കേരളത്തിന്റെ ആര്യവല്‍ക്കരണത്തിനു മുമ്പ്‌ (ബ്രാഹ്‌മണാധിപത്യമുള്ള ചാതുര്‍വര്‍ണ്യ വ്യവസ്‌ഥിതി അടിച്ചേല്‍പിച്ച പ്രക്രിയ) ബുദ്ധമത പാരമ്പര്യമുള്ളവരായിരുന്നു. കൊടുങ്ങല്ലൂരില്‍ ഇസ്ലാം മതം സ്വീകരിച്ച ചേരമാന്‍ പെരുമാള്‍വരെ ആ പാരമ്പര്യം നീണ്ടുനിന്നു. ‘പെരുമാള്‍’ എന്നതു ബുദ്ധമതക്കാരായിരുന്ന ചേരരാജാക്കന്മാരുടെ മാത്രം സ്‌ഥാനപ്പേരാണ്‌.

ബുദ്ധമതത്തെയും ചേരസംസ്‌കാരത്തെയും തകര്‍ത്ത ചാതുര്‍വര്‍ണ്യ ശക്‌തികളാണു തിരുവിതാംകൂറില്‍ ഹിന്ദു രാജാക്കന്മാരായി രംഗത്തുവന്നത്‌. അതോടെ ‘പെരുമാള്‍’ സ്‌ഥാനം ഉപേക്ഷിച്ച്‌ ‘വര്‍മ’ എന്ന സ്‌ഥാനപ്പേരു സ്വീകരിച്ചു. മാര്‍ത്താണ്ഡവര്‍മ, രാജശേഖരവര്‍മ എന്നിങ്ങനെയുള്ള പേരുകള്‍ അങ്ങനെ വന്നതാണ്‌.

ചേരഭരണകാലത്ത്‌ ഈ ക്ഷേത്രം ബുദ്ധവിഹാരമായിരുന്നു. പാമ്പിന്റെ പുറത്തു കിടക്കുന്നതോ ഇരിക്കുന്നതോ ആയ ബുദ്ധവിഗ്രഹങ്ങള്‍ ഉത്തരേന്ത്യയിലും ശ്രീലങ്കയിലും ധാരാളമായി കാണാം. കുലശേഖര പെരുമാളുടെ കിരീടം കിട്ടിയതായി വാര്‍ത്ത വന്നിരുന്നല്ലോ. ഈ കിരീടം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കിരീടധാരണച്ചടങ്ങിന്‌ ആചാരമായി തലയില്‍ വയ്‌ക്കാറുണ്ടായിരുന്നു.

ബുദ്ധമതക്കാരനായിരുന്ന പെരുമാളുടെ കിരീടം പത്മനാഭക്ഷേത്രത്തില്‍ വന്നത്‌ എങ്ങനെ? പള്ളിവേട്ട ഉള്‍പ്പെടെയുള്ള ‘പള്ളി’ ശബ്‌ദമുള്ള ക്ഷേത്രാചാരങ്ങള്‍ കാണിക്കുന്നത്‌ പള്ളിയെ (ബുദ്ധവിഹാരത്തെ) തകര്‍ത്തു എന്നു തന്നെയാണ്‌. ‘പള്ളികൊള്ളുന്ന പത്മനാഭന്‍’ എന്ന പദപ്രയോഗവും ശ്രദ്ധിക്കുക. കൈയില്‍ താമരപ്പൂ പിടിച്ചിട്ടുള്ള ബുദ്ധവിഗ്രഹങ്ങളും ധാരാളമുണ്ട്‌. ആല്‍വൃക്ഷം, താമര, വലംപിരി ശംഖ്‌, സ്വര്‍ണമത്സ്യം തുടങ്ങിയവ ബുദ്ധമത പ്രതീകങ്ങളാണ്‌. ഇന്നു ഹിന്ദുത്വ പാര്‍ട്ടിയുടെ ചിഹ്നമാണു ‘താമര’ എന്നതും ശ്രദ്ധേയമാണ്‌. കൈയില്‍ താമരപ്പൂ പിടിച്ചു കിടക്കുന്ന ഒരാളുടെ പൊക്കിളിനടുത്തായിരിക്കും താമര കാണപ്പെടുക. ഇതിനെയാണു വിഷ്‌ണുവിന്റെ പൊക്കിളില്‍ താമരയെന്നു പറയുന്നത്‌.

ശബരിമലയ്‌ക്കു കൊണ്ടുപോകുന്ന കെട്ടിനെ പള്ളിക്കെട്ടെന്നു വിളിക്കുന്നുണ്ടല്ലോ. ശബരിമലയും മുമ്പു ബുദ്ധക്ഷേത്രമായിരുന്നു. ‘അയ്യന്‍’ ബുദ്ധന്റെ പര്യായമാണ്‌. ‘എന്റയ്യോ’ എന്നു മലയാളി നിലവിളിക്കുന്നത്‌ അയ്യനെന്ന അയ്യപ്പനെ (ബുദ്ധനെ) ഓര്‍ത്താണ്‌. ഇതിനു ശേഷമാണു കര്‍ത്താവേ, അള്ളാ എന്നൊക്കെ വിളിക്കാന്‍ തുടങ്ങിയത്‌. ബുദ്ധവിഗ്രഹമായ തകഴിയിലെ കരുമാടിക്കുട്ടനിലെ കുട്ടനും ബുദ്ധന്റെ പര്യായമാണ്‌. ബുദ്ധവിഗ്രഹങ്ങളെ വിഷ്‌ണുവാക്കുന്ന വിദ്യ ജയദേവന്റെ ‘ഗീതഗോവിന്ദം’ എന്ന കൃതിയില്‍ പറയുന്നുണ്ട്‌.

നിലവിലുള്ള ക്ഷേത്രകഥകളില്‍നിന്നു രണ്ടു കാലഘട്ടങ്ങളിലൂടെ അതിന്റെ ചരിത്രം കടന്നുവരുന്നതായി മനസിലാക്കാം. പുത്തരിക്കണ്ടത്തിനടുത്തുള്ള അനന്തന്‍കാട്ടില്‍ കിഴങ്ങു ചികഞ്ഞുകൊണ്ടിരുന്ന പെരുമാട്ടുനീലി എന്ന പുലയസ്‌ത്രീയുടെ അരിവാളില്‍ ഒരു ശിലാവിഗ്രഹം തടയുവാനിടയായി. അവള്‍ അതിനെ അരയാലിന്‍ചുവട്ടില്‍ സ്‌ഥാപിച്ചത്രേ. മണ്ണില്‍ പുതഞ്ഞുകിടന്ന വിഗ്രഹം തകര്‍ക്കപ്പെട്ടതും മണ്ണടിഞ്ഞതുമായ ഒരു കേന്ദ്രത്തിലേതാണെന്നു തെളിയുന്നു.

വില്വമംഗലം സ്വാമിയുമായി ബന്ധപ്പെട്ട കഥയില്‍ പറയുന്നതിങ്ങനെ: ”വിഗ്രഹത്തിന്റെ കിരീടമണിഞ്ഞ ശിരസ്‌ തിരുവല്ലത്തും മധ്യഭാഗം അനന്തന്‍കാട്ടിലും പാദങ്ങള്‍ തൃപ്പാദപുരത്തുമാണ്‌.” അനേകം ബുദ്ധമത കേന്ദ്രങ്ങളെ ഹിന്ദുക്ഷേത്രങ്ങളായി മാറ്റിയ ആളാണു വില്വമംഗലം. ക്ഷേത്രപ്രവേശനം നിരോധിച്ചിരുന്ന കാര്യവും ഇവിടെ ഓര്‍ക്കുക. അനേകം ബുദ്ധമതാനുയായികളെ തീയിട്ടു കൊന്ന കാര്യവും ഈ ലേഖകന്‍ മുമ്പു പരാമര്‍ശിച്ചിട്ടുള്ളതും ഇവിടെ ശ്രദ്ധേയമാണ്‌. ഇന്നത്തെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വിഗ്രഹത്തെ മുഴുവനായി കാണാനാവില്ല. തല, മധ്യഭാഗം, കാലുകള്‍ എന്നിങ്ങനെ വേര്‍തിരിച്ചു കാണാവുന്ന തരത്തിലാണു വിഗ്രഹം കാണുന്നത്‌. ”കലിയുഗം ആരംഭിച്ച്‌ മൂന്നുവര്‍ഷവും ഇരുനൂറ്റിമുപ്പതു ദിവസവും കഴിഞ്ഞപ്പോള്‍ ഒരു സന്യാസി വിഗ്രഹം പ്രതിഷ്‌ഠിച്ചു” എന്നു മതിലകം ഗ്രന്ഥവരിയില്‍ പറയുന്നുണ്ട്‌. ബുദ്ധവിഗ്രഹത്തെ വില്വമംഗലം വിഷ്‌ണുവാക്കിയതിന്റെ സൂചനയാണ്‌ ഇതില്‍ തെളിയുന്നത്‌. കോട്ടയ്‌ക്കകത്തു ക്ഷേത്രത്തിനു ചുറ്റും താമസിക്കുന്ന തമിഴ്‌നാടുമായി ബന്ധമുള്ള ബ്രാഹ്‌മണ കുടുംബങ്ങളുടെ വരവും മേല്‍പറഞ്ഞ കാര്യവുമായി ചേര്‍ത്തുവായിക്കാവുന്നതാണ്‌. മലയാള ബ്രാഹ്‌മണര്‍ എന്നറിയപ്പെടുന്ന നമ്പൂതിരിമാര്‍ അവിടെയില്ല. അയ്യര്‍, അയ്യങ്കാര്‍ വിഭാഗം ബ്രാഹ്‌മണര്‍ അഗ്രഹാരങ്ങളിലും നമ്പൂതിരിമാര്‍ ഇല്ലങ്ങളിലുമാണു താമസിക്കുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ട ചരിത്രവസ്‌തുതയാണ്‌. ഇതൊക്കെ തമസ്‌കരിച്ചുകൊണ്ടാണ്‌ എം.ജി.എസും മറ്റും ചരിത്രം പറയുന്നത്‌.

ഒമ്പതാം നൂറ്റാണ്ടുവരെയുള്ള തിരുവിതാംകൂര്‍ :(തിരുവിതാംകൂര്‍ വേറിട്ടൊരു കാഴ്‌ചപ്പാട്‌)

പത്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റി ശ്രീനാരായണഗുരുവിന്റെ ശിഷ്യന്മാരില്‍ അഗ്രഗണ്യനും നായര്‍ സമുദായാംഗവുമായ സത്യവ്രത സ്വാമികള്‍ പറയുന്നത്‌ ഏറെ ശ്രദ്ധേയവും ചിന്തോദ്ദീപകവുമാണ്‌. അതിങ്ങനെ: ”സംന്യാസികളില്‍ നായരും തിയ്യരും എന്ന വ്യത്യാസമില്ല. അതുകൊണ്ടു നിങ്ങള്‍ എന്നെ ‘നായര്‍’ എന്ന ദൃഷ്‌ടിവച്ചു നോക്കാതെയിരിക്കണം…. നാമെല്ലാവരും ബുദ്ധമതക്കാരായിരുന്നു എന്നുള്ളതിനും ഉത്തമലക്ഷ്യം നമ്മുടെ ‘മാമൂല്‍’ പ്രിയം തന്നെ. ബുദ്ധമതാചാര ഗ്രന്ഥത്തിനുള്ള പേര്‍ മാമൂല്‍ എന്നാണ്‌. തിരുവിതാംകൂര്‍ രാജ്യം ധര്‍മരാജ്യമാണെന്നു കേട്ടിരിക്കുന്നമല്ലോ. ”ധര്‍മാജ്യസ്‌തഥാഗതം” എന്നുള്ള അമരവാക്യം ”ധര്‍മ്മോമല്‍ കുലദൈവം” എന്നാണ്‌. (തഥാഗതന്‍ ബുദ്ധനാണ്‌). ധര്‍മ്മരാജാക്കന്മാരുടെ കുലദൈവമായ തിരുവനന്തപുരത്തുള്ള ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹം ബുദ്ധ വിഗ്രഹമാണ്‌. അതുപോലുള്ള വിഗ്രഹം സിലോണിലെ ബുദ്ധവിഹാരങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്‌. ഇന്നത്തെ ശാസ്‌താംകോവിലില്‍ കാണുന്നതും ബുദ്ധവിഗ്രഹമാണ്‌. നമ്മുടെ ഭഗവതിമാരെല്ലാം ബുദ്ധഭിക്ഷുണിമാരായിരുന്നു….. കൊടുങ്ങല്ലൂര്‍ക്കു കോഴിയും കള്ളും മരലിംഗവുമായി പോകുന്നവര്‍ ഈ സദസില്‍ കാണുമെന്നറിയാം.” (1923 മാര്‍ച്ച്‌ 31-നു പാലക്കാട്‌ കുഴല്‍മന്ദത്തു നടത്തിയ പ്രസംഗം, ശിവഗിരി മാസിക പുനഃപ്രകാശനം ചെയ്‌തത്‌. വാല്യം 24, ലക്കം-15, മെയ്‌ 2002).

ഒന്‍പതാം നൂറ്റാണ്ടു മുതല്‍ക്കെങ്കിലും ആള്‍വാര്‍മാര്‍ എന്ന വൈഷ്‌ണവധാര ഇവിടെ എത്തിയെന്നും ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനം എഴുതിയ ‘മലൈനാട്ടു തിരുപ്പതികള്‍’ എന്ന കവിതാ സമാഹാരത്തില്‍ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം സ്‌ഥാനം പിടിച്ചുവെന്നും എം.ജി.എസ്‌. പറയുന്നു. 925 വരെ ഭരിച്ചിരുന്ന ആയ്‌ രാജാവായ വിക്രമാദിത്യ വരഗുണന്‍ ബുദ്ധവിഹാരങ്ങള്‍ക്കു സംഭാവന നല്‍കിയതായി രേഖയുണ്ട്‌. ചേരനാട്ടിലെ തിരുമൂലപാദം (ശ്രീമൂലവാസം) ബുദ്ധവിഹാരത്തിനു വന്‍തോതില്‍ ഭൂമി ഉള്‍പ്പെടെ ദാനം നല്‍കിയിട്ടുണ്ട്‌. കൊല്ലത്തെ തിരുമുല്ലവാരമാണു ‘തിരുമൂല പാദത്തിന്റെ’ കേന്ദ്രമെന്ന്‌ ഈ ലേഖകന്‍ കണ്ടെത്തിയിട്ടുണ്ട്‌. ശൈവ-വൈഷ്‌ണവധാരയിലെ ആള്‍വാര്‍മാരും നയിനാര്‍മാരും ചേരനാട്ടില്‍ (കേരളത്തില്‍) ശക്‌തിപ്പെടുന്നത്‌ 11, 12 നൂറ്റാണ്ടുകളിലാണ്‌. അതുവരെ ബുദ്ധമതമാണു ശക്‌തമായി നിലനിന്നിരുന്നത്‌, ചില പ്രദേശങ്ങളില്‍ ജൈനമതവും. അതായത്‌ എ.ഡി. ഒന്‍പതാം നൂറ്റാണ്ടു വരെ പത്മനാഭക്ഷേത്രം ബുദ്ധവിഹാരം തന്നെയായിരുന്നു എന്നാണ്‌ ഇവിടെ തെളിയുന്നത്‌. ആര്യവല്‍ക്കരണം ശക്‌തമായതും ഇക്കാലത്താണ്‌.

എ.ഡി. 9-ാം നൂറ്റാണ്ടു വരെയും ‘പത്മനാഭന്‍’ ബുദ്ധനാണെന്നാണല്ലോ ഇതു തെളിയിക്കുന്നത്‌. ക്ഷേത്രത്തിനു ചുറ്റും തമിഴ്‌ ബ്രാഹ്‌മണരെ കൊണ്ടുവന്നു കുടിയിരുത്തിയതും ബുദ്ധനെ വിഷ്‌ണുവാക്കിയതിന്റെ തെളിവാണ്‌. ക്ഷേത്രസ്വത്തില്‍ ഒരുഭാഗം ചേര-ബുദ്ധമത കാലത്തിന്റേതു കൂടിയാണെന്നും ഇതില്‍ നിന്നു മനസിലാക്കാം. അന്നു തലയ്‌ക്കും മുലയ്‌ക്കും നികുതിയുണ്ടായിരുന്നില്ല. ഗ്രീസ്‌, റോം, ഈജിപ്‌ത് തുടങ്ങിയ രാജ്യങ്ങളുമായി വന്‍തോതില്‍ കച്ചവടം നടന്നിരുന്ന കാലമായിരുന്നു അത്‌. രാജ്യത്ത്‌ സമ്പല്‍സമൃദ്ധി നിലനിന്നിരുന്നു. പില്‍ക്കാലത്ത്‌ ഇതൊക്കെ തകര്‍ത്ത ഹിന്ദുത്വ വാദികളാണു ചേരമാന്‍ പെരുമാളിനെയും പ്രജകളെയും ഇസ്ലാംമതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്‌.

ചേരമാന്‍ പള്ളിയും കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍, ചാവക്കാട്‌ മേഖലയിലെ മുസ്ലിം ജനസംഖ്യയും ഇതാണു തെളിയിക്കുന്നത്‌. നല്ലൊരു ഭാഗം ഈഴവരായിരുന്നു ഇസ്ലാം മതം സ്വീകരിച്ചത്‌. ബാക്കി വന്നവരെയാണ്‌ ഇന്നു നാട്ടികയിലും മറ്റും കൂടുതലായി കാണുന്നത്‌. ക്ഷേത്രം തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കുടുംബസ്വത്താണെന്ന വാദം വിഡ്‌ഢിത്തമാണ്‌. ഒന്‍പതാം നൂറ്റാണ്ടു വരെയും അതു ബുദ്ധവിഹാരമായിരുന്നെന്നു നാം കണ്ടുകഴിഞ്ഞു. ഇന്നത്തെ പിന്നാക്ക-ദളിത്‌-മതന്യൂനപക്ഷങ്ങളുടെ പൂര്‍വികരുടേതാണു പത്മനാഭസ്വാമി ക്ഷേത്രം എന്നു വേണം കരുതാന്‍. മേല്‍പ്പറഞ്ഞ വസ്‌തുതകള്‍ അതാണു തെളിയിക്കുന്നത്‌.

‘മതിലകം രേഖകള്‍’ പറയുന്നതു ബുദ്ധക്ഷേത്രത്തെ തന്ത്രപൂര്‍വം ഹിന്ദുക്ഷേത്രമാക്കിയതിനു ശേഷമുള്ള ചരിത്രമാണ്‌. ക്ഷേത്രം പലതവണ പുതുക്കിപ്പണിത കാര്യവും വിശദ വിവരങ്ങളുമാണ്‌ അതിലുള്ളത്‌. 1733-ല്‍ മാര്‍ത്താണ്ഡവര്‍മ പുതുക്കിപ്പണിതിട്ടുണ്ട്‌. എന്തിനെയാണു പുതുക്കിപ്പണിതതെന്ന ചരിത്രസത്യമാണു മുമ്പു പറഞ്ഞ കാര്യങ്ങളില്‍ തെളിയുന്നത്‌. ക്ഷേത്രം തീപിടിച്ച കാര്യവും ഇതില്‍ കാണാം. 1688 ഫെബ്രുവരിയില്‍ തീപിടിത്തമുണ്ടായതിന്റെ വര്‍ണനയിങ്ങനെ: ”വെള്ളിയും പൊന്നും ചെമ്പും തിരാമും (വെള്ളിനാണയം) വെങ്കലവും ഇരുമ്പും മരവും കല്ലും ഒന്നുപോലെ വെന്തുപോയി. തിരുമേനി (മുമ്പ്‌ ബുദ്ധന്‍) കിടന്നു തീയെരിയുന്നതുകണ്ട്‌ ഒക്കെക്കൂടി ചെന്നു വെള്ളം കോരി വീത്തി”.

രാജവാഴ്‌ചക്കാലത്തു രാജാവാണു രാഷ്‌ട്രത്തിന്റെ അധിപന്‍. എല്ലാം സംരക്ഷിക്കേണ്ടയാള്‍ അദ്ദേഹം തന്നെ. ഇന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ക്ഷേത്രം സംരക്ഷിക്കാമെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം ക്ഷേത്ര സ്വത്ത്‌ ചാണ്ടി വകയാകുമെന്നല്ല. അതുപോലെയാണ്‌ അന്നത്തെ രാജാവു സംരക്ഷിച്ച രാഷ്‌ട്രത്തിന്റെ മുതല്‍ രാജാവിന്റെ കുടുംബസ്വത്താകുന്നില്ല. നിധി കാക്കുന്ന ഭൂതം നിധിയുടെ ഉടമയാകുമോ? ഭൂതകാലത്തിലും വര്‍ത്തമാനത്തിലും അതുതന്നെയാണു ചരിത്രഗതി. ഏതു ജാതി സ്‌ത്രീയായാലും രാജവാഴ്‌ചക്കാലത്ത്‌ അതു രാജാവിന്റെയും ശിങ്കിടികളുടെയും വകയാണെന്നു പറയുന്ന വെണ്‍മണി പ്രയോഗം പോലെയാണിത്‌.

തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളിലെ ക്ഷേത്രങ്ങളുടെ അവകാശം ഐക്യകേരള രൂപീകരണത്തോടെ ദേവസ്വം ബോര്‍ഡുകളുടേതായി. എന്നാല്‍, പത്മനാഭ സ്വാമി ക്ഷേത്രഭരണം തിരുവിതാംകൂര്‍ രാജാവിനു തന്നെ ലഭിച്ചു. 1991-ല്‍ ചിത്തിരതിരുനാള്‍ അന്തരിച്ചതോടെ ഭരണഘടനയുടെ 366(22) അനുഛേദപ്രകാരമുള്ള ഭരണാധികാരി എന്ന പദവി സര്‍ക്കാരിനാണെന്നു കോടതി കണ്ടെത്തിയിരിക്കുന്നു. എന്നിട്ടും ഭരണം നടത്താന്‍ മുന്‍ രാജാവിനെ അനുവദിച്ച സര്‍ക്കാര്‍ നിലപാട്‌ നിയമപരവും ന്യായവുമാണെന്നു കരുതാനാകില്ലെന്നു കോടതി വിധിച്ചിട്ടുണ്ട്‌.

അവസാന രാജാവിന്റെ സഹോദരന്‍ ക്ഷേത്രസ്വത്തുക്കളുടെയും മറ്റും ചിത്രങ്ങളെടുത്തതു വിവാദമായിരുന്നു. മാത്രമല്ല 2007 സെപ്‌റ്റംബര്‍ 15-നു പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ രാജകുടുംബത്തിന്റേതാണെന്നു പ്രസിദ്ധപ്പെടുത്തുകയും ചെയ്‌തു. ഇതിനെതിരേ ഭക്‌തരും മറ്റും നല്‍കിയ നിരവധി സിവില്‍ കേസുകളും നിലവിലുണ്ട്‌. തിരുവനന്തപുരം സ്വദേശി അഡ്വ. സുന്ദരരാജന്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്‌. ഇതിനെയാണു സുപ്രീംകോടതിയില്‍ ചോദ്യം ചെയ്‌തത്‌.

നൂറ്റാണ്ടുകളായി തുറക്കാതിരിക്കുന്ന ക്ഷേത്രത്തിലെ ‘ബി’ എന്ന ഉരുക്കറയ്‌ക്കു പിന്നില്‍ ഒരു രഹസ്യമുണ്ടാകാനാണു സാധ്യത. ശംഖുമുഖം കടലിലേക്കും പുലയനാര്‍ കോട്ടയിലേക്കുമുള്ള പണ്ടത്തെ തുരങ്കത്തിന്റെ പ്രവേശനകവാടമാണതെന്നു കരുതേണ്ടിയിരിക്കുന്നു. അറ തുറന്നാല്‍ കടല്‍ ഇരച്ചു കയറുമെന്നും വിഷപ്പാമ്പുകള്‍ ചീറി വരുമെന്നുമുള്ള ക്ഷേത്രകഥയിലെ പരാമര്‍ശങ്ങള്‍ മംഗളം കഴിഞ്ഞദിവസം ഒന്നാം പേജില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നല്ലോ. ഈ കഥയില്‍ ചരിത്രസത്യം മറഞ്ഞിരിക്കുന്നുണ്ട്‌.

ക്ഷേത്രം ബുദ്ധവിഹാരമായിരുന്ന കാലത്തു ശംഖുമുഖം കടല്‍ത്തീരത്തുനിന്നും പുലയനാര്‍ കോട്ടയില്‍ നിന്നും ക്ഷേത്രത്തിലെത്താനുള്ള തുരങ്കമുണ്ടായിരുന്നതായി ചില വിവരണങ്ങളില്‍ കാണുന്നുണ്ട്‌. ലോകപ്രസിദ്ധ ബുദ്ധമത കേന്ദ്രമായ ശ്രീലങ്കയില്‍ നിന്നും കേരളതീരത്തുള്ള ശ്രീമൂലവാസം, കൊടുങ്ങല്ലൂര്‍, ഗുരുവായൂര്‍ (അന്ന്‌ കൊരവയൂര്‍) തുടങ്ങിയ ബുദ്ധമത കേന്ദ്രങ്ങളില്‍ നിന്നും കടല്‍മാര്‍ഗം ശംഖുമുഖത്ത്‌ എത്തുന്നവര്‍ ഈ തുരങ്കം വഴി വന്നു പത്മപാണിയെ (കൈയില്‍ താമരയുള്ള ബുദ്ധവിഗ്രഹത്തെ) സന്ദര്‍ശിച്ചിരുന്നു. ബുദ്ധനെ വിഷ്‌ണുവിന്റെ പത്താമത്തെ അവതാരമാക്കിയതിനു ശേഷമാണ്‌ ഇന്നു കാണുന്ന ‘പത്മനാഭന്‍’ എന്ന പേരു വന്നത്‌. നാഭിയില്‍ (പൊക്കിളില്‍) താമരയുള്ളവന്‍ എന്നര്‍ഥം.

പുലയറാണിയുടെ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെ പുലയനാര്‍ കോട്ടയില്‍നിന്നു ഒരു തുരങ്കം ക്ഷേത്രത്തിലേക്ക്‌ ഉണ്ടായിരുന്നതായും പരാമര്‍ശമുണ്ട്‌. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ ബ്ലോക്കിന്റെ നിര്‍മാണസമയത്തു തൊഴിലാളികള്‍ ഒരു തുരങ്കത്തിന്റെ ഭാഗം കണ്ടതായി വാര്‍ത്ത വന്നിരുന്നു.

കടലിലേക്കും കൊട്ടാരത്തിലേക്കുമുള്ള തുരങ്കത്തിന്റെ പ്രവേശനകവാടമായതുകൊണ്ടാകാം അപകടം സൂചിപ്പിക്കുന്ന സര്‍പ്പത്തിന്റെ ചിത്രം ‘ബി’ അറയില്‍ കാണുന്നത്‌. ഉരുക്കിലുണ്ടാക്കിയ പൂട്ടു വന്നതും അതുകൊണ്ടാവാം.

കാസര്‍ഗോട്ടെ മഞ്ചേശ്വരത്തുള്ള ‘അനന്തപുരം’ ക്ഷേത്രത്തിലും ഇതുപോലത്തെ തുരങ്കം കടല്‍ത്തീരത്തേക്കു പോകുന്നുണ്ട്‌. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും അതുവഴി പോകാമെന്നു മഞ്ചേശ്വരത്തെ നാട്ടുകാര്‍ പറയുന്നുണ്ട്‌. പാമ്പിന്റെ മുകളിലിരിക്കുന്ന ബുദ്ധപ്രതിമയെ ആണ്‌ ‘അനന്തപുരത്തു’ വിഷ്‌ണുവായി ആരാധിക്കുന്നത്‌. അനന്തപുരത്തോട്‌ ‘തിരു’ ചേര്‍ത്താണു തിരുവനന്തപുരം എന്ന പേരുണ്ടാക്കിയതെന്നും കാണാനാവും.

-ഡോ.എം.എസ്‌.ജയപ്രകാശ്‌

കടപ്പാട്:  മംഗളം ഓൺലൈൻ പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം, ചിത്രങ്ങൾ ഗൂഗിളിൽ നിന്നും കിട്ടിയത്, കടപ്പട് ഇതിന്റെ രചയിതാവിനോട്

Advertisements
Explore posts in the same categories: ലേഖനം

10 Comments on “ശ്രീ പത്മനാഭന്റെ സ്വത്തും അതുവന്ന വഴിയും”

 1. Anonymous Says:

  Kshethra pravesanam ennu muthal nishedhichu ennu chodhikkaan aavesam kaanicha bloggerum, adheham kadappaadu pularthunna ee so called charithrakaaranum budha matham ennu, engine, evide ninnu undaayi ennu anveshikkunnathil ithe aavesam pularthiyaal kollaaamayirunnu. budhamatham anaadhi kaalam muthal ullathonnum allallo. Sidharthan budhanaavunnathinu munpum ivide oru religion undaayirunnu, sidharthan koodi ulpettirunnathu… athine kurichum athengane, aaru thakarthu kalanju ennu koodi onnu anveshichittu vende ithrayum dheerkhamaaya charithra valachodikkalukal padachu videndathu… charithram, pathiyil thudangendathalla… paathiyil nirthendathum…

 2. Thathaagathan Says:

  Kshethra pravesanam ennu muthal nishedhichu ennu chodhikkaan aavesam kaanicha bloggerum, adheham kadappaadu pularthunna ee so called charithrakaaranum budha matham ennu, engine, evide ninnu undaayi ennu anveshikkunnathil ithe aavesam pularthiyaal kollaaamayirunnu. budhamatham anaadhi kaalam muthal ullathonnum allallo. Sidharthan budhanaavunnathinu munpum ivide oru religion undaayirunnu, sidharthan koodi ulpettirunnathu… athine kurichum athengane, aaru thakarthu kalanju ennu koodi onnu anveshichittu vende ithrayum dheerkhamaaya charithra valachodikkalukal padachu videndathu… charithram, pathiyil thudangendathalla… paathiyil nirthendathum…

 3. വീ.കെ.ബാല Says:

  പ്രിയ മിത്രം മനോജ്, അതെ അഭിപ്രായമുള്ള അജ്ഞാത സുഹൃത്തിനും നിങ്ങളുടെ വിലയേറിയ സമയം ഈ കുറിപ്പ് വായിക്കാനായിങ്കണ്ടെത്തിയതിനും, വിയോജിപ്പുകൾ കുറിച്ചതിനും നന്ദി.
  ഈ പോസ്റ്റ് ഇട്ടതിന്റെ സാഹചര്യം ഞാൻ ഇതിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. ബുദ്ധമതത്തെ ഇല്ലയ്മ ചെയ്തതിലോ, ഹിന്ദുമതം വളർന്ന് പന്തലിച്ചതിലെ കുണ്ഠിതമോ അല്ല, ജനാധിപത്യത്തോടുള്ള വിരക്തിയും രാജവാഴ്ച്ചയോടുള്ള അഗാധ വിധേയത്വവും കണ്ടിട്ടാണ്, ഒപ്പം ഡോക്ടർ എം.എസ് ജയപ്രകാശിന്റെ ലേഖനവും ഇതിന് പ്രേരണയായി. ചരിത്രമറിയാവുന്നവർ അത് വളച്ചൊടിക്കുന്നത് കാണുമ്പോൾ തോന്നുന്ന പ്രതികരണങ്ങൾ അത്രയുമെ ഉള്ളു. ഹിന്ദു എന്നത് ഒരു മതമായിരുന്നില്ല എന്നും അത് ഒരു സംസ്കാരമായിരുന്നു എന്നും എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ അല്ലെ. ഇന്നും ഹിന്ദു എന്നാൽ എന്ത് എന്ന് നിർവ്വചിക്കാനാവുമോ ??? ചരിത്രം ഇടയ്ക്കുനിന്നും തുടങ്ങുന്നതല്ല എന്ന തിരിച്ചറിവ് നല്ലതാണ്, ചരിത്രം അപ്രിയ സത്യങ്ങൾ വിളിച്ചുപറയും, അതും സമചിത്തതയോടെ കേൾക്കാൻ ചരിത്രാന്വേഷികൾ ബാധ്യസ്ഥരാണ്. തനിക്കിഷ്ടമുള്ളത് മാത്രമെ ചരിത്രം പറയാവു എന്ന് വാശിപിടിക്കരുത്,അനാദികാലം മുതൽ ഉണ്ടായിരുന്നതല്ല ഇന്ന് ഈ ഭൂമിയിൽ കാണുന്ന ഒരു മതവും സെമസ്റ്റിക് മതങ്ങൾക്ക് കൃത്യമായ പ്രായം ഉണ്ടെങ്കിൽ ഊഹക്കണക്കുകൾ മാത്രമാണ് പുരാതന മതങ്ങൾക്ക് പറയാനുള്ളത് “ബ്രഹ്മാവ് സൃഷ്ടിച്ചു” എന്ന ലൈൻ ഒഴിവാക്കി പിടിച്ചാൽ.
  പത്മനാഭ സ്വാമിയുടെ അമ്പലത്തിലെ നിലവറയിൽ കണ്ട സ്വത്തുക്കൾ എന്തുചയ്യണം എന്ന ചർച്ചയാണ്, ഈ സ്വത്തിന്റെ ഉറവിടം അന്വേഷിക്കാൻ കാരണമായത്. അതിൽ അസുഖമരാമയ സത്യങ്ങൾ ഉള്ളതിൽ നെറ്റിചുളിച്ചിട്ട് എന്തുണ് കാര്യം ?
  എന്റെ അറിവിൽ “ee so called charithrakaaranum” മുരളി എന്നാണ് അറിയപ്പെടുന്നത്, എനിക്ക് ഈ ലേഖനത്തിൽ കടപ്പാട് എം.ജി.എസും, ഡോ.എം.എസ്.ജയപ്രകാശിനോടുആണ്. ഇവിടെ ചിത്രകാരനെ വലിച്ചിഴ്യ്ക്കണ്ട കാര്യമുണ്ടോ ?? ബുദ്ധമതത്തിന്റെ ഉൽപ്പത്തിയും അതിന്റെ വ്യാപനവും അറിയാത്തവരായി മലയാളികളിൽ എത്രപേർ ഉണ്ടാകും ആണ്ടും തീയതിയും ഒരു പക്ഷെ കൃത്യമായി പറയുവാനാവില്ലായിരിക്കും. ഈ ലേഖനത്തിലെ ഡോ.എം.എസ്.ജയപ്രകാശ് പറഞ്ഞകാര്യം ചരിത്രത്തെ വളച്ചൊടിക്കൽ ആണെങ്കിൽ അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. ചില കാര്യങ്ങൾ കണ്ടും ചിലകാര്യങ്ങൾ കേട്ടും അറിയുന്നവയാണ്. ചരിത്രം രണ്ടാമത്തേതിൽപ്പെടും. വായനയ്ക്ക് നന്ദി, വീണ്ടും വരുക.

 4. anomanuy Says:

  ബുദ്ധമതക്കാരനായിരുന്ന പെരുമാളുടെ കിരീടം പത്മനാഭക്ഷേത്രത്തില്‍ വന്നത്‌ എങ്ങനെ?

  കോഹിനൂര്‍ രത്നം ബ്രിട്ടീഷ് കൊട്ടാരത്തിലെത്തിയതെങ്ങനെ?

 5. വീ.കെ.ബാല Says:

  @ anomanuy
  എം ജി എസ് തന്റെ കുറിപ്പിൽ അത് കൃത്യമായി തന്നെ പറയുന്നുണ്ട്. പിക്പോക്കറ്റ് കാരനെ പൂശാൻ പൗരബോധം ധാരാളം എന്നാൽ ദയനിധി മാരനേയോ, രാജയേയോ, അല്ലെങ്കിൽ കേരളത്തിലെ തന്നെ ഇത്തരം വൈറ്റ്കോളർ മോഷ്ടാക്കളെ ആരെങ്കിലും തള്ളി പറയുമോ??? രാജാവുറങ്ങിയാൽ പള്ളി ഉറക്കം സാധാരണക്കാരന്റെ ഉറക്കം വെറും ഉറക്കം.

 6. Anonymous Says:

  ബുദ്ധമതം കേരളത്തിലെ അതിന്റെ അവസാന നാളുകളില്‍ പ്രകടിപ്പിച് സ്വഭാവം എന്തായിരുന്നു എന്ന് കൂടി ഇപ്പോള്‍ ബുദ്ധന്റെ മേലങ്കി അണിഞ്ഞു രംഗത്ത്‌ വരുന്നവര്‍ മനസ്സിലാക്കണം.ഹിന്ദു മതം ഒരു മതമല്ല എന്ന് പറയുമ്പോള്‍ ഹിന്ദു ,ഇസ്ലാം ,ക്രൈസ്തവ ,മതങ്ങളിലെത് പോലെ ബുദ്ധമതത്തിലും നിരവധി വിഭാഗങ്ങള്‍ അതായതു പരസ്പരം പോരടിക്കുന്നവര്‍ ഉണ്ടായിരുന്നു എന്നതും ചരിത്രത്തിന്റെ അപ്രിയ സത്യങ്ങളില്‍ ഒന്നാണ്. എങ്ങനെ കേരളത്തിലെ ജനങ്ങള്‍ അന്നത്തെ ബുദ്ധമതത്തെ വലിച്ചെറിഞ്ഞു ..? ഹിന്ദു മതത്തിലെ ജാതീയത പോലെ നിരവധി പോരായ്മകള്‍ ബുദ്ധമതത്തില്‍ അന്നുണ്ടയിരുന്നു.ബലപ്രയോഗം മാത്രം കൊണ്ടല്ല ബുദ്ധമതം ഇവിടെ നിന്നും പോയത്.അന്നത്തെ കയ്യിലിരുപ്പു കൂടി കൊണ്ടായിരുന്നു.


 7. ഒമ്പതാം നൂറ്റാണ്ടിനുശേഷമാണ് കേരളത്തില്‍ ആര്യന്മാരെന്നവകാശപ്പെടുന്ന നമ്പൂരികള്‍ വ്യാപകമായി കുടിയേറിയത്. ഏതാണ്ട് ആ കാലത്ത് തന്നെയാണ് മലയാളം തമിഴില്‍ നിന്നും മെല്ലെ വേര്‍പിരിഞ്ഞു തുടങ്ങിയതും. (കാകതാലീയ)
  പക്ഷേ അതിനു മുമ്പ് കേരളത്തിലുണ്ടായിരുന്ന പിന്നാക്ക ജാതിക്കാരൊക്കെ അല്ലെങ്കില്‍ അധികവും ബുദ്ധമതക്കാരായിരുന്നെന്ന അവകാശമൊക്കെ
  (പിന്നാക്ക- ദളിത്‌ വിഭാഗങ്ങള്‍ ഹിന്ദുക്കളായിരുന്നില്ല, ബുദ്ധമതക്കാരായിരുന്നു, അതുകൊണ്ടാണ്‌ അവരെ ക്ഷേത്രത്തില്‍ കയറ്റാതിരുന്നത്‌.) അല്‍പം കടന്നകയ്യാണ്. ഈ പിന്നാക്കജാതിക്കാര്‍ക്ക് ഈ അടുത്തകാലം വരെ ഇന്നത്തെ അംഗീകൃതമതങ്ങളോട് ഒന്നിനോടുപോലും താരതമ്യപ്പെടുത്താവുന്ന ആചാരങ്ങള്‍ ഉണ്ടായിരുന്നില്ല. ചേരപ്പെരുമാള്‍ ബുദ്ധമതക്കാരനായിരുന്നു എന്ന് ഉറപ്പിച്ചുപറയാവുന്ന എന്തു തെളിവാണ് ലഭിച്ചിട്ടുള്ളത് ? ബുദ്ധനും ഏറെക്കാലം മുമ്പെയാണ് അമ്മദൈവാരാധനയുടെ വേരുകള്‍ കിടക്കുന്നതെന്നിരിക്കെ നമ്മുടെ ഭഗവതിമാരൊക്കെ ബുധഭിക്ഷുണിമാരാണെന്നൊക്കെ അന്നാരോ പറഞ്ഞത് ഇന്നാവര്‍തിക്കാന്‍ ചില്ലറ ധൈര്യമൊന്നും പോര

  ഹിന്ദുമതത്തില്‍ അസഹനീയമായ പീഡനങ്ങള്‍ അനുഭവിച്ച ദളിതര്‍ക്ക് ആശ്വാസമാവാന്‍ ബുദ്ധമതം ഏറെ മികവുറ്റതാണ് . എന്നാല്‍ അത് ബുദ്ധമതത്തിലേക്കുള്ള മുന്നേറ്റമാണ് മടക്കമല്ല

 8. വീ.കെ.ബാല Says:

  പ്രീയ അജ്ഞാത സുഹൃത്തെ,
  ഈ പോസ്റ്റ് ഇട്ടതിന്റെ സാഹചര്യം ഞാൻ ഇതിന്റെ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. ബുദ്ധമതത്തെ ഇല്ലായ്മ ചെയ്തതിലോ, ഹിന്ദുമതം വളർന്ന് പന്തലിച്ചതിലെ കുണ്ഠിതമോ അല്ല, ജനാധിപത്യത്തോടുള്ള വിരക്തിയും രാജവാഴ്ച്ചയോടുള്ള അഗാധ വിധേയത്വവും കണ്ടിട്ടാണ്, ഒപ്പം ഡോക്ടർ എം.എസ് ജയപ്രകാശിന്റെ ലേഖനവും ഇതിന് പ്രേരണയായി. ഇതിൽ ഒരു ഘട്ടത്തിൽ പോലും ബുദ്ധമതത്തിന്റെ ഗുണങ്ങളെ ക്കുറിച്ചോ ദോഷങ്ങളെ കുറിച്ചോ അല്ലെങ്കിൽ ഹിന്ദുമതവും ബുദ്ധമതവും തമ്മിൽ താരതമ്യം ചെയ്യലോ നടന്നിട്ടില്ലെ, ഗൗതമബുദ്ധന്റെ ചിറകിലേറി ഒന്നുമല്ല ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്. ഇന്ന് നിലനിൽക്കുന്ന മതങ്ങളിൽ ഏതെങ്കിലും ഒരു മതം മറ്റ് മതങ്ങളെ അപേക്ഷിച്ച് കേമമോ മോശമോ അല്ല, പ്രശ്നകാരികൾ മതമല്ല മതം പിടിച്ച മനുഷ്യരാണ് എന്ന് വിശ്വസിക്കുന്ന ഒരു മനുഷ്യനാണ് ഞാൻ ഒരു ഹിന്ദുവായി പിറന്നതുകൊണ്ട് ഈ മതത്തിന്റെ ഗുണവും ദോഷവും കുറെ ഒക്കെ എനിക്കും അറിയാം, ഇന്ന് ഈ സമൂഹത്തില് ജിവിക്കണമെങ്കിൽ ഒരു മതം അനിവാര്യമാണ് അതുകൊണ്ടാണ് പലരും അത് പിന്തുടരുന്നതും. സസ്യഭുക്കുകളെ വകവരുത്താൻ എളുപ്പമാണ്, എന്തുകൊണ്ട് ചാവക്കാടും, കൊടുങ്ങല്ലൂരിലും, ഗറുവായൂരിലുമൊക്കെ മതപരിവർത്തനം നടന്നു എന്നും അതിന്റെ കാരണം എന്താണെന്നും ഡോ.തന്റെ ലേഖ്നത്തിൽ പറയുന്നുണ്ട്.

 9. Anonymous Says:

  നന്നായി !


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s


%d bloggers like this: