Archive for February 2012

ലിബിയയിൽ നിന്നും…………..

February 21, 2012

                                                                                                                                                                                                                                                                                                                                                                                                                                                                                                                                                              ലിബിയയിൽ നിന്നും നാട്ടിലേയ്ക്ക് തിരിച്ചിട്ട് ഇന്ന് ഒരുവർഷം, മാതൃഭൂമി ദിനപ്പത്രത്തിൽ വന്ന അടിസ്ഥാന രഹിതവും ധാർമ്മികത ഇല്ലാത്തതുമായ വാർത്ത ഒരു ഷെയറിംഗ് മെയിലിലൂടെ കാണാനിടയായി അതുകൊണ്ടാണ് ഈ പോസ്റ്റ് ഇടാൻ തീരുമാനിക്കുന്നത്. ലിബിയയിലെ കാര്യങ്ങൾ ഞാനും മാദ്ധ്യമങ്ങളിലൂടെ മാത്രമാണ് മനസ്സിലാക്കിയിരുന്നത് എന്നാൽ മാതൃഭൂമി പറഞ്ഞ കഥയിലെ കഥാപാത്രങ്ങളെ നേരിട്ട് കാണാൻ ഇടയായി അവരുമായി സംസാരിച്ചപ്പോൾ ഒരു അതിജീവനത്തിന്റെ യാതനകൾ കേൾക്കാൻ കഴിഞ്ഞു അതാണ് ഈ പോസ്റ്റ്.

ഹ്യൂണ്ടായ് എന്ന കൊറിയൻ കമ്പനിയിലെ പവർട്രാൻസ്മിഷൻ ലൈൻ പ്രോജക്ടിലെ ജീവനക്കാർ ആയിരുന്നു ബേബിവർഗ്ഗീസ്സും ബിജു ജോയിയും,ബിജു തോമസ്സും, മൈക്കിളും ഉൾപ്പെടുന്ന 275ൽ പരം ഇന്ത്യാക്കാർ. കൂടാതെ ഏകദേശം നൂറോളം ബംഗ്ലാദേശികൾ, മൂന്ന് നേപ്പാളികൾ, ഒരു ശ്രീലങ്കക്കാരൻ ഇവരായിരുന്നു ബങ്കാസി ക്യാമ്പിൽ ഉണ്ടായിരുന്നത്. ഫെബൃവരി പതിനെട്ട് രാത്രി ലിബിയൻ സമയം11.30ന് ആണ് ബങ്കാസി ക്യാമ്പ് ആക്രമിക്കപ്പെടുന്നത്, ബങ്കാസി ടൗണിൽ നിന്നും ഏകദേശം 30 കിലോമീറ്റർ മാറിയാണ് ഈ ക്യാമ്പ്, ഏകെ ഫോർട്ടീസെവൻ കൈയ്യിലേന്തിയ അക്രമകാരികൾ കൊലവിളി നടത്തി വെടിയുതിർത്തുകൊണ്ടാണ് ക്യാമ്പിലേയ്ക്ക് കടന്നത്. എവിടെയും വെടിഒച്ചമാത്രം. ജീവൻ വേണമെങ്കിൽ ഓടിപ്പോകുക എന്ന് അറബിയിൽ അവർ ആക്രോശിക്കുന്നുണ്ടായിരുന്നു.

എന്തുചെയ്യണമെന്ന് അറിയാൻ വയ്യാതെ പകച്ചു നിൽക്കുകയായിരുന്നു എല്ലാവരും, ലിബിയയിലെ വിപ്ലവത്തിനെ മുതലാക്കുന്ന പിടിച്ചുപറി സംഘമായിരുന്നു അവിടെ അക്രമം നടത്തിയത്., ലിബിയയിലെ ജനങ്ങൾ ആയുധം ഏന്തി യുദ്ധം ചെയ്തത് ലിബിയൻ പട്ടാളത്തിനെതിരെ ആയിരുന്നു അല്ലാതെ സാധാരണക്കാരുടേയോ വിദേശിയുടേയോ നേർക്കായിരുന്നില്ല. കൊള്ളയും കൊലയും കാലകാലമായിതൊഴിലായി കൊണ്ടു നടക്കുന്ന ഒരു വിഭാഗം ലിബിയയിലും ഉണ്ട് (തമിഴ്നാട്ടിലെ തിരുട്ടുഗ്രാമം പോലെ) ബങ്കാസി ക്യാമ്പ് നിർമ്മിച്ചിരിക്കുന്നത് പോർട്ടബിൾ ഹൗസ് അല്ലെങ്കിൽ കണ്ടൈനറുകൾ കൊണ്ടാണ്. ആളുകളെ വിരട്ടി ഓടിച്ചശേഷം കൈയ്യിൽ കിട്ടിയതെല്ലാം അക്രമികൾ സ്വന്തമാക്കി ഓഫീസിലും, താമസസ്ഥലത്തും എല്ലാം വ്യാപകമായ കൊള്ളനടന്നു, പലരും ജീവനുംകൊണ്ട് പലായനം ചെയ്തു. പലരുടേയും വിലപിടിച്ചവസ്ഥുക്കൾ ഓഫീസിലെ മേശയ്ക്കുള്ളിലും സേഫിലും മറ്റുമായിരുന്നു. ക്യാമ്പിന് പുറത്ത് ബാരലിൽ ശേഖരിച്ചു വച്ചിരുന്ന കമ്പനിയുടെ ഡീസൽ ബക്കറ്റിൽ പകർന്ന്  കണ്ടൈനറുകളുടെ മുകളിലേയ്ക്ക് ഒഴിച്ചു ക്ഷണനേരം കൊണ്ട് ക്യാമ്പ് അഗ്നിക്കിരയാക്കി.  ജീവൻ പണയം വച്ചാണ് മുംബൈക്കാരൻ സബീർ ഓഫീസിൽ നിന്നും പാസ്സ്പോർട്ട്കൾ അടങ്ങുന്ന പെട്ടി കരസ്ഥമാക്കിയത്. ഏതെങ്കിലും കലാപകാരിയുടെ കണ്ണിൽ പെട്ടിരുന്നെങ്കിൽ കത്തിയമരുന്ന ക്യാമ്പിന്റെ കൂടെ സബീറും ഒരു പിടി ചാരമാകുമായിരുന്നു, ഇന്ത്യാക്കാരിൽ മിക്കവാറും എല്ലാവരുടേയും പാസ്സ്പോർട്ട് അതിൽ ഉണ്ടായിരുന്നു. ഈ സംഭവം നടക്കുമ്പോൾ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിലെ ഉത്തരവാദപെട്ട സാറന്മാർ സ്വന്തം ജീവനും കൊണ്ട്പലായനം ചെയ്യുകയായിരുന്നു ചെയ്തത്.

പ്രാണരക്ഷാർത്ഥം ഓടുകയായിരുന്നു പലരും, ഇതിനിടയിൽ നഷ്ടപ്പെട്ടത്, ഒരിക്കലും തിരിച്ചു കിട്ടാത്ത രീതിയിൽ അഗ്നിക്കിരയായിരുന്നു. രാത്രിയിൽ ഇവർക്ക് അഭയം നൽകിയത് കുറച്ചകലെ ഉണ്ടായിരുന്ന ഒരു മസ്ജിത് ആയിരുന്നു, ഒരു ദിവസം അവിടെ സുരക്ഷിതരായി കഴിഞ്ഞു, ജാതിമത ചിന്തകൾക്ക് അധീതമായ് ആ മുസ്ലീം പള്ളിയിലെ പരിപാലകർ ഈ പാവങ്ങൾക്ക് ഭക്ഷണം ഉൾപ്പടെ ഉള്ള എല്ലാ സൗകര്യവും ചെയ്തു കൊടുത്തിരുന്നു, ഈ ഓട്ടത്തിനിടയിൽ മോഷ്ടാക്കളുടെ പിക്കപ്പും, ഒരു നിമിഷം കൊണ്ട് അഭയാർത്ഥികളായി മാറിയ കമ്പനി ജീവനക്കാർ കയറിയ പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് തമിഴ്നാട് സ്വദേശികൾ മരിക്കുകയും കുറച്ചാളുകൾക്ക് പരിക്ക് പറ്റുകയും ചെയ്തു. മരിച്ചത് തമിഴ്നാട് സ്വദേശി അശോക് കുമാർ തങ്കരാജും, എസ്.ടി.മുരുഖയ്യ എന്ന ആളുമാണ് പരുക്കേറ്റവരെ ബങ്കാസിയിലെ ഹോസ്പിറ്റലിൽ എത്തിച്ചു.

അടുത്ത ദിവസം രാവിലെ ലിബിയൻ സമയം 9.30ന് ബിജു ജോയ് തന്റെ ഡെൽഹിയിലെ വീട്ടിലും,  കരുനാഗപ്പള്ളിയിലെ ബേബിയുടെ വീട്ടിലും ലിബിയയിലെ സംഭവവികാസങ്ങൾ അറിയിച്ചു. അന്നുതന്നെ ഗാസിയബാദ് സെന്റ്തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാദർ ഷാജിയെ കാര്യങ്ങൾ അറിയിച്ചു. അദ്ദേഹത്തിന്റെ  ശ്രമഫലമായ് വിദേശകാര്യമന്ത്രാലയത്തിലും അതുമുഖാന്തരം ലിബിയയിലെ ഇന്ത്യൻ എംബസ്സിയിലും കാര്യങ്ങൾ ധരിപ്പിക്കാൻ കഴിഞ്ഞു തൽഫലമായി    ബങ്കാസിയിൽ താത്കാലിക കോൺസുലേറ്റ് ഒരു ഇന്ത്യൻ സ്കൂളിൽ തുറന്നു.  അന്നേദിവസം തന്നെ ഏഷ്യാനെററ്റിന്റെ പ്രതിനിധി പ്രശാന്ത് രഘുവശവുമായി ബന്ധപ്പെടുകയും ലിബിയയിലെ ഇന്ത്യാക്കാരുടെ ദയനീയവസ്ഥ ടെലികാസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മാതൃഭൂമി പറയുമ്പോലെ ഉറങ്ങുകയായിരുന്നില്ല ഇന്ത്യൻ എംബസ്സി. എംബസ്സിയിലെ  ഉദ്യോഗസ്ഥരുമായി, ബേബിയും  മറ്റും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു, അതേസമയം ദേവൂ കമ്പനിയുടെ ബങ്കാസിയിലെ ക്യാമ്പിൽ ഇവർക്ക് താമസിക്കാനുള്ള ഏർപ്പാടുകൾ കമ്പനി ചെയ്തിരുന്നു.

ചോട്ടിദാസും മറ്റും താമസിച്ചിരുന്ന സരീർ ക്യാമ്പ് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നവർ അവരെ തുരത്തി. ബങ്കാസിയിലെ അഗ്നിക്കിരയായ ഹ്യൂണ്ടായ് ക്യാമ്പിൽ നിന്നും 450 കിലോമീറ്റർ മാറിയാണ് സരീർ ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. സരീർ ക്യാമ്പിൽ ഉണ്ടായിരുന്നവർക്ക് കാര്യമായ കഷ്ടനഷ്ടങ്ങൾ ഉണ്ടായില്ല എന്ന് ചുരുക്കം. 21ആം തീയതിയാണ് ബങ്കാസി ക്യാമ്പിലെ അംഗങ്ങൾ മസ്ജിതിൽ നിന്നും ദേവൂ ക്യാമ്പിലേയ്ക്ക് മാറുന്നത്. അവിടെ ഭക്ഷണത്തിനോ താമസ സൗകര്യത്തിനോ കാര്യമായ പ്രശനം ഉണ്ടായിരുന്നില്ല. ഏകദേശം ആയിരത്തഞ്ഞൂറ് പേരെങ്കിലും ആ ക്യാമ്പിൽ ഉണ്ടായിരുന്നു. ഏഴ് ദിവസം അവിടെ കഴിഞ്ഞു, പുറത്ത് തീവൃമായിവരുന്ന വിപ്ലവ, അക്രമ പരമ്പരകൾ തങ്ങൾ താമസിക്കുന്ന ക്യാമ്പും സുരക്ഷിതമാണ് എന്ന് ആർക്കും വിശ്വാസമില്ലായിരുന്നു ഏതുസമയവും ആക്രമിക്കപ്പെട്ടെയ്ക്കാം എന്ന അവസ്ഥ, ബങ്കാസി സീ പോർട്ടിൽ അഭയാർത്ഥിക്യാമ്പുകൾ തുറന്നിരുന്നു അവിടേയ്ക്ക് സരീർ ക്യാമ്പിലെ ആളുകളെ മാറ്റിപാർപ്പിച്ചു. രാവിലെ ഭക്ഷണത്തിനായി തുടങ്ങുന്ന ക്യൂ അവസാനിക്കുമ്പോൾ മൂന്ന് മണിയാകും, ഉണക്ക കുബൂസ്സിന്റെ ഒരു കഷ്ണവും അല്പം ചോറും, താമസിച്ചണ് ക്യൂവിൽ എത്തുന്നതെങ്കിൽ ഒരാപ്പിൾ അല്ലെങ്കിൽ ഒഴിഞ്ഞ കൈയ്യ്. പത്ത് ദിവസം കൊണ്ട് പലരും ഒരു വരപോലായി എന്ന് പറഞ്ഞാൽ അതിൽ അത്ഭുതപ്പെടാനില്ല എന്നത് ജീവിത സാക്ഷ്യം.

ബേബി വർഗ്ഗീസും, സബീറും ബിജു ജോയിയും മറ്റും സ്കോട്ടിയ പ്രിൻസ് എന്ന കപ്പലിൽ

ഇന്ത്യൻ എംബസ്സിയുടെ പരിശ്രമഫലമായി സ്കോട്ടിയ പ്രിൻസ് എന്ന കപ്പൽ ഇന്ത്യാക്കാർക്കായി തയ്യാറായി,ആദ്യ ബാച്ചിൽ 2250  ഓളം യാത്രക്കാരുമായി കപ്പൽ അലക്സാണ്ട്രിയയിലേയ്ക്ക് യാത്രയായി. അലക്സാണ്ട്രിയയിൽ നിന്നും  റോഡ് മാർഗ്ഗം കയ്റോ യിലേയ്ക്കും അവിടുന്ന്  ബോബെയിലെയ്ക്കും, ഡെൽഹിയിലേയ്ക്കും ഉള്ള ഫ്ലൈറ്റുകളിൽ ആളുകളെ നാട്ടിൽ എത്തിച്ചു. നോർക്കയുടെ പരിശ്രമഫലമായി ഡെൽഹി എയർ പോർട്ടിൽ ഓരോ സ്റ്റേറ്റിൽ ഉള്ളവർക്കും തനിതനിയായി ഹെല്പ് ഡെസ്ക് തുറന്നിരുന്നു, എല്ലാവരേയും ഡെൽഹി എയർ പോർട്ടിൽ എത്തിക്കുകയും അവിടുന്ന് ജന്മനാടുകളിൽ എത്തിക്കുക എന്നതുമായിരുന്നു നോർക്ക അധികൃതർ പ്ലാൻ ചെയ്തിരുന്നത്  എന്നാൽ  കോർഡിനേഷന്റെ കുറവുമൂലമോ മറ്റോ കുറെ ആളുകൾ ബോംബെയ്ക്കും മറ്റുള്ളവർ ഡെൽഹിയിലേയ്ക്കും നയിക്കപ്പെട്ടു.ബോംബെയിൽ എത്തിയവരിൽ ബേബിവർഗീസ്സും, ചോട്ടിദാസും,മൈക്കിളും,സബീറും ഒക്കെ ഉണ്ടായിരുന്നു ഇവർക്ക് തുടർ യാത്രയ്ക്കായി എമിഗ്രേൻ കൗണ്ടറിൽ നിന്നും 2000 രൂപ വീതം ധന സഹായം നൽകി. ഡെൽഹിയിൽ എത്തിയവർക്ക്  തുടർയാത്രയ്ക്കായ് ഫ്ലൈറ്റും അറേഞ്ച് ചെയ്തു അതുവരെ ഉള്ള താമസ സൗകര്യവും ഭക്ഷണവും നൽകാനുള്ള ഏർപ്പാടുകൾ അധികൃതർ ചെയ്തിരുന്നു. ഈ കാര്യത്തിൽ ഇന്ത്യാ ഗവണ്മെന്റും, നോർക്കയും സുസ്ത്യർഹമായ നടപടികൾ ആണ് സ്വീകരിച്ചത്. ഇന്ന് ഇവരിൽ പലരും വീണ്ടും പ്രവാസത്തിൽ തന്നെ, മറ്റൊരു ദുർവിധി വരരുതെ എന്ന് പ്രാർത്ഥിച്ച്കൊണ്ട് തുടരുന്നു…………..

മടക്കയാത്രയിലെ ചില ദൃശ്യങ്ങൾ..

ബങ്കാസി തുറമുഖം…….. കപ്പലിൽ നിന്നും ഒരു കാഴ്ച്ച..

കരയിലേയ്ക്ക് ഒരു കാഴ്ച്ച..

വെസലുകൾ ഊഴവും കാത്ത്.

ആശ്വാത്തോടെ..

കപ്പലിനുള്ളിൽ……….

കപ്പലിലെ കാഴ്ച്ച…

പോർട്ട് രാത്രി കാഴ്ച്ച.

Advertisements