ജനാധിപത്യത്തിന്റെ പുത്തൻ വ്യാഖ്യാനങ്ങൾ സാമ്പത്തിക ശാസ്ത്രത്തിന്റെയും.

വാഷിങ്ടണ്: “ഇന്ത്യക്കാരും ചൈനക്കാരും കൂടുതല് കാറുകള് വാങ്ങാന് തുടങ്ങിയതുകൊണ്ട് ഇന്ധനവില ഉയര്ന്നേക്കുമെന്ന് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ മുന്നറിയിപ്പ് നല്കി“

ബൂലോകത്തിലെ പുപ്പുലികളായ ചില അമേരിക്കൻ ഭക്തർ ഉണ്ട് അമേരിക്ക, അമേരിക്കൻ ആണവകരാർ എന്നൊക്കെ കേൾക്കുമ്പോൾ ആയിരം നാവുമായ് എത്തുന്നവർ, ഇത്തരം കാര്യങ്ങൾ ഇക്കൂട്ടർ കേൾക്കാറില്ല ഇതൊക്കെ സായിപ്പന്മാരുടെ തമാശകളല്ലെ (കാറ്റൽക്ലാസ്സുപോലെ). കുറച്ച് കാലം മുൻപ് ഇന്ത്യാക്കാരായ മിഡിൽ ക്ലാസ്സുകാർ ഉത്സാഹത്തോടെ ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ് ഭക്ഷ്യദൌർലഭ്യം ഉണ്ടാകുന്നത് എന്ന് ലോകരാഷ്ട്രീയത്തിന്റെ അവസാനവാക്കുകാർ പറഞ്ഞിരുന്നു. ഇപ്പോൾ ഇന്ത്യാക്കാരും ചൈനക്കാരും കൂടെ കാർ വാങ്ങി ഇന്ധനവില ഉയർത്തുന്നു. കുറച്ച് കാലം പിൻപോട്ട് നടന്നാൽ ബറാക്ക് ഭായി പറയുന്നത് നേരുതന്നെ ആണുതാനും. ഇന്ത്യാക്കാരൻ വാങ്ങാനും ഉപയോഗിക്കാനും പാകത്തിൽ സാമ്പത്തികമായി വളർന്നിട്ട് അധികം കാലം ആയിട്ടില്ല. 7% ന് മുകളിൽ സാമ്പത്തിക വളർച്ച ഉണ്ടായത് ഭാരതീയന്റെ കഠിനാധ്വാനം കൊണ്ടുതന്നെയാണ്. സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ കമ്പനികളുടെ വളർച്ചയ്ക്ക് വളമായി. മന്മോഹൻ സിംഗും കോൺഗ്രസ്സും പിന്തുടരുന്ന പുത്തൻ സാമ്പത്തിക നയങ്ങൾ അതിവിദൂരമല്ലാത്ത ഭാവിയിൽ പല സാമൂഹിക പ്രതിസന്ധികളും ക്ഷണിച്ച് വരുത്തും എന്നതിന് യാതൊരു സംശയവുമില്ല. മിക്സഡ് ഇക്കോണമി എന്ന തത്വം കുറേശ്ശയായി ഇല്ലാതാക്കുന്ന ഓഹരി വിറ്റഴിക്കൽ പ്രക്രീയ സാമ്പത്തിക വളർച്ചമാത്രമായിരിക്കില്ല നൽകുന്നത്, സാമ്പത്തിക ധ്രുവീകരണം കൂടെ ആയിരിക്കും. ഇന്ത്യയുടെ സ്വരം ചില വൻ കുത്തകളുടെ സ്വരമായി മാറാൻ അധികാലം കാത്തിരിക്കേണ്ടിവരില്ല. ശരാശരി ഇന്ത്യാക്കാരന്റെ വാങ്ങാനും കൈവശം വയ്ക്കാനും ഉപയോഗിക്കാനുമുള്ള അവസരം നിഷേധിക്കപ്പെട്ടാൽ ഒബാമ സാഹിബ് ഭയക്കുന്ന അവസ്ഥ ഉരിത്തിരിയുകയില്ല.ഇന്ധന ക്ഷാമത്തെ നേരിടാൻ എത്ര എളുപ്പം, ഇന്ത്യാക്കാരനും,ചൈനാക്കാരനും കാറുകൾ വാങ്ങാതിക്കുക അതുവഴി ഇന്ധനവില പിടിച്ചു നിർത്താം, ഒബാമയുടെ നൊബെൽ പദവി അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന സാമ്പത്തിക തത്വസംഹിതകൾക്ക് സാമ്പത്തിക ശാസ്ത്രത്തിന്റെ പേരിൽ നൽകാതിരുന്നത് നൊബെൽ പ്രൈസിന് തന്നെ വൻ നഷ്ടമാണ്. വിപണിയെ ചിലർക്കായ് മാത്രം പരിമിതപ്പെടുത്തുക എന്നത് ജനാധിപത്യത്തിൽ അസാധ്യമായ കാര്യമാണ്, പ്രത്യേകിച്ചും ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്. പിന്നെ ചെയ്യാനുള്ളത് പൌരന്മാരെ വാങ്ങാൻ പ്രാപ്തരാക്കാതിരിക്കുക എന്നതാണ്. നാളെ ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ ഊർജ്ജ ഉപരോധം ഏർപ്പെടുത്തില്ല എന്ന് ആരുകണ്ടു.

ഇന്ത്യ ഇന്ധന ഉപഭോഗത്തിൽ വളരെ മുൻപന്തിയിലുള്ള രാജ്യമാണ്. ആളോഹരി ഉപഭോഗം നോക്കുമ്പോൾ നാം അമേരിക്കയെക്കാൾ എത്രയോ പിന്നിലാണ്. അമേരിക്കയില് ആയിരം അമേരിക്കക്കാര്ക്ക് 950 കാറുകളുണ്ടെന്നാണ് കണക്ക്. ഇന്ത്യയില് ആയിരം പേര്ക്ക് 8.5 കാറേയുള്ളൂ. ടാറ്റയുടെ നാനോ വിപ്ലവം വന്നാലും അടുത്ത നൂറ് വർഷത്തിൽ നമുക്ക് അമേരിക്കയെ മറികടക്കാനുള്ള സാധ്യത വളരെ കുറവും. ഒബാമയോ അല്ലെങ്കിൽ മറ്റേതെങ്കിലും പാശ്ചാത്യനോ ഇത്തരത്തിലുള്ള സങ്കുചിത പ്രസ്ഥാവനകൾ നടത്തുമ്പോൾ നമ്മളുടെ ഭരണകർത്താക്കൾ ചെവിയിൽ പക്ഷിത്തൂവൽ തിരുകി ആത്മ നിർവൃതിയടയത്തെഉള്ളു, ആകുളിര് ഒരു സുഖം തന്നെയാണേ!!!

Explore posts in the same categories: രാഷ്ട്രീയം

2 Comments on “ജനാധിപത്യത്തിന്റെ പുത്തൻ വ്യാഖ്യാനങ്ങൾ സാമ്പത്തിക ശാസ്ത്രത്തിന്റെയും.”


  1. നാറുന്നതും മണക്കുന്നതും തിരിച്ചറിയാന്‍ കഴിയാത്തവരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് എത്രയോ വട്ടം
    തെളിയിച്ചിരിക്കുന്നു.ഒബാമയുടെ ഈ പ്രസ്താവന പ്രശംസയായിട്ടായിരിക്കും മന്മോഹന്‍ സിങ്ങും ശശിതരൂരും മറ്റും കരുതുന്നത്.എസ്. എം കൃഷ്ണ ആരോടു ചോദിച്ചിട്ടാണു ഇറാനില്‍ പോയതെന്നു ഒബാമ അച്ഛന്‍ തിരക്കിയാല്‍ എന്തു മറുപടി കൊടുക്കും എന്ന് വേവലാതി പൂണ്ടിരിക്കയാകും പാവം സിങ്ജി.നമുക്ക് ട്രയിനും കറണ്ടും ഒക്കെ കിട്ടിയത് ഇംഗ്ലീഷുകാര്‍ ഇവിടെ വന്നതുകൊണ്ടാണെന്ന് പണ്ട് ബ്രിട്ടനില്‍ പോയി കുമ്പസാരിച്ച സിങ്ങ്, സായിപ്പിനെതിരേ ശബ്ദിക്കുമോ?

    -ദത്തന്‍

  2. വീ.കെ.ബാല Says:

    ദത്തൻ ജീ താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. വായനയ്ക്കും പ്രസക്തമായ കമന്റിനും നന്ദി. അമേരിക്കയുടെ ഇടപെടൽ നമ്മുടെ സാങ്കേതിക വളർച്ചയെ പലഘട്ടത്തിലും പിന്നോട്ടടിച്ചിട്ടുണ്ട്. ക്രയോജനിക്ക് എഞ്ചിന്റെ നിർമ്മാണത്തിന് നമുക്ക് 20 വർഷമാണ് ചിലവാക്കേണ്ടി വന്നത്. റഷ്യയുടെ സഹായത്തിൽ 20 വർഷം മുൻപ് നാം നേടേണ്ടത് അമേരിക്കയുടെ സ്നേഹ വാത്സല്ല്യത്താൽ കഴിഞ്ഞില്ല. പിന്നെയും അമേരിക്കകാരൻ ദേശീയഗാനം ആലപിക്കുമ്പോലെ നമ്മളും ആലപിക്കണം, അമെരിക്കയുടെ സഹായത്തിന് വേണ്ടി നാം പല വിട്ടു “വീഴ്ച്ച” യ്ക്കും തയ്യാറാവണം എന്ന് പറയുന്ന ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിന്റെ ഗതികേടെ!!!!!


Leave a comment