ഗുരുവിനെ പലരും ബോധപൂര്‍വം തമസ്‌കരിക്കുന്നു: സ്വാമി ശിവ സ്വരൂപാനന്ദ

ഗുരുവിനെ പലരും ബോധപൂര്‍വം തമസ്‌കരിക്കുന്നു: സ്വാമി ശിവ സ്വരൂപാനന്ദ (മംഗളം ഓൺലൈനിൽ വന്ന ലേഖനം)

 Story Dated: Sunday, August 9, 2015 01:12

mangalam malayalam online newspaper

ഏകലോകത്തെ വിഭാവന ചെയ്‌ത ശ്രീനാരായണഗുരുവെന്ന പുണ്യപുരുഷനെ ഈഴവ സമുദായത്തിന്റെ മാത്രം കുലഗുരുവായി പലരും തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു കാലമാണു കടന്നുവന്നിരിക്കുന്നത്‌. ഗുരു വിഭാവന ചെയ്‌ത വിശ്വദര്‍ശനങ്ങളെ കുറിച്ച്‌ അജ്‌ഞരായ ഒരു തലമുറയാണ്‌ വളര്‍ന്നുവരുന്നത്‌. ലഹരിയെന്ന വിപത്തും, ജാതിവിവേചനമെന്ന രോഗാണുവും സമുഹത്തെ കാര്‍ന്നുതിന്നുന്ന കാലത്ത്‌ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ട്‌. ആലുവ അദൈ്വതാശ്രമത്തിന്റെ മഠാധിപതി സ്വാമി ശിവ സ്വരൂപാനന്ദ ശതാബ്‌ദി നിറവില്‍ നില്‍ക്കുന്ന ആശ്രമത്തിലിരുന്നു മംഗളത്തോട്‌ സംസാരിക്കുന്നു.

? ആശ്രമത്തിലെ ശതാബ്‌ദി ആഘോഷത്തിന്റെ തയ്ായറെടുപ്പുകള്‍ എവിടെവരെയായി?.
ഒരു വര്‍ഷംവരെ നീണ്ടുനില്‍ക്കുന്ന പരിപാടികളാണു സംഘടിപ്പിച്ചിരിക്കുന്നത്‌. പതിനൊന്നാം തിയതി ശിവഗിരിയില്‍ നിന്നും കൊണ്ടുവരുന്ന പഞ്ചലോഹ വിഗ്രഹ ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആശ്രമത്തിലെ ശതാബ്‌ദിയാഘോഷ പരിപാടികള്‍ അവസാനഘട്ടത്തിലാണ്‌.
പതിനഞ്ച്‌, പതിനാറ്‌ തിയതികളില്‍ കൂടുതല്‍ ആളുകളെ പ്രതീക്ഷിക്കുന്നു. പതിനേഴാം തിയതി ഗുരുഭക്‌തരും വിവിധ ശ്രീനാരായണ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി പതിനായിരം പേര്‍ എത്തുമെന്നാണ്‌ പ്രതീക്ഷ. ഇപ്പോള്‍ ഓരോ സ്‌ഥലങ്ങള്‍ കേന്ദ്രീകരിച്ചു സമ്മേളനങ്ങള്‍ നടത്തുന്ന തിരക്കിലാണ്‌. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്ങാണു ശതാബ്‌ദിയാഘോഷത്തിന്റെയും ഗുരുമന്ദിര സമര്‍പ്പണത്തിന്റെയും ഉദ്‌ഘാടകന്‍.

? ശ്രീനാരായണ ദര്‍ശനങ്ങള്‍ക്കു വളരെ പ്രാധാന്യമുള്ള ഒരു കാലഘട്ടമാണല്ലോ നിലവിലുള്ളത്‌? ദര്‍ശനങ്ങളുടെ വ്യാപ്‌തിയെക്കുറിച്ച്‌ പറയാമോ?
കേരളത്തില്‍ മതം, ജാതി, രാഷ്‌ട്രീയം എന്നിവ ശക്‌തിപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്‌. ഇത്തരം നീക്കങ്ങളെ തടയാന്‍ മനുഷ്യ സൗഹൃദം നിലനിര്‍ത്താനാണു ശ്രമിക്കേണ്ടത്‌. ഇതിനായി ഗുരുവിന്റെ ദര്‍ശനങ്ങളും ചിന്തകളും ജാതി, മതം എന്നിവ നോക്കാതെ സ്വീകരിക്കണം. ഇന്നു കേരളത്തില്‍ മത കലഹങ്ങളും വര്‍ഗീയതയും വര്‍ധിച്ചുവരികയാണ്‌. ജാതിവിവേചനം ഇന്നും നിലനില്‍ക്കുന്നു.
വര്‍ത്തമാനകാലത്തും ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളെ സ്വീകരിക്കുന്നതിലും അംഗീകരിക്കുന്നതിലും സവര്‍ണ ധാര്‍ഷ്‌ഠ്യം നിലനില്‍ക്കുന്നുണ്ട്‌. അതു മാറണം. സര്‍ക്കാര്‍ സംവിധാനങ്ങളിലും ഒരു മാറ്റം അനിവാര്യമാണ്‌.
ജനങ്ങള്‍ വോട്ടു നല്‍കി ജയിപ്പിച്ചുവിട്ട രാഷ്‌ട്രീയക്കാര്‍ പിന്നീട്‌ അവരുടെ സമുദായത്തിനുവേണ്ടി മാത്രം നിലനില്‍ക്കുന്നത്‌ ജനാധിപത്യത്തിന്‌ നിരക്കുന്നതല്ല. ചെറിയ പെരുന്നാളിനും, ഈദ്‌ പെരുന്നാളിനുമെല്ലാം ചടങ്ങുകള്‍ക്കായി ആശ്രമം വിട്ടുകൊടുക്കാറുണ്ട്‌. മതസൗഹൃദം നിലനിര്‍ത്താനാണ്‌ എപ്പോഴും ശ്രമം.

? രാഷ്‌ട്രീയ രംഗത്തെ അപചയം, സാമുദായിക സ്‌പര്‍ധ, മത വിദ്വേഷം, മതംമാറ്റം എന്നിവയെല്ലാം കേരളത്തില്‍ അതിശക്‌തമാവുകയാണല്ലോ?.
രാഷ്‌ട്രീയ, സര്‍ക്കാര്‍ സംവിധാനങ്ങളിലും അവകാശങ്ങളിലും നമുക്കുവേണ്ടതു തുല്യതയാണ്‌. അതു പാലിക്കപ്പെടുകതന്നെ വേണം. ന്യൂനപക്ഷം, ഭൂരിപക്ഷം, ഹിന്ദു, ക്രിസ്‌ത്യന്‍, മുസ്ലിം എന്ന സങ്കുചിത ചിന്താഗതിതന്നെ മാറണം. തുല്യ മത, രാഷ്‌ട്രീയ, മാനുഷിക ബോധമാണ്‌ ഇവിടെ ഉയര്‍ന്നുവരേണ്ടത്‌. ഗുരു സ്വപ്‌നം കണ്ടതും പ്രാധാന്യം കല്‍പിച്ചതും ഇത്തരം മാനുഷിക ബോധത്തിനും തുല്യതയ്‌ക്കുമാണ്‌. അത്തരം ആത്മീയതയാണ്‌ ഇവിടെ ഉയരേണ്ടത്‌. അയിത്തമില്ലാത്ത ഒരു ദൈവത്തെ ആവിഷ്‌കരിക്കാനല്ല, അയിത്തമില്ലാത്ത മനുഷ്യനെ സൃഷ്‌ടിക്കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ഇന്നു ഹൈന്ദവവത്‌കരണം എന്നതു ചാതുര്‍വര്‍ണ്യത്തിലേക്കുള്ള തിരിച്ചുപോക്കാണെങ്കില്‍ ശ്രീനാരായണീയര്‍ ഒന്നുകൂടി ഇരുത്തി ചിന്തിച്ചേ തീരൂ. എസ്‌.എന്‍.ഡി.പിയുടെ ഒരു വാര്‍ഷിക സമ്മേളനത്തില്‍ ഈഴവ സമുദായം ബുദ്ധമതത്തിലേക്കു മതംമാറുന്നതിനെക്കുറിച്ചു മഹാകവി കുമാരനാശാന്‍ ഗുരുവിനെ അറിയിച്ചപ്പോള്‍ ഗുരു പറഞ്ഞത്‌ ”മതം മാറേണ്ട ആവശ്യമില്ല. മതം മാറുന്നുവെങ്കില്‍ അത്‌ സനാതന ധര്‍മ്മത്തിലേക്ക്‌ ആകണം എന്നാണ്‌.”
ക്രിസ്‌ത്യാനി, ഹിന്ദു, മുസ്ലിം എന്നിങ്ങനെ ആര്‍ക്കായാലും മാനുഷികത നഷ്‌ടമായാല്‍ സങ്കുചിത മനോഭാവമുണ്ടാകും. സര്‍ക്കാര്‍ മന്ദിരങ്ങളില്‍ ‘സത്യമേവ ജയതേ’ എന്ന വാക്യം മാറ്റിയെഴുതേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. സത്യം എപ്പോഴും ജയിച്ചോളും. അതിനു പകരമായി ”വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണെന്ന” സന്ദേശമാണ്‌ എഴുതേണ്ടത്‌.

? ഉത്തരവാദപ്പെട്ട പലരും ഗുരുദേവ ദര്‍ശനങ്ങള്‍ ബോധപൂര്‍വം തമസ്‌കരിക്കുന്നത്‌ എന്തുകൊണ്ടാണ്‌ ?.
സ്വാര്‍ത്ഥ മത-രാഷ്‌ട്രീയം നിലനില്‍ക്കണമെങ്കില്‍ ഗുരുദേവ ദര്‍ശനങ്ങളെ തമസ്‌കരിക്കേണ്ടത്‌ ആവശ്യമാണ്‌. ഗുരുദേവ ദര്‍ശനങ്ങളെ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തണം. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിക്കുന്നില്ല. അതിന്റെ പിന്നിലും ഹിന്ദുമതത്തിലെ സവര്‍ണ രാഷ്‌ട്രീയത്തിന്റെയും മതത്തിന്റെയും കൈകടത്തലുണ്ട്‌. ഇത്തരം വലിയ സംശയങ്ങള്‍ ഇപ്പോഴും ബാക്കിനില്‍ക്കുന്നു. വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്നവര്‍ക്ക്‌ യാതൊരു ശ്രദ്ധയുമില്ല. വിളക്കു കത്തിക്കുന്നതില്‍പോലും മതം കാണുന്നത്‌ അപരിഷ്‌കൃത സമൂഹത്തിന്റെ രീതിയാണ്‌. ഇത്തരം ചെയ്‌തികളെ ആശങ്കയോടെ മാത്രമേ കാണാനാകൂ. തുറന്ന മനസോടെയുള്ള ദേശീയ ബോധമാണ്‌ ആവശ്യം. ഭരണം നടത്തുന്നവര്‍ സമത്വപരമായി പെരുമാറണം. സ്വജനപക്ഷപാതം കാണിക്കുന്നത്‌ ശരിയല്ല. കൊച്ചുകുട്ടികള്‍ വരെ ഈ കാര്യത്തില്‍ നേതാക്കളെക്കാള്‍ ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുന്നുണ്ട്‌.

? ഗുരുവിനുശേഷം ദാര്‍ശനിക മുഖമുള്ള മറ്റൊരു നവോത്ഥാന നായകന്‍ ഉദയം കൊള്ളാത്തത്‌ എന്തുകൊണ്ടാണ്‌?. ഗുരുവിനെ സാമൂഹിക പരിഷ്‌കര്‍ത്താവ്‌ എന്ന ലേബലില്‍ ചിലര്‍ ഒതുക്കുന്നുണ്ടല്ലോ?.
കേരള സമൂഹത്തിന്‌ സാമൂഹിക പരിഷ്‌കര്‍ത്താവിനെ കാത്തിരിക്കേണ്ട ആവശ്യമില്ല. ശ്രീനാരായണ ഗുരുവിനെ ഒരിക്കലും സാമൂഹിക പരിഷ്‌കര്‍ത്താവായി കാണരുത്‌. അദ്ദേഹം ഗുരുവാണ്‌. ജീവിക്കുന്ന കാലത്തിലെ മൂല്യങ്ങള്‍ സംരക്ഷിക്കാനും, മാലിന്യങ്ങളെ നീക്കം ചെയ്യാനും ഏറ്റവും പോസിറ്റീവായി ചിന്തിക്കുകയായിരുന്നു ഗുരു. ഗുരുവിനെ മനസിലാകാത്തവരാണ്‌ അദ്ദേഹത്തെ സാമൂഹിക പരിഷ്‌കര്‍ത്താവ്‌ എന്ന ലേബലില്‍ മാത്രം ഒതുക്കുന്നത്‌. അല്‍പബുദ്ധികളുടെ മണ്ടന്‍ പ്രതികരണം മാത്രമാണിത്‌. തിന്മകളില്‍നിന്നും സമൂഹത്തെ രക്ഷിച്ച ഋഷി പരമ്പരയിലെ കണ്ണിയാണ്‌ ശ്രീനാരായണ ഗുരു.

? മത-രാഷ്‌ട്രീയ നേതാക്കള്‍ വര്‍ഗീയത ആളികത്തിക്കുന്ന പ്രസ്‌താവനകള്‍ നടത്തുന്നത്‌ ശ്രദ്ധയില്‍ പെടാറുണ്ടോ?.
ബീഫ്‌ ഫെസ്‌റ്റിവല്‍ നടത്തുകയും അത്‌ കഴിക്കരുതെന്നു പറയുകയും ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം മുഖ്യധാരയില്‍നിന്ന്‌ അകറ്റി നിര്‍ത്തപ്പെടുന്ന, അവഗണന നേരിടുന്ന ഒരു സമൂഹം അര്‍ഹിക്കുന്നുണ്ട്‌. ക്രിസ്‌മസും നബിദിനവും പുണ്യദിനങ്ങളും ഓണവും വിഷുവും ഈസ്‌റ്ററുമെല്ലാം ഒരുപോലെ ആഘോഷിച്ച നാടാണ്‌ നമ്മുടേത്‌. ഇന്ന്‌ ആ അവസ്‌ഥ മാറി. കേരളത്തിന്റെ അന്തസാണ്‌ നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്‌. മൗലവിമാരില്‍ നിന്നും സ്വാമിമാരില്‍ നിന്നും പുരോഹിതന്മാരില്‍ നിന്നും വര്‍ഗീയത നിറഞ്ഞ വാക്കുണ്ടാകരുത്‌. രാഷ്‌ട്രീയ മുതലെടുപ്പിനു വേണ്ടി വിവാദങ്ങളുണ്ടാക്കാന്‍ ആരും ശ്രമിക്കരുത്‌. ജാതി ചിന്ത പാടില്ലെന്നാണു ഗുരു പറഞ്ഞത്‌. ഗുരുവിനെ ഉപയോഗിച്ച്‌ ഇന്നും ജാതി പറയുന്നവരുണ്ട്‌. അതു ശരിയല്ല. അതിനോട്‌ യോജിപ്പില്ല. ഗുരു ക്ഷേത്രം നിര്‍മിച്ചത്‌ ജാതിയില്ലാതാക്കാനാണ്‌. അവിടെയും ജാതി കടന്നുകൂടിയതില്‍ ഗുരുവിന്‌ സങ്കടമുണ്ടായിരുന്നു. ദേവാലയങ്ങളല്ല, വേണ്ടത്‌ വിദ്യാലയങ്ങളാണെന്നാണു ഗുരു പറഞ്ഞത്‌.

? ഗുരുദേവന്‍ മദ്യത്തിനെതിരേ പറഞ്ഞു, ജാതിക്കെതിരേ പറഞ്ഞു. എന്നാല്‍ ഇന്നും വലിയ വിപത്തായി ഇതെല്ലാം സാമൂഹത്തെ കാര്‍ന്നു തിന്നുന്നു?.
ഇന്ദ്രിയ ശുദ്ധിയോടുകൂടി സ്‌കൂളിലും വീട്ടിലും കുട്ടികളെ വളര്‍ത്തണം. ശരിയായ കുടുംബ സംവിധാനം ഇന്നില്ല. സുഖതൃഷ്‌ണ തേടുകയാണ്‌ കുട്ടികള്‍പ്പോലും. ഗുരു അരുത്‌ എന്നു വിലക്കിയത്‌ ജാതിയും മദ്യവുമാണ്‌. അത്‌ കൂടെ കൊണ്ടുനടക്കുന്നവര്‍ ഗുരുഭക്‌തരല്ല. മദ്യവിപത്തു ചികിത്സിച്ചു മാറ്റാം. ജാതി വിപത്ത്‌ എങ്ങനെ മാറ്റാനാകും? ക്ഷേത്രങ്ങളിലെ കടുത്ത ജാതി വിവേചനം അറിവില്ലായ്‌മകൊണ്ട്‌ ഉണ്ടാകുന്നതാണ്‌. അതു നിലനിര്‍ത്താന്‍ സവര്‍ണ സമൂഹം ഗുരുവിനെ അകറ്റിനിര്‍ത്തുകയാണ്‌.

? സമുദായങ്ങള്‍ രാഷ്‌ട്രീയ കക്ഷിയില്‍ അണിചേരാനും പാര്‍ട്ടികളുമായി വിലപേശാനും ശ്രമിക്കുന്നത്‌ ശരിയാണോ?.
അത്‌ അവരവരുടെ ഇഷ്‌ടം. സന്യാസികളായ ഞങ്ങള്‍ക്ക്‌ എല്ലാവരെയും മനുഷ്യരായി കാണാനേ പറ്റൂ. മാറി ചിന്തിക്കാനാകില്ല. ശ്രമിക്കുകയുമില്ല.

? അവസാനമായി ഒന്നു ചോദിക്കട്ടെ, എസ്‌.എന്‍.ഡി.പി യോഗം ഗുരുവിന്റെ സ്‌ഥാപിത ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിക്കുന്നതായി സമൂഹം വിലയിരുത്തുന്നു. എന്താണ്‌ അഭിപ്രായം?.
ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങളെ എല്ലാവരും മുറുകെ പിടിക്കാന്‍ ശ്രമിക്കണം. തോന്നിയപോലെ പറയുന്നതും പ്രവര്‍ത്തിക്കുന്നതും ശരിയല്ല. ഗുരുവിന്റെ ദര്‍ശനങ്ങളോടു നീതിപുലര്‍ത്താന്‍ പറ്റാത്തവര്‍ ആ രീതി മാറ്റണമെന്നാണ്‌ എനിക്കു പറയാനുള്ളത്‌.

– See more at: http://www.mangalam.com/print-edition/sunday-mangalam/347272#sthash.3MPEgom4.dpuf

Advertisements
Explore posts in the same categories: 138062

2അഭിപ്രായങ്ങള്‍ on “ഗുരുവിനെ പലരും ബോധപൂര്‍വം തമസ്‌കരിക്കുന്നു: സ്വാമി ശിവ സ്വരൂപാനന്ദ”

  1. Ajith Kumar Says:

    ഞാന്‍ ഒരു കാര്യം അനുഭവത്തില്‍ നിന്ന് മനസ്സിലാക്കിയിട്ടുള്ളത്:-
    ഒരു മനുഷ്യന്‍ തന്റെ വെളിപാടുകള്‍ കൊണ്ടും ജ്ഞാനം കൊണ്ടും ഒരു പുതിയ സരണി വെട്ടിത്തുറക്കുന്നു. അയാളുടെ ജീവിതം തന്നെ ഒരു സന്ദേശമായി മാറുന്നു. അനേകര്‍ ആ പന്ഥാവില്‍ ആകൃഷ്ടരാകുന്നു. അത് അങ്ങനെ ഒരു പ്രസ്ഥാനമായി വളരുന്നു.
    അയാള്‍ കാലമെത്തുമ്പോള്‍ മരിക്കുന്നു. പ്രസ്ഥാനം അവശേഷിക്കുന്നു. അടുത്ത ഒരാള്‍ പ്രസ്ഥാനത്തിന്റെ നേതൃപദവി ഏറ്റെടുക്കുന്നു. സ്ഥാപകന്റെ ദര്‍ശനങ്ങളോ വാഞ്ഛയോ ലക്ഷ്യദൃഢതയോ നേതൃസ്ഥാനം പോലെ കൈമാറാവുന്ന ഒന്നല്ല. അത് ഇന്‍-ബില്‍റ്റ് ആണ്. മക്കള്‍ക്ക് പോലും പാരമ്പര്യമാ‍യി ലഭിക്കുന്നതല്ല
    വര്‍ഷങ്ങള്‍ കഴിയുംതോറും സ്ഥാപകലക്ഷ്യങ്ങളില്‍ നിന്ന് അകന്നകന്ന് പോകുന്ന മേധാവികള്‍ പ്രസ്ഥാനത്തിന്റെ അമരത്തെത്തുന്നു.
    ലോകത്തിലുള്ള എല്ലാ പ്രസ്ഥാനങ്ങളെയും രാഷ്ട്രീയകക്ഷികളെയും മതവിഭാഗങ്ങളെയും ഈയൊരു രോഗം ബാധിക്കാതിരിക്കുന്നില്ല, അതില്‍ അതിശയവുമില്ല.

  2. വീ.കെ.ബാല Says:

    അതിന് വേണ്ടിയാണ് ഓർമ്മപ്പെടുത്തലുകൾ ഉണ്ടാകുന്നത്,ഈ ലോകത്തിൽ മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമേ ഉള്ളു കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് മാറ്റങ്ങൾ അനിവാര്യമാണ് എന്നാൽ അത് ലക്ഷ്യത്തിൽ നിന്നുള്ള ‌വ്യതിചലനമാകരുത്


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )


%d bloggers like this: