Archive for August 2015

ഗുരുവിനെ പലരും ബോധപൂര്‍വം തമസ്‌കരിക്കുന്നു: സ്വാമി ശിവ സ്വരൂപാനന്ദ

August 14, 2015

ഗുരുവിനെ പലരും ബോധപൂര്‍വം തമസ്‌കരിക്കുന്നു: സ്വാമി ശിവ സ്വരൂപാനന്ദ (മംഗളം ഓൺലൈനിൽ വന്ന ലേഖനം)

 Story Dated: Sunday, August 9, 2015 01:12

mangalam malayalam online newspaper

ഏകലോകത്തെ വിഭാവന ചെയ്‌ത ശ്രീനാരായണഗുരുവെന്ന പുണ്യപുരുഷനെ ഈഴവ സമുദായത്തിന്റെ മാത്രം കുലഗുരുവായി പലരും തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു കാലമാണു കടന്നുവന്നിരിക്കുന്നത്‌. ഗുരു വിഭാവന ചെയ്‌ത വിശ്വദര്‍ശനങ്ങളെ കുറിച്ച്‌ അജ്‌ഞരായ ഒരു തലമുറയാണ്‌ വളര്‍ന്നുവരുന്നത്‌. ലഹരിയെന്ന വിപത്തും, ജാതിവിവേചനമെന്ന രോഗാണുവും സമുഹത്തെ കാര്‍ന്നുതിന്നുന്ന കാലത്ത്‌ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ട്‌. ആലുവ അദൈ്വതാശ്രമത്തിന്റെ മഠാധിപതി സ്വാമി ശിവ സ്വരൂപാനന്ദ ശതാബ്‌ദി നിറവില്‍ നില്‍ക്കുന്ന ആശ്രമത്തിലിരുന്നു മംഗളത്തോട്‌ സംസാരിക്കുന്നു.

? ആശ്രമത്തിലെ ശതാബ്‌ദി ആഘോഷത്തിന്റെ തയ്ായറെടുപ്പുകള്‍ എവിടെവരെയായി?.
ഒരു വര്‍ഷംവരെ നീണ്ടുനില്‍ക്കുന്ന പരിപാടികളാണു സംഘടിപ്പിച്ചിരിക്കുന്നത്‌. പതിനൊന്നാം തിയതി ശിവഗിരിയില്‍ നിന്നും കൊണ്ടുവരുന്ന പഞ്ചലോഹ വിഗ്രഹ ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആശ്രമത്തിലെ ശതാബ്‌ദിയാഘോഷ പരിപാടികള്‍ അവസാനഘട്ടത്തിലാണ്‌.
പതിനഞ്ച്‌, പതിനാറ്‌ തിയതികളില്‍ കൂടുതല്‍ ആളുകളെ പ്രതീക്ഷിക്കുന്നു. പതിനേഴാം തിയതി ഗുരുഭക്‌തരും വിവിധ ശ്രീനാരായണ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി പതിനായിരം പേര്‍ എത്തുമെന്നാണ്‌ പ്രതീക്ഷ. ഇപ്പോള്‍ ഓരോ സ്‌ഥലങ്ങള്‍ കേന്ദ്രീകരിച്ചു സമ്മേളനങ്ങള്‍ നടത്തുന്ന തിരക്കിലാണ്‌. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്ങാണു ശതാബ്‌ദിയാഘോഷത്തിന്റെയും ഗുരുമന്ദിര സമര്‍പ്പണത്തിന്റെയും ഉദ്‌ഘാടകന്‍.

? ശ്രീനാരായണ ദര്‍ശനങ്ങള്‍ക്കു വളരെ പ്രാധാന്യമുള്ള ഒരു കാലഘട്ടമാണല്ലോ നിലവിലുള്ളത്‌? ദര്‍ശനങ്ങളുടെ വ്യാപ്‌തിയെക്കുറിച്ച്‌ പറയാമോ?
കേരളത്തില്‍ മതം, ജാതി, രാഷ്‌ട്രീയം എന്നിവ ശക്‌തിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്‌. ഇത്തരം നീക്കങ്ങളെ തടയാന്‍ മനുഷ്യ സൗഹൃദം നിലനിര്‍ത്താനാണു ശ്രമിക്കേണ്ടത്‌. ഇതിനായി ഗുരുവിന്റെ ദര്‍ശനങ്ങളും ചിന്തകളും ജാതി, മതം എന്നിവ നോക്കാതെ സ്വീകരിക്കണം. ഇന്നു കേരളത്തില്‍ മത കലഹങ്ങളും വര്‍ഗീയതയും വര്‍ധിച്ചുവരികയാണ്‌. ജാതിവിവേചനം ഇന്നും നിലനില്‍ക്കുന്നു.
വര്‍ത്തമാനകാലത്തും ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളെ സ്വീകരിക്കുന്നതിലും അംഗീകരിക്കുന്നതിലും സവര്‍ണ ധാര്‍ഷ്‌ഠ്യം നിലനില്‍ക്കുന്നുണ്ട്‌. അതു മാറണം. സര്‍ക്കാര്‍ സംവിധാനങ്ങളിലും ഒരു മാറ്റം അനിവാര്യമാണ്‌.
ജനങ്ങള്‍ വോട്ടു നല്‍കി ജയിപ്പിച്ചുവിട്ട രാഷ്‌ട്രീയക്കാര്‍ പിന്നീട്‌ അവരുടെ സമുദായത്തിനുവേണ്ടി മാത്രം നിലനില്‍ക്കുന്നത്‌ ജനാധിപത്യത്തിന്‌ നിരക്കുന്നതല്ല. ചെറിയ പെരുന്നാളിനും, ഈദ്‌ പെരുന്നാളിനുമെല്ലാം ചടങ്ങുകള്‍ക്കായി ആശ്രമം വിട്ടുകൊടുക്കാറുണ്ട്‌. മതസൗഹൃദം നിലനിര്‍ത്താനാണ്‌ എപ്പോഴും ശ്രമം.

? രാഷ്‌ട്രീയ രംഗത്തെ അപചയം, സാമുദായിക സ്‌പര്‍ധ, മത വിദ്വേഷം, മതംമാറ്റം എന്നിവയെല്ലാം കേരളത്തില്‍ അതിശക്‌തമാവുകയാണല്ലോ?.
രാഷ്‌ട്രീയ, സര്‍ക്കാര്‍ സംവിധാനങ്ങളിലും അവകാശങ്ങളിലും നമുക്കുവേണ്ടതു തുല്യതയാണ്‌. അതു പാലിക്കപ്പെടുകതന്നെ വേണം. ന്യൂനപക്ഷം, ഭൂരിപക്ഷം, ഹിന്ദു, ക്രിസ്‌ത്യന്‍, മുസ്ലിം എന്ന സങ്കുചിത ചിന്താഗതിതന്നെ മാറണം. തുല്യ മത, രാഷ്‌ട്രീയ, മാനുഷിക ബോധമാണ്‌ ഇവിടെ ഉയര്‍ന്നുവരേണ്ടത്‌. ഗുരു സ്വപ്‌നം കണ്ടതും പ്രാധാന്യം കല്‍പിച്ചതും ഇത്തരം മാനുഷിക ബോധത്തിനും തുല്യതയ്‌ക്കുമാണ്‌. അത്തരം ആത്മീയതയാണ്‌ ഇവിടെ ഉയരേണ്ടത്‌. അയിത്തമില്ലാത്ത ഒരു ദൈവത്തെ ആവിഷ്‌കരിക്കാനല്ല, അയിത്തമില്ലാത്ത മനുഷ്യനെ സൃഷ്‌ടിക്കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ഇന്നു ഹൈന്ദവവത്‌കരണം എന്നതു ചാതുര്‍വര്‍ണ്യത്തിലേക്കുള്ള തിരിച്ചുപോക്കാണെങ്കില്‍ ശ്രീനാരായണീയര്‍ ഒന്നുകൂടി ഇരുത്തി ചിന്തിച്ചേ തീരൂ. എസ്‌.എന്‍.ഡി.പിയുടെ ഒരു വാര്‍ഷിക സമ്മേളനത്തില്‍ ഈഴവ സമുദായം ബുദ്ധമതത്തിലേക്കു മതംമാറുന്നതിനെക്കുറിച്ചു മഹാകവി കുമാരനാശാന്‍ ഗുരുവിനെ അറിയിച്ചപ്പോള്‍ ഗുരു പറഞ്ഞത്‌ ”മതം മാറേണ്ട ആവശ്യമില്ല. മതം മാറുന്നുവെങ്കില്‍ അത്‌ സനാതന ധര്‍മ്മത്തിലേക്ക്‌ ആകണം എന്നാണ്‌.”
ക്രിസ്‌ത്യാനി, ഹിന്ദു, മുസ്ലിം എന്നിങ്ങനെ ആര്‍ക്കായാലും മാനുഷികത നഷ്‌ടമായാല്‍ സങ്കുചിത മനോഭാവമുണ്ടാകും. സര്‍ക്കാര്‍ മന്ദിരങ്ങളില്‍ ‘സത്യമേവ ജയതേ’ എന്ന വാക്യം മാറ്റിയെഴുതേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. സത്യം എപ്പോഴും ജയിച്ചോളും. അതിനു പകരമായി ”വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണെന്ന” സന്ദേശമാണ്‌ എഴുതേണ്ടത്‌.

? ഉത്തരവാദപ്പെട്ട പലരും ഗുരുദേവ ദര്‍ശനങ്ങള്‍ ബോധപൂര്‍വം തമസ്‌കരിക്കുന്നത്‌ എന്തുകൊണ്ടാണ്‌ ?.
സ്വാര്‍ത്ഥ മത-രാഷ്‌ട്രീയം നിലനില്‍ക്കണമെങ്കില്‍ ഗുരുദേവ ദര്‍ശനങ്ങളെ തമസ്‌കരിക്കേണ്ടത്‌ ആവശ്യമാണ്‌. ഗുരുദേവ ദര്‍ശനങ്ങളെ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തണം. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിക്കുന്നില്ല. അതിന്റെ പിന്നിലും ഹിന്ദുമതത്തിലെ സവര്‍ണ രാഷ്‌ട്രീയത്തിന്റെയും മതത്തിന്റെയും കൈകടത്തലുണ്ട്‌. ഇത്തരം വലിയ സംശയങ്ങള്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്നു. വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നവര്‍ക്ക്‌ യാതൊരു ശ്രദ്ധയുമില്ല. വിളക്കു കത്തിക്കുന്നതില്‍പോലും മതം കാണുന്നത്‌ അപരിഷ്‌കൃത സമൂഹത്തിന്റെ രീതിയാണ്‌. ഇത്തരം ചെയ്‌തികളെ ആശങ്കയോടെ മാത്രമേ കാണാനാകൂ. തുറന്ന മനസോടെയുള്ള ദേശീയ ബോധമാണ്‌ ആവശ്യം. ഭരണം നടത്തുന്നവര്‍ സമത്വപരമായി പെരുമാറണം. സ്വജനപക്ഷപാതം കാണിക്കുന്നത്‌ ശരിയല്ല. കൊച്ചുകുട്ടികള്‍ വരെ ഈ കാര്യത്തില്‍ നേതാക്കളെക്കാള്‍ ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുന്നുണ്ട്‌.

? ഗുരുവിനുശേഷം ദാര്‍ശനിക മുഖമുള്ള മറ്റൊരു നവോത്ഥാന നായകന്‍ ഉദയം കൊള്ളാത്തത്‌ എന്തുകൊണ്ടാണ്‌?. ഗുരുവിനെ സാമൂഹിക പരിഷ്‌കര്‍ത്താവ്‌ എന്ന ലേബലില്‍ ചിലര്‍ ഒതുക്കുന്നുണ്ടല്ലോ?.
കേരള സമൂഹത്തിന്‌ സാമൂഹിക പരിഷ്‌കര്‍ത്താവിനെ കാത്തിരിക്കേണ്ട ആവശ്യമില്ല. ശ്രീനാരായണ ഗുരുവിനെ ഒരിക്കലും സാമൂഹിക പരിഷ്‌കര്‍ത്താവായി കാണരുത്‌. അദ്ദേഹം ഗുരുവാണ്‌. ജീവിക്കുന്ന കാലത്തിലെ മൂല്യങ്ങള്‍ സംരക്ഷിക്കാനും, മാലിന്യങ്ങളെ നീക്കം ചെയ്യാനും ഏറ്റവും പോസിറ്റീവായി ചിന്തിക്കുകയായിരുന്നു ഗുരു. ഗുരുവിനെ മനസിലാകാത്തവരാണ്‌ അദ്ദേഹത്തെ സാമൂഹിക പരിഷ്‌കര്‍ത്താവ്‌ എന്ന ലേബലില്‍ മാത്രം ഒതുക്കുന്നത്‌. അല്‍പബുദ്ധികളുടെ മണ്ടന്‍ പ്രതികരണം മാത്രമാണിത്‌. തിന്മകളില്‍നിന്നും സമൂഹത്തെ രക്ഷിച്ച ഋഷി പരമ്പരയിലെ കണ്ണിയാണ്‌ ശ്രീനാരായണ ഗുരു.

? മത-രാഷ്‌ട്രീയ നേതാക്കള്‍ വര്‍ഗീയത ആളികത്തിക്കുന്ന പ്രസ്‌താവനകള്‍ നടത്തുന്നത്‌ ശ്രദ്ധയില്‍ പെടാറുണ്ടോ?.
ബീഫ്‌ ഫെസ്‌റ്റിവല്‍ നടത്തുകയും അത്‌ കഴിക്കരുതെന്നു പറയുകയും ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം മുഖ്യധാരയില്‍നിന്ന്‌ അകറ്റി നിര്‍ത്തപ്പെടുന്ന, അവഗണന നേരിടുന്ന ഒരു സമൂഹം അര്‍ഹിക്കുന്നുണ്ട്‌. ക്രിസ്‌മസും നബിദിനവും പുണ്യദിനങ്ങളും ഓണവും വിഷുവും ഈസ്‌റ്ററുമെല്ലാം ഒരുപോലെ ആഘോഷിച്ച നാടാണ്‌ നമ്മുടേത്‌. ഇന്ന്‌ ആ അവസ്‌ഥ മാറി. കേരളത്തിന്റെ അന്തസാണ്‌ നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്‌. മൗലവിമാരില്‍ നിന്നും സ്വാമിമാരില്‍ നിന്നും പുരോഹിതന്മാരില്‍ നിന്നും വര്‍ഗീയത നിറഞ്ഞ വാക്കുണ്ടാകരുത്‌. രാഷ്‌ട്രീയ മുതലെടുപ്പിനു വേണ്ടി വിവാദങ്ങളുണ്ടാക്കാന്‍ ആരും ശ്രമിക്കരുത്‌. ജാതി ചിന്ത പാടില്ലെന്നാണു ഗുരു പറഞ്ഞത്‌. ഗുരുവിനെ ഉപയോഗിച്ച്‌ ഇന്നും ജാതി പറയുന്നവരുണ്ട്‌. അതു ശരിയല്ല. അതിനോട്‌ യോജിപ്പില്ല. ഗുരു ക്ഷേത്രം നിര്‍മിച്ചത്‌ ജാതിയില്ലാതാക്കാനാണ്‌. അവിടെയും ജാതി കടന്നുകൂടിയതില്‍ ഗുരുവിന്‌ സങ്കടമുണ്ടായിരുന്നു. ദേവാലയങ്ങളല്ല, വേണ്ടത്‌ വിദ്യാലയങ്ങളാണെന്നാണു ഗുരു പറഞ്ഞത്‌.

? ഗുരുദേവന്‍ മദ്യത്തിനെതിരേ പറഞ്ഞു, ജാതിക്കെതിരേ പറഞ്ഞു. എന്നാല്‍ ഇന്നും വലിയ വിപത്തായി ഇതെല്ലാം സാമൂഹത്തെ കാര്‍ന്നു തിന്നുന്നു?.
ഇന്ദ്രിയ ശുദ്ധിയോടുകൂടി സ്‌കൂളിലും വീട്ടിലും കുട്ടികളെ വളര്‍ത്തണം. ശരിയായ കുടുംബ സംവിധാനം ഇന്നില്ല. സുഖതൃഷ്‌ണ തേടുകയാണ്‌ കുട്ടികള്‍പ്പോലും. ഗുരു അരുത്‌ എന്നു വിലക്കിയത്‌ ജാതിയും മദ്യവുമാണ്‌. അത്‌ കൂടെ കൊണ്ടുനടക്കുന്നവര്‍ ഗുരുഭക്‌തരല്ല. മദ്യവിപത്തു ചികിത്സിച്ചു മാറ്റാം. ജാതി വിപത്ത്‌ എങ്ങനെ മാറ്റാനാകും? ക്ഷേത്രങ്ങളിലെ കടുത്ത ജാതി വിവേചനം അറിവില്ലായ്‌മകൊണ്ട്‌ ഉണ്ടാകുന്നതാണ്‌. അതു നിലനിര്‍ത്താന്‍ സവര്‍ണ സമൂഹം ഗുരുവിനെ അകറ്റിനിര്‍ത്തുകയാണ്‌.

? സമുദായങ്ങള്‍ രാഷ്‌ട്രീയ കക്ഷിയില്‍ അണിചേരാനും പാര്‍ട്ടികളുമായി വിലപേശാനും ശ്രമിക്കുന്നത്‌ ശരിയാണോ?.
അത്‌ അവരവരുടെ ഇഷ്‌ടം. സന്യാസികളായ ഞങ്ങള്‍ക്ക്‌ എല്ലാവരെയും മനുഷ്യരായി കാണാനേ പറ്റൂ. മാറി ചിന്തിക്കാനാകില്ല. ശ്രമിക്കുകയുമില്ല.

? അവസാനമായി ഒന്നു ചോദിക്കട്ടെ, എസ്‌.എന്‍.ഡി.പി യോഗം ഗുരുവിന്റെ സ്‌ഥാപിത ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിക്കുന്നതായി സമൂഹം വിലയിരുത്തുന്നു. എന്താണ്‌ അഭിപ്രായം?.
ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങളെ എല്ലാവരും മുറുകെ പിടിക്കാന്‍ ശ്രമിക്കണം. തോന്നിയപോലെ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ശരിയല്ല. ഗുരുവിന്റെ ദര്‍ശനങ്ങളോടു നീതിപുലര്‍ത്താന്‍ പറ്റാത്തവര്‍ ആ രീതി മാറ്റണമെന്നാണ്‌ എനിക്കു പറയാനുള്ളത്‌.

– See more at: http://www.mangalam.com/print-edition/sunday-mangalam/347272#sthash.3MPEgom4.dpuf

Advertisements

മംഗളം ഓൺലൈനിൽ വന്ന V.S ന്റെ ലേഖനം

August 14, 2015

ചരിത്രം കുഴിച്ചുമൂടുമ്പോള്‍
വി.എസ്‌. അച്യുതാനന്ദന്‍
Story Dated: Friday, August 14, 2015 01:28
കേരളത്തിന്റെ നവോത്ഥാന ചരിത്രം ശ്രീനാരായണഗുരുവിന്റെ ജീവിതവും ദര്‍ശനങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്‌. നമ്മുടെ സമൂഹത്തെ ഇന്നു കാണുന്ന നിലയിലേക്ക്‌ വളര്‍ത്തിയത്‌ നവോത്ഥാന മുന്നേറ്റവും, അതിനെ തുടര്‍ന്ന്‌ കമ്യൂണിസ്‌റ്റ്- ഇടതുപക്ഷ പാര്‍ട്ടികള്‍ നടത്തിയ പോരാട്ടങ്ങളുമാണെന്നത്‌ ചരിത്രം.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ന്റെ ആദ്യദശകങ്ങളിലുമാണല്ലോ ഗുരു തന്റെ ജീവിതവും ചിന്തകളും കൊണ്ട്‌ കേരളത്തെ ഉണര്‍ത്തിയത്‌. അദ്ദേഹംജീവിച്ച കാലത്ത്‌ കേരളം രൂപത്തിലോ ഭാവത്തിലോ ഇന്നു കാണുന്ന നിലയിലായിരുന്നില്ല. തിരുവിതാംകൂറും കൊച്ചിയും മലബാറുമായി വിഭജിക്കപ്പെട്ടു കിടന്ന മൂന്ന്‌ പ്രദേശങ്ങള്‍. അവിടങ്ങളില്‍ മൂന്നുതരത്തിലുള്ള, ഒന്നിനൊന്ന്‌ വ്യത്യസ്‌തമായ ജീവിതക്രമങ്ങളും ആചാരാനുഷ്‌ഠാനങ്ങളുമാണ്‌ നിലനിന്നിരുന്നത്‌.
തിരുവിതാംകൂറും കൊച്ചിയും നേരിട്ടുളള രാജഭരണത്തിനുകീഴിലും മലബാര്‍ പഴയ മദിരാശി സംസ്‌ഥാനത്തിന്റെ ഭാഗമായിട്ടുമായിരുന്നു നിലനിന്നിരുന്നത്‌. അതുകൊണ്ടു തന്നെ ജനാധിപത്യാവകാശങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. രാജഭരണത്തിന്റെയും ദിവാന്‍ഭരണത്തിന്റെയും കെടുതികളില്‍ ജനങ്ങളാകെ വീര്‍പ്പുമുട്ടിക്കഴിയുന്ന കാലം. കര്‍ഷകരും തൊഴിലാളികളും അടക്കമുള്ള സാധാരണക്കാര്‍ ഭരണാധികാരികളുടെ മാത്രമല്ല, ജന്മി-ഭൂപ്രഭൂ വര്‍ഗത്തിന്റെയും മുതലാളിമാരുടെയും ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും അടിപ്പെട്ടുകഴിഞ്ഞ കാലമായിരുന്നു അത്‌. സാമൂഹികമായി ജാതിമതചിന്തകളും അതുമായി ബന്ധപ്പെട്ട ഉച്ചനീചത്വങ്ങളും കൊടികുത്തിവാണിരുന്ന കാലമായിരുന്നു. ഇതെല്ലാം കണ്ടാണ്‌ 1897-ല്‍ സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന്‌ വിളിച്ചത്‌.
സവര്‍ണരല്ലാത്ത ആളുകള്‍ക്ക്‌ പൊതുവഴിയിലൂടെ നടക്കാന്‍ അവകാശമുണ്ടായിരുന്നില്ല. ഇതിനെതിരായ ജനകീയ പ്രതിഷേധത്തിന്റെ വലിയ രൂപമാണ്‌ 1924-ലെ വൈക്കം സത്യാഗ്രഹം. പൊതുവഴിയിലൂടെ നടക്കാന്‍ അവകാശമില്ലാത്തവര്‍ക്ക്‌ പിന്നെ ക്ഷേത്രാരാധനയ്‌ക്കുള്ള അവകാശം എങ്ങനെ ലഭിക്കാനാണ്‌? ഇതിനുവേണ്ടിയുള്ള ചരിത്രപ്രസിദ്ധമായ പ്രക്ഷോഭമാണ്‌ ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ നാം കണ്ടത്‌. കേളപ്പന്റെയും പി. കൃഷ്‌ണപിള്ളയുടെയും എ.കെ.ജിയുടെയുമൊക്കെ നേതൃത്വത്തിലാണ്‌ അതു നടന്നത്‌.
അന്ന്‌ വിദ്യ അഭ്യസിക്കാന്‍ കഴിയാതിരുന്ന അവര്‍ണ ജാതിയില്‍പ്പെട്ടവരുടെ കുട്ടികള്‍ക്കായി, അധഃസ്‌ഥിതജനവിഭാഗത്തിന്റെ മോചനത്തിനായി ജീവിതം സമര്‍പ്പിച്ച മഹാനായ അയ്യങ്കാളി തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ പ്രത്യേക വിദ്യാലയം ആരംഭിച്ചു.സാധാരണക്കാരും തൊഴിലാളികളുമായ ആളുകള്‍ക്കൊന്നും മേല്‍മീശ വെച്ചു നടക്കാന്‍ അവകാശമുണ്ടായിരുന്നില്ല. സ്‌ത്രീകള്‍ക്ക്‌ മാറുമറച്ചു നടക്കാന്‍ അവകാശമുണ്ടായിരുന്നില്ല.
ഇത്തരമൊരു ജീര്‍ണിച്ച കാലത്തില്‍ നിന്ന്‌ അവര്‍ണ ജനവിഭാഗങ്ങളെയാകെ സമുദ്ധരിക്കാനും അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയര്‍ത്താനുമാണ്‌ ശ്രീനാരായണഗുരു തന്റെ ജീവിതം ഉഴിഞ്ഞുവച്ചത്‌. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അദ്ദേഹം നമുക്ക്‌ പകര്‍ന്നു നല്‍കിയ ദര്‍ശനങ്ങളും ആപ്‌തവാക്യങ്ങളും പുതിയ മനുഷ്യനെക്കുറിച്ചും പുതിയ ജീവിതത്തെക്കുറിച്ചുമുള്ള സ്വപ്‌നങ്ങള്‍ നിറഞ്ഞവയാണ്‌. അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ മതമേതായാലും മനുഷ്യന്‍ നന്നായാല്‍മതി, അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്ന്‌ സുഖത്തിനായി വരേണം, വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക, സംഘടിച്ച്‌ ശക്‌തരാവുക തുടങ്ങിയ വചനങ്ങള്‍ മനുഷ്യജീവിതത്തിന്റെ പുതിയ ഭാവതലങ്ങള്‍ പ്രകടമാക്കുന്നതാണ്‌. 1888-ല്‍ ഗുരു ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്‌ഠ നടത്തിയപ്പോള്‍ അതിനെ സവര്‍ണര്‍ അത്ഭുതത്തോടും രോഷത്തോടെയുമാണ്‌ കണ്ടത്‌. ഇതിനെ ചോദ്യം ചെയ്‌ത സവര്‍ണരോട്‌ താന്‍ ഈഴവശിവനെയാണ്‌ പ്രതിഷ്‌ഠിച്ചതെന്ന്‌ പറഞ്ഞ്‌ അദ്ദേഹം അവരുടെ നാവടക്കി.
ജാതിയോ മതമോ ആചാരാനുഷ്‌ഠാനങ്ങളോ അല്ല മനുഷ്യനെ മനുഷ്യനും മഹാനുമാക്കുന്നത്‌ എന്ന്‌ ഉറച്ചു വിശ്വസിച്ച ഗുരു, മനുഷ്യനെ വേര്‍തിരിക്കുന്ന സങ്കുചിതമായ പരിമിതികള്‍ക്കപ്പുറത്ത്‌ മാനവികതയുടെ വിശാലമായ ലോകമാണ്‌ കാട്ടിത്തന്നത്‌. അവിടെ ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവുകള്‍ ഉണ്ടാകാന്‍ പാടില്ലെന്ന്‌ അദ്ദേഹത്തിന്‌ നിര്‍ബന്ധമുണ്ടായിരുന്നു. എസ്‌.എന്‍.ഡി.പി യോഗത്തിന്റെ രൂപീകരണത്തില്‍പോലും ഗുരുവിന്റെ ഉന്നതമായ ഈ നിലപാട്‌ പ്രതിഫലിച്ചിരുന്നു. 1903-ല്‍ എസ്‌.എന്‍.ഡി.പി. യോഗം രൂപീകരിക്കുമ്പോള്‍ ലക്ഷ്യമിട്ടിരുന്നത്‌ ഈഴവരാദി പിന്നാക്കസമുദായങ്ങളുടെ സമുദ്ധാരണമായിരുന്നു. അല്ലാതെ ഈഴവര്‍ക്കുമാത്രം വേണ്ടിയുള്ള ഒരു സംഘടനയായല്ല ഗുരു എസ്‌.എന്‍.ഡി.പി. യോഗത്തെ കണ്ടിരുന്നത്‌. ഈ കാഴ്‌ചപ്പാടില്‍ നിന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം മാറിക്കൊണ്ടിരിക്കുന്നു എന്നു മനസിലാക്കിയ ഘട്ടത്തിലാണ്‌ ശ്രീനാരായണഗുരു യോഗത്തില്‍ നിന്ന്‌ വിട്ടുനിന്നത്‌. ഡോക്‌ടര്‍ പല്‍പ്പുവിന്‌ ഗുരു അയച്ച കത്തിലെ പരാമര്‍ശം ഈ ഘട്ടത്തില്‍ സംഗതമാണ്‌. യോഗത്തിന്റെ നിശ്‌ചയങ്ങളെല്ലാം നാം അറിയാതെ പാസാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യങ്ങളൊന്നും നമ്മെ സംബന്ധിച്ച കാര്യത്തില്‍ ഇല്ലാത്തതുകൊണ്ടും, യോഗത്തിന്‌ ജാത്യഭിമാനം വര്‍ധിച്ചുവരുന്നതുകൊണ്ടും മുമ്പേ തന്നെ മനസില്‍ നിന്നും വിട്ടിരുന്നതുപോലെ, ഇപ്പോള്‍ വാക്കില്‍ നിന്നും പ്രവൃത്തിയില്‍നിന്നും യോഗത്തെ വിട്ടിരിക്കുന്നു എന്നായിരുന്നു ശ്രീനാരായണ ഗുരു പറഞ്ഞത്‌.
”നാം ജാതി-മതഭേദം വിട്ടിട്ട്‌ ഇപ്പോള്‍ ഏതാനും സംവല്‍സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍പ്പെട്ടതായി വിചാരിച്ചും, പ്രവര്‍ത്തിച്ചും വരുന്നതായും അത്‌ ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്‌തവത്തിന്‌ വിരുദ്ധമായ ധാരണയ്‌ക്ക് ഇടവന്നിട്ടുണ്ടെന്നും നാം അറിയുന്നു. നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ച്‌, ശിഷ്യവര്‍ഗത്തില്‍ നിന്ന്‌ മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവ അദൈ്വതാശ്രമത്തില്‍ ശിഷ്യഗണത്തില്‍ ചേര്‍ത്തിട്ടുള്ളൂ എന്നും, മേലും ചേര്‍ക്കുകയുള്ളൂ എന്നും വ്യവസ്‌ഥപ്പെടുത്തിയിരിക്കുന്നു.” ഗുരു കൊല്ലവര്‍ഷം 1091 മിഥുന മാസത്തില്‍ നടത്തിയ ഒരു പരസ്യ വിളംബരമാണിത്‌.
ഈയൊരു പശ്‌ചാത്തലത്തില്‍ വേണം ഇന്നത്തെ എസ്‌.എന്‍.ഡി.പി. യോഗ നേതൃത്വം, ശ്രീനാരായണഗുരു സ്‌ഥാപിച്ച പ്രസ്‌ഥാനത്തെ സംഘപരിവാര്‍ ശക്‌തികളുടെ കാല്‍ക്കീഴില്‍ കാണിക്കവയ്‌ക്കാന്‍ ശ്രമിക്കുന്നതിന്റെ അധാര്‍മ്മികതയും അപകടങ്ങളും പരിശോധിക്കേണ്ടത്‌. കേരളീയ സാമൂഹിക ജീവിതത്തിലെ ഏതെല്ലാം പ്രവണതകള്‍ക്ക്‌ എതിരായാണോ ഗുരു തന്റെ ദര്‍ശനങ്ങള്‍ കൊണ്ടും ജീവിതം കൊണ്ടും പോരാടിയത്‌, അത്തരം പ്രവണതകള്‍ക്ക്‌ കരുത്തുപകരാനായി ഗുരുദര്‍ശനത്തെ അടിയറവയ്‌ക്കുന്നു എന്നതാണ്‌ ഏറെ പരിതാപകരം. ഗുരുവിന്റെ ദര്‍ശനം ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യത സ്വയം ഏറ്റെടുത്തവര്‍ തന്നെ അത്‌ ചെയ്യുന്നിടത്താണ്‌ അപകടത്തിന്റെ ആഴം.
എസ്‌.എന്‍.ഡി.പി. യോഗ നേതൃത്വം കൈയാളുന്ന വരേണ്യവര്‍ഗം ഇതാദ്യമായല്ല യോഗത്തെ സംഘപരിവാര്‍ കുടക്കീഴില്‍ കുടിയിരുത്താന്‍ ശ്രമങ്ങള്‍ നടത്തിയിട്ടുള്ളത്‌. മുമ്പൊരിക്കല്‍ ഫലപ്രാപ്‌തിയിലെത്താതെ പോയ സംഘപരിവാര്‍ ബാന്ധവത്തിനാണ്‌ ഇപ്പോഴത്തെ നേതൃത്വം വീണ്ടും കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്നത്‌. 2003-ല്‍ എസ്‌.എന്‍.ഡി.പി. യോഗത്തിന്റെ ജന്മശതാബ്‌ദി ആഘോഷ വേളയിലാണ്‌, അന്നും യോഗത്തെ നയിച്ചിരുന്ന വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ കൂട്ടുകെട്ടിന്‌ കൊണ്ടുപിടിച്ച്‌ ശ്രമിച്ചത്‌. അന്നും കേന്ദ്രം ഭരിച്ചിരുന്നത്‌ ബി.ജെ.പി. സര്‍ക്കാരായിരുന്നു. ശതാബ്‌ദിയുടെ ഭാഗമായി 2003 മെയില്‍ കൊച്ചിയില്‍ എസ്‌.എന്‍.ഡി.പി. യോഗം സംഘടിപ്പിച്ച ശ്രീനാരായണ ഗ്ലോബല്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌ അന്നത്തെ വാജ്‌പേയി ഗവണ്‍മെന്റില്‍ മാനവവിഭവശേഷി മന്ത്രിയായിരുന്ന മുരളീ മനോഹര്‍ജോഷി. സ്‌ഥാനമേറ്റെടുത്ത ഉടന്‍ തന്റെ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്‌ഥര്‍ക്ക്‌ അദ്ദേഹം നല്‍കിയ നിര്‍ദേശം, തീരുമാനങ്ങളെടുക്കുമ്പോള്‍ ആര്‍.എസ്‌.എസ്‌. കാഴ്‌ചപ്പാട്‌ മനസിലുണ്ടായിരിക്കണം എന്നായിരുന്നു. 1992 ഡിസംബര്‍ ആറിന്‌ ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്ത സന്ദര്‍ഭത്തില്‍ ഉമാഭാരതിക്കൊപ്പം ആഹ്ലാദനൃത്തം ചവിട്ടുകയും മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ പ്രതിസ്‌ഥാനത്ത്‌ വരികയും ചെയ്‌ത ആളായിരുന്നു മുരളീ മനോഹര്‍ജോഷി. അന്ന്‌ ഈ സംഗമത്തിന്‌ എസ്‌.എന്‍.ഡി.പി. യോഗം ക്ഷണിച്ച ഏകരാഷ്‌ട്രീയപാര്‍ട്ടി ബി.ജെ.പി. ആയിരുന്നു. ശിവഗിരിയില്‍നിന്നുള്ള സന്യാസിമാര്‍ ഇതില്‍ പങ്കെടുത്തുമില്ല.
അന്നത്തെ പ്രസംഗത്തില്‍ മുരളീ മനോഹര്‍ജോഷി പറഞ്ഞത്‌ ബി.ജെ.പിക്കും ആര്‍.എസ്‌.എസിനും പ്രചോദനം നല്‍കിയത്‌ ശ്രീനാരായണഗുരു ആണെന്നും, ആര്‍.എസ്‌.എസിന്റെ പ്രഭാതപ്രാര്‍ത്ഥനയില്‍ ഗുരുവിനെ സ്‌മരിക്കുന്നുണ്ടെന്നുമായിരുന്നു. ജാതി-മത ചിന്തകളുടെ അടിവേരറുത്ത്‌ കേരളീയ സാമൂഹികജീവിതത്തെ മാനവികതയുടെയും മതനിരപേക്ഷതയുടെയും മഹാ ആകാശങ്ങളിലേക്ക്‌ ഉയര്‍ത്തിവിട്ട ഗുരുവിന്റെ ദര്‍ശനമെവിടെ, ഗോള്‍വാള്‍ക്കറുടെ സംഘപരിവാര്‍ രാഷ്‌ട്രീയത്തിന്റെ സങ്കുചിത ധാര്‍ഷ്‌ട്യങ്ങളെവിടെ? ഇത്‌ രണ്ടും തമ്മില്‍ എവിടെയാണ്‌ പൊരുത്തപ്പെടുന്നത്‌ എന്ന്‌ നടേശനും കൂട്ടരും മറുപടി പറയണം.
ഒരു വ്യാഴവട്ടത്തിനുശേഷം നടേശന്റെ നേതൃത്വത്തില്‍ ഇതിന്റെ മറ്റൊരു ആവര്‍ത്തനമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. മോഡി-അമിത്‌ഷാ-തൊഗാഡിയ ത്രയങ്ങളുമായി അദ്ദേഹം സാധ്യമാക്കാന്‍ ശ്രമിക്കുന്ന ബാന്ധവശ്രമങ്ങള്‍ ഇതാണ്‌ സൂചിപ്പിക്കുന്നത്‌. മോഡിയും അമിത്‌ഷായും തൊഗാഡിയയുമൊക്കെ കേന്ദ്ര ഭരണത്തിന്റെ തലപ്പത്തുള്ളവരായതുകൊണ്ട്‌ അവരോട്‌ ഐക്യപ്പെടുന്നതില്‍ തെറ്റില്ലെന്ന ലാഘവത്വം നിറഞ്ഞ ഒരു ന്യായവാദമാണ്‌ നടേശന്‍ മുന്നോട്ടുവയ്‌ക്കുന്നത്‌. എന്നാല്‍ ഇത്‌ ന്യായം അശേഷമില്ലാത്തതാണ്‌. നടേശന്‍ എന്ന മുതലാളിക്ക്‌ ഇത്തരമൊരു കൂട്ടുകെട്ടില്‍ പുളകം കൊള്ളാം. എന്നാല്‍ ശ്രീനാരായണപ്രസ്‌ഥാനത്തിന്റെ പേരിലാകുമ്പോഴാണ്‌ ജനാധിപത്യവാദികള്‍ക്ക്‌ ഇടപ്പെടേണ്ടിവരുന്നത്‌. ജാത്യഭിമാനത്തിന്റെയും, ഹിന്ദുത്വ അജന്‍ഡയുടെയും ഇതര മത സ്‌പര്‍ധയുടെയും ത്രിശൂലങ്ങള്‍ ഓങ്ങുന്ന സംഘപരിവാര്‍ തത്വസംഹിത, ജാതി-മത ചിന്തകളുടെ എല്ലാ കാലുഷ്യങ്ങളെയും പൊരുതി പരാജയപ്പെടുത്തിയ ഗുരുവിന്റെ ദര്‍ശനപൂര്‍ണിമയോട്‌ എങ്ങനെയാണ്‌ കൂട്ടിക്കെട്ടുക?
എന്തുകൊണ്ട്‌ അദ്ദേഹം ആത്മഹത്യാപരമായ ഇത്തരമൊരു നീക്കത്തിന്‌ മുതിരുന്നു? അവിടെയാണ്‌ എസ്‌.എന്‍.ഡി.പി യോഗനേതൃത്വത്തിന്റെ മാത്രമല്ല, സമാനമായ മത-സാമുദായിക സംഘടനകളുടെ നേതൃത്വങ്ങളുടെയും വരേണ്യ താല്‍പര്യവും, മൂലധനപ്രണയവും പ്രകടമാകുന്നത്‌. പണത്തിന്റെയും മൂലധന സംരക്ഷണത്തിന്റെയും കാര്യത്തില്‍ തങ്ങളെല്ലാം ഒരുമതക്കാര്‍ തന്നെയാണ്‌ എന്നാണ്‌ നടേശന്‍ പറയാതെ പറയുന്നത്‌. എസ്‌.എന്‍.ഡി.പി യോഗത്തിലെ പട്ടിണിക്കാരും പാവപ്പെട്ടവരുമായ ദശലക്ഷക്കണക്കിന്‌ സാധാരണക്കാര്‍ക്ക്‌ സംഘപരിവാര്‍ ചങ്ങാത്തം ഒരു നേട്ടവും ഉണ്ടാക്കില്ല. കൊയ്‌ത്തു മുഴുവന്‍ കീശയിലാക്കുന്നത്‌ നേതൃത്വമായിരിക്കും. സാക്ഷാല്‍ കുമാരനാശാനെപ്പോലും കുയില്‍കുമാരന്‍ എന്നു വിളിച്ചാക്ഷേപിച്ച വരേണ്യനേതൃത്വം എസ്‌.എന്‍.ഡി.പി യോഗചരിത്രത്തില്‍ ഉണ്ടായിരുന്നു. പണ്ട്‌ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ അമ്പലപ്പുഴയില്‍ ചേര്‍ന്ന എസ്‌.എന്‍.ഡി.പി. യോഗത്തില്‍, ഭരണാധികാരികള്‍ക്കെതിരേ പ്രമേയം പാസാക്കാനുള്ള ശ്രമത്തെ അന്നത്തെ വരേണ്യനേതൃത്വം വിലക്കിയതും ചരിത്രമാണ്‌. കാരണം, അവരുടെ മൂലധനതാല്‍പര്യം സംരക്ഷിക്കാന്‍ ബ്രിട്ടീഷുകാരുമായുള്ള ചങ്ങാത്തം അത്യാവശ്യമായിരുന്നു. ഈ മൂലധന താല്‍പര്യത്തിന്റെ പുതിയ വേഷവും പുതിയ വാചാടോപങ്ങളുമാണ്‌ വെള്ളാപ്പള്ളി നടേശനിലൂടെ പ്രകടമാവുന്നത്‌.
ഇത്തരമൊരു അപകടകരമായ നടപടി കൊണ്ട്‌ നടേശനും കൂട്ടര്‍ക്കും നേട്ടങ്ങള്‍ പലതരത്തിലുണ്ടാകുമെന്നതിന്‌ തര്‍ക്കമില്ല. പക്ഷേ അതുവഴി വലിയൊരു പ്രസ്‌ഥാനത്തെയും, അതിന്‌ ഊര്‍ജവും ഉന്മേഷവും പകര്‍ന്ന അദ്വിതീയനായ നവോത്ഥാനനായകന്റെ ദര്‍ശനങ്ങളെയുമാണ്‌ അനാഥമാക്കുന്നത്‌. നവോത്ഥാനത്തിനും തുടര്‍ന്നുള്ള കമ്യൂണിസ്‌റ്റ് ഗവണ്‍മെന്റിന്റെ ഭരണത്തിനും അതുവഴി സാമൂഹികനീതിയുടെ പ്രകാശപൂര്‍ണമായ അന്തരീക്ഷത്തിനും വഴിയൊരുക്കിയ ഒരു ദര്‍ശനസംഹിതയെയും അതിന്റെ ആചാര്യനെയുമാണ്‌ ഇക്കൂട്ടര്‍ അപമാനിക്കുന്നത്‌. സാധാരണക്കാരന്‌ ആത്മധൈര്യം പകര്‍ന്നുതന്ന ഗുരുവിന്റെ ആശയസമരത്തിന്റെ ജ്വാലകളെ ഇവര്‍ തല്ലിക്കെടുത്തുകയാണ്‌. സവര്‍ണ ജാതിക്കോമരങ്ങളോട്‌ എന്നും കലഹിച്ച ഗുരുവിന്റെ ആശയസമരത്തെ, അതേ ജാതിക്കോമരങ്ങള്‍ക്ക്‌മുന്നില്‍ അടിയറവയ്‌ക്കുകയുമാണ്‌. നവോത്ഥാന നായകരായ അയ്യങ്കാളി സ്‌ഥാപിച്ച സാധുജനപരിപാലനസംഘവും പണ്ഡിറ്റ്‌ കറുപ്പന്‍ സ്‌ഥാപിച്ച വാലസമുദായ പരിഷ്‌കരണി സഭയും ഇവയെല്ലാം ചേര്‍ന്ന്‌ സൃഷ്‌ടിച്ച സാമൂഹ്യോല്‍ക്കര്‍ഷത്തിന്റെ ചിറകുകള്‍ കൂടി അരിയാനുള്ള ശ്രമങ്ങളാണ്‌ സംഘപരിവാര്‍ രാഷ്‌ട്രീയവുമായുള്ള ചങ്ങാത്തത്തിലൂടെ നടേശന്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇതാണ്‌ കേരളം ചര്‍ച്ച ചെയ്യേണ്ട ഏറ്റവും ഗൗരവതരമായ പ്രശ്‌നം.

– See more at: http://www.mangalam.com/opinion/349178#sthash.shTyAm19.dpuf