കല്ലിട്ട് കരകേറുന്നവർ.

ഏറ്റവും കടുത്ത ദാരിദ്രം അനുഭവിക്കുന്നവനാണ് ഏറ്റവും വലിയ ദൈവവിശ്വാസി, പലപ്പോഴും ഇക്കൂട്ടർ ആത്മീയ, ശാസ്ത്രീയ അറവുകാരുടെ ഇരയാകാറുണ്ട്. ദാരിദ്രം എന്നത് കേവലം സാമ്പത്തിക ദാരിദ്രമല്ല ബൌദ്ധിക ദാരിദ്രവും ഇതിൽ‌പ്പെടും. സന്തോഷ് മാധവൻ മുതൽ നിത്യാനന്ദ (പരമഹംസൻ) വരെ ഇത്തരം വിദഗ്ദ്ധ-അവിദഗ്ദ്ധ അറവുകാരിൽ‌പ്പെടും.  ഇന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റുമ്പോൾ എന്റെ സുഹൃത്തിന് വന്ന ഒരു ഫോൺ ആണ് ഈ പോസ്റ്റിനാധാരം.

ഞങ്ങളുടെ കമ്പനിയിൽ നാല് വർഷത്തോളം ഡ്രൈവർ ആയി വർക്ക്ചെയ്ത തിരുനെൽ‌വേലിക്കാരൻ ആണ് ന്യൂമറോളജിസ്റ്റായ ചന്ദ്രൻ. ഇരുപത് വർഷത്തിലേറെ ഗൾഫിൽ ജീവിക്കുന്നു. കഴിഞ്ഞകുറേ വർഷങ്ങളായി ചന്ദ്രൻ മറ്റുള്ളവരുടെ മുന്നിൽ സ്വയം ന്യൂമറോളജിസ്റ്റ് എന്നാണ് പരിചയപ്പെടുത്താറുള്ളത്. ചന്ദ്രന്റെ ഭാഷയിൽ പറഞ്ഞാൽ ഇത് ശാസ്ത്രമാണ് പിഴവില്ലാത്ത ശാസ്ത്രം.

പേരിലെ ഇംഗ്ലീഷ് ആൽഫബെറ്റുകൾക്ക് ന്യൂമറോളജി പ്രകാരമുള്ള വിലനൽകി പ്രശ്നവും പ്രശ്ന പരിഹാരവും കണ്ടെത്തുന്നു (???!!!! എന്റെമ്മോ സമ്മതിക്കണം ഈ ചന്ദ്രനെ) പിന്നെ ഇരകളെ തന്റെ വാചാലതകൊണ്ട് വശംവദനാക്കുന്നു. ചിലർക്ക് പ്രശ്ന പരിഹാരത്തിന് പേരിൽ ചിലമാറ്റങ്ങൾ വരുത്തുന്നു  balachandran എന്ന ഇരയെ baalachandran എന്നാക്കി ചില പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ട് എന്ന് പറഞ്ഞ് മനസ്സിലാക്കുന്നു (ഇത് ഒരൊന്നരെ പണിയാണ്) പിന്നെ തിരുത്തിയ പേര് നൂറ്റൊന്നാവർത്തി പേയ്പ്പറിൽ എഴുതിക്കുന്നു ചില കേസിൽ പതിനായിരത്തൊന്ന് എന്നിങ്ങനെ നീണ്ടുപോകുന്നു. ഈ പ്രയോഗങ്ങളിൽ എല്ലാം ഇരയും തന്ത്രിയും ഒറ്റയ്ക്കുള്ളപ്പോൾ ആയിരിക്കും നടക്കുക. ഫലം കണ്ടുതുടങ്ങിക്കഴിഞ്ഞാൽ ചന്ദ്രന്റെ പേര് ഇരകൾക്കിടയിൽ ചർച്ചചെയ്യപ്പെടും മൌത്ത് പബ്ലിസിറ്റിയേക്കാൾ വലിയ പരസ്യം മറ്റെന്താണ് ഉള്ളത് ആൾ ദൈവങ്ങൾ മുതലെടുക്കുന്നതും ഇതുതന്നെ.

ആളുകൾ വരുന്നവഴി :-

ചന്ദ്രന്റെ ഇരകൾ മിക്കാവാറും എല്ലാം തന്നെ വീട്ടുവേലക്കാരി സ്ത്രീകളോ (കേരള, തമിഴ്നാട്, ആന്ത്രാ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ) വീട്ടിലെ ഡ്രൈവർമാരോ ആയിരിക്കും ചില എഞ്ചിനിയർമാരും പെട്ടിട്ടുണ്ട്  🙂  . ഈ വിഭാഗത്തിൽ ഉള്ളവരെക്കുറിച്ച് അവരുടെ കഷ്ടപ്പാടുകളെ കുറിച്ച് ചന്ദ്രൻ വാചാലനാവും  മിക്കവാറും എല്ലാം തന്നെ സത്യവും ആയിരിക്കും. ഇതിന് ഒരു കാരണം ചന്ദ്രൻ ഇതേ ജോലി ചെയ്തിരുന്ന ആൾ ആയിരുന്നു എന്നതാണ്.( ഒരു അറബിയുടെ വീട്ടിൽ ചന്ദ്രൻ അഞ്ച് വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്) പീഠനം വരുന്ന വഴി കൃത്യമായി അറിയാം എന്ന് ചുരുക്കം. തല്ല് കിട്ടാതിരിക്കാൻ എന്തൊക്കെ ചയ്യണം എന്നും ചന്ദ്രന് അറിയാം (അനുഭവത്തേക്കാൾ വല്ല്യ ഗുരു ആരാണ്) അനുഭവങ്ങളിലൂടെ നേടിയ അറിവ് ആത്മീയമായി വിതരണം ചെയ്യപ്പെടുന്നു. ന്യൂമറോളജി പ്രകാരം നൽകപ്പെട്ട കല്ലുകൾ ശരിയായി വർക്കുചെയ്യുന്നില്ലങ്കിൽ കസ്റ്റമർ തങ്ങളുടെ ദയനീയാവസ്ഥ ചന്ദ്രന്മുന്നിൽ അവതരിപ്പിക്കുന്നു. സ്വരത്തിലെ ടോൺ അനുസരിച്ച് പ്രതിവിധികളും ഉണ്ടായിരിക്കും ചൂടാകുന്ന ഭക്തരെ തന്റെ അടുക്കൽ കൊണ്ടുവന്ന ലിങ്ക് ഭക്തനെ വിരട്ടി ഒഴിവാക്കും. മുപ്പത്തഞ്ചും അറുപതും ദിനാറ് ശമ്പളമുള്ള ഈ പാവങ്ങളെ കബളിപ്പിച്ച് പണം കയ്പ്പറ്റുന്ന ചന്ദ്രന്മാർ ഒരു പാടുണ്ട്. ഇത്തരം ചന്ദ്രന്മാർ തങ്ങളുടെ തന്ത്രങ്ങൾ മെനയുന്നത് വെള്ളിയാഴ്ച്ചളിലോ, വീട്ട്ജോലിക്കാർക്ക് പൊതുഅവവധി നൽകപ്പെടുന്ന ദിവസങ്ങളിലോ  ഇക്കൂട്ടർ ഒത്തുചേരുന്ന സ്ഥലങ്ങളിൽ ആയിരിക്കും കുവൈറ്റിലെ മിർഗാബ് , മാലിയ എന്നീ സ്ഥലങ്ങളായിരുന്നു ചന്ദ്രന്റെ മേച്ചിൽ‌പ്പുറം,  ഫോൺ കോൾ അനുസരിച്ച് ഭക്തരുടെ വീട്ടുകളിലും ചന്ദ്രൻ പോകാറുണ്ടായിരുന്നു.

കല്ലിട്ടട്ടും മാറാതിരുന്ന ചന്ദ്രന്റെ വിധി :-

രണ്ടായിരത്തി എട്ട് ഫെബ്രുവരിമാസം രാവിലെ ഏഴ് മണി ചന്ദ്രന്റെ കണക്കുകൂട്ടലുകൾ പിഴച്ചദിവസമായിരുന്നു അന്ന്. ഒരു കല്ലിനും അനിവാര്യ്മായിരുന്ന ആ വിധിയെ തടുക്കാനായില്ല. എന്തോകാര്യത്തിന് പ്രോജക്റ്റ്മാനേജർ ചന്ദ്രനുമായി ഉടക്കി. അന്നുതന്നെ ചന്ദ്രന് ടെർമിനേഷൻ ലെറ്റർ കിട്ടി, അടുത്ത ഒരാഴച്ചയ്ക്കുള്ളിൽ ചന്ദ്രൻ തിരുനെൽ‌വേലിയിയ്ക്ക് പറന്നു. പിന്നെ നീണ്ട എട്ടുമാസം കഴിഞ്ഞാണ് ഖത്തറിലേയ്ക്ക് ഒരു വിസ കിട്ടുന്നത്. അവിടുന്ന് ചന്ദ്രന് യാതനയുടെ ദിനങ്ങൾ ആരംഭിച്ചു. പൊടിക്കാറ്റും. ചൂടും കൊണ്ട് രണ്ട് വർഷമായി ചന്ദ്രൻ ഒരു ട്രക്കിലെ ഡ്രൈവർ ആയി ജോലിനോക്കുന്നു ഇതിനിടയിൽ പലപ്രാവശ്യം കുവൈറ്റിലേയ്ക്ക് വരാൻ ശ്രമിച്ചു പ്രായക്കൂടുതൽകാരണം അതെല്ലാം പരാജയപ്പെട്ടു. ഇന്ന് ചന്ദ്രന്റെ കോൾ വരുമ്പോൾ ചിരിക്കാനുള്ള വകയുണ്ടായിരുന്നു “സാറെ നിങ്ങളുടെ കമ്പനിയിൽ ലിബിയയിൽ വർക്കുചെയ്ത രാ‍മൻ എന്ന കുക്കിനെ ഞാൻ പരിചയപെട്ടു അങ്ങേർ നിങ്ങളെക്കുറിച്ച് പറയുമായിരുന്നു. പാവം കഷ്ടപ്പാടാണ് പിന്നെ പേര് നോക്കി ഞാൻ ഒരു കല്ലിട്ട്കൊടുത്തു എങ്ങനെങ്കിലും രക്ഷപടട്ടെ” ലൌഡ്സ്പീക്കർ ഓണായിരുന്നതിനാൽ ഞങ്ങളെല്ലാവരും ആ തമാശ ആസ്വദിച്ചു….. അവസാന വാചകം ചിരിയടക്കാൻ പാടുപെടുത്തി “ സാർ എനിക്ക് എങ്ങനെ എങ്കിലും ഒരു വിസ ശരിയാക്കിത്തരാമോ കുവൈറ്റിലേയ്ക്ക് വരാൻ”  പുട്ടപർത്തിയിലെ സ്വാമിജിയോട് വിഭൂതിക്ക്പകരം ഒരു ചാക്ക് അരി തരാമോ എന്ന് ചോദിച്ചപോലെ!!!!!!

Explore posts in the same categories: ലേഖനം

Leave a comment